മങ്കട അബ്ദുല്‍ അസീസ് മൗലവി പുരസ്‌കാരം പി. സുരേന്ദ്രന്
മലപ്പുറം: എം.ഇ.എസ് നേതാവായിരുന്ന പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവി സ്മാരക പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ പി.സുരേന്ദ്രന്.
എം.ഇ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഈ മാസം 28ന് അബ്ദുസ്സമദ് സമദാനി എം.പി സമ്മാനിക്കും. രണ്ടു വര്‍ഷത്തിലൊരിക്കലാണ് 'മങ്കട അബ്ദുല്‍ അസീസ് മൗലവി പുരസ്‌കാരം നല്‍കുന്നത്.
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ് പി.സുരേന്ദ്രന്‍. മുപ്പത്തിമൂന്നാമത് ഓടക്കുഴല്‍ പുരസ്‌കാരം അദ്ദേഹത്തിന്റെ ചൈനീസ് മാര്‍ക്കറ്റ് എന്ന ചെറുകഥാസമാഹാരത്തിനായിരുന്നു. കഥകളുടെ ആംഗലേയപരിഭാഷകള്‍ സണ്‍ഡേ ഹെറാള്‍ഡ്, ഇന്ത്യന്‍ ലിറ്ററേച്ചര്‍, എന്‍.ബി.ടി ആന്തോളജി, മലയാളം ലിറ്റററി സര്‍വേ, വേള്‍ഡ്വേ ക്ലാസിക് എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1961 നവംബര്‍ 4ന് മലപ്പുറം ജില്ലയിലെ പാപ്പിനിപ്പാറയില്‍ ജനിച്ചു. 1988ല്‍ കേരള സാഹിത്യ അക്കാദമിയുടെ സഹായത്തോടുകൂടി ദേവദാസി സമ്പ്രദായങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാരതത്തിന്റെ വിവിധപ്രദേശങ്ങളിലും, നേപ്പാളിലും നടത്തിയ യാത്രകളുടെ അനുഭവങ്ങള്‍ ലേഖനരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അധ്യാപകനായിരിക്കെ പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിരമിച്ചു.
ചന്ദ്രികയുടെ പിരിയോഡിക്കല്‍ എഡിറ്ററായിരുന്നു. പിരിയന്‍ ഗോവണി, ഭൂമിയുടെ നിലവിളി,ഹരിത വിദ്യാലയം, കറുത്ത പ്രാര്‍ത്ഥനകള്‍, ബര്‍മുഡ, അഭയാര്‍ത്ഥികളുടെ പൂന്തോട്ടം, മഹായാനം, സാമൂഹ്യപാഠം, മായാപുരാണം, കാവേരിയുടെ പുരുഷന്‍, ഗ്രീഷ്മമാപിനി, ജൈവം, ശൂന്യമനുഷ്യര്‍, ജൈവം തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."