മകളെ ശ്വാസം മുട്ടിച്ച് പുഴയില്‍ എറിഞ്ഞുകൊന്ന കേസ്; പിതാവ് സനു മോഹന്‍ കുറ്റക്കാരനെന്ന് കോടതി
മകളെ ശ്വാസം മുട്ടിച്ച് പുഴയില്‍ എറിഞ്ഞുകൊന്ന കേസ്; പിതാവ് സനു മോഹന്‍ കുറ്റക്കാരനെന്ന് കോടതി
കൊച്ചി: വൈഗ കൊലക്കേസില്‍ പിതാവ് സനു മോഹന്‍ കുറ്റക്കാരനെന്ന് കോടതി. 2021 മാര്‍ച്ച് 21 ന് മകള്‍ വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാര്‍പുഴയില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിലാണ് സനുമോഹനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. ശിക്ഷാ വിധിയില്‍ വാദം ഉച്ച കഴിഞ്ഞു നടക്കും. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്.
2021 മാര്‍ച്ചിലാണ് സനുമോഹനെയും, മകള്‍ വൈഗയെയും കാണാതായതായി കുടുംബം പൊലിസില്‍ പരാതി നല്‍കുന്നത്. ആലപ്പുഴയിലെ ഭാര്യ വീട്ടില്‍ നിന്നും ബന്ധുവിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് സനു മോഹന്‍ വൈഗയുമായി ഇറങ്ങിയത്. മാര്‍ച്ച് 22ന് മുട്ടാര്‍ പുഴയില്‍ വൈഗയുടെ മൃതദേഹം കണ്ടെത്തി. സനു മോഹനും പുഴയില്‍ ചാടി ആത്മഹത്യ ചെയ്‌തെന്ന ധാരണയില്‍ രണ്ട് ദിവസം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്ന ഇയാള്‍ മകളെ കൊന്ന് നാടുവിട്ടതായി പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ ഒരു മാസത്തിന് ശേഷം കര്‍ണാടകയിലെ കാര്‍വാറില്‍ വെച്ചാണ് സനു മോഹനെ അറസ്റ്റ് ചെയ്തത്.
പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും, ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മത മൊഴി. വിചാരണ വേളയില്‍ കോടതിയില്‍ വെച്ച് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടിയാണ് വൈഗ മരിച്ചതെന്നാണ് ഡോക്ടറുടെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."