ഫലസ്തീനോട് ഐക്യദാർഢ്യം; ഷാർജയിൽ ഇത്തവണ പുതുവർഷാഘോഷത്തിനും വെടിക്കെട്ടിനും നിരോധനം
ഫലസ്തീനോട് ഐക്യദാർഢ്യം; ഷാർജയിൽ ഇത്തവണ പുതുവർഷാഘോഷത്തിനും വെടിക്കെട്ടിനും നിരോധനം
ഷാർജ: ഷാർജയിൽ ഈ പുതുവർഷ രാവിൽ പടക്കം പൊട്ടിക്കുകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യില്ല. പുതുവർഷ രാവിൽ എമിറേറ്റിൽ നിരോധനാജ്ഞ ആയിരിക്കുമെന്ന് ഷാർജ പൊലിസ് അറിയിച്ചു. യുദ്ധത്തിൽ തകർന്ന ഫലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ സദുദ്ദേശത്തിൽ സഹകരിക്കണമെന്നും പൊലിസ് അറിയിച്ചു. ഉത്തരവ് ലംഘിച്ച് ആഘോഷങ്ങൾ നടത്തുന്ന നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
ഇസ്‌റാഈൽ ഫലസ്തീനിലെ സാധാരണ ജനങ്ങൾക്ക് മേൽ നടത്തുന്ന ക്രൂരതയിൽ ഇതുവരെ ഗസ്സ മുനമ്പിൽ 20,000-ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അവരിൽ എഴുപത് ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഹമാസിനെ നശിപ്പിക്കുന്നത് വരെ സമാധാനം ഉണ്ടാകില്ലെന്ന് ഇസ്‌റാഈൽ അടുത്തിടെ പറഞ്ഞതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഇസ്‌റാഈൽ ഉപരോധം പ്രാബല്യത്തിൽ വന്നതു മുതൽ, ഗസ്സയിലെ 2.4 ദശലക്ഷം ആളുകൾ വെള്ളം, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം അനുഭവിക്കുന്നുണ്ട്. പരിമിതമായ സഹായം മാത്രമേ പ്രദേശത്തേക്ക് പ്രവേശിക്കുന്നുള്ളൂ. യുഎൻ കണക്കുകൾ പ്രകാരം 1.9 ദശലക്ഷം ഗസ്സക്കാർ പലായനം ചെയ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."