ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ വിദ്യാര്‍ഥികള്‍ക്ക് സുതാര്യ വ്യവസ്ഥയില്‍ വായ്പ നല്‍കുന്നു
തേഞ്ഞിപ്പലം: വിദ്യാര്‍ഥികളുടെ പഠന ചെലവിനായി കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കാന്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിതനായ എ.പി അബ്ദുല്‍ വഹാബിന് ജന്മനാടായ ചേളാരിയില്‍ തേഞ്ഞിപ്പലം പൗലാവലിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണയോഗത്തിലാണ് ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാഭ്യാസ ആവശ്യത്തിനായി മൂന്ന് ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുക. സ്റ്റുഡന്‍സ് പ്ലസ് എന്ന പേരില്‍ അനുവദിക്കുന്ന ഈ വായ്പ പഠനം പൂര്‍ത്തിയായശേഷം ജോലിയില്‍ കയറി തിരിച്ചടച്ച് തുടങ്ങിയാല്‍ മതി. പഠനാവശ്യങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കാന്‍ രക്ഷിതാക്കള്‍ക്കും പാരന്റ് പ്ലസ് എന്ന വായ്പ നല്‍കും.
തൊഴില്‍ സംരംഭകര്‍ക്കായി ന്യൂനപക്ഷങ്ങള്‍ക്കൊപ്പം മറ്റുള്ളവര്‍ക്കുകൂടി സഹായവും പരിശീലനവും നല്‍കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തി തൊഴില്‍ സംരംഭകര്‍ക്ക് പരിശീലനം നല്‍കും. സ്ത്രീകള്‍ക്കായി മൈക്രോഫിനാന്‍സിലൂടെ സ്വയംതൊഴില്‍ സംരംഭത്തിന് ഒരുലക്ഷം രൂപവരെ വായ്പ നല്‍കുമെന്നും വഹാബ് അറിയിച്ചു. മദ്‌റസാ അധ്യാപകര്‍ക്കുള്ള വായ്പാ പദ്ധതി കാര്യക്ഷമമാക്കും. ഭവന നിര്‍മാണത്തിന് മദ്‌റസ അധ്യാപകര്‍ക്ക് രണ്ടര ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കും.
ക്ഷേമനിധിയില്‍ അംഗമായി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ മദ്‌റസ അധ്യാപകരുടെ വീട് നിര്‍മാണത്തിനും വീടിന്റെ പുനര്‍നിര്‍മാണത്തിനും വീട് റിപ്പയറിങിനുമായാണ് രണ്ടര ലക്ഷം രൂപ പലിശരഹിത വായ്പയായി നല്‍കുക. സെപ്റ്റംബര്‍ 24 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."