യുവാക്കളുടെ ജീവനും ജീവിതവും പന്താടി ഓണ്‍ലൈന്‍ ഗെയിമുകള്‍ : കേരളാ പൊലിസും സൈബര്‍ പൊലിസും ഉണരാത്തതെന്ത് ?
കൗമാരക്കാരുള്‍പ്പെടെ യുവാക്കളുടെ ജീവനുകളെടുത്തും ജീവിതങ്ങള്‍ തകര്‍ത്തും ഓണ്‍ലൈന്‍ ഗെയിമുകളുടെ തേരോട്ടം നിര്‍ബാധം തുടരുമ്പോഴും ഉറക്കത്തിലാണ് കേരളാ പൊലിസും സൈബര്‍ പൊലിസും. മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമകളായതിനെ തുടര്‍ന്നുള്ള മാനസിക പ്രശ്‌നങ്ങളുടെ ഫലമായി സ്വയം ജീവനൊടുക്കുന്ന കൗമാരക്കാരുടെയും യുവാക്കളുടെയും എണ്ണം വര്‍ധിച്ചു വരികയാണ്. പലതും സാധാരണ മരണങ്ങളായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നത് പൊലിസിനും അധികൃതര്‍ക്കും നടപടികളിലേക്ക് കടക്കാതിരിക്കാനുള്ള കാരണങ്ങളായി. അപമാനം ഭയന്ന് മാതാപിതാക്കള്‍ വിഷയം പുറത്ത് പറയാതെയും കേസെടുക്കാതിരിക്കുകയും ചെയ്യുന്നതോടെ ഈ സാമൂഹിക വിപത്തിനെ വേണ്ടത്ര കരുതലോടെ സമീപിക്കാന്‍ സമൂഹം തയ്യാറാവുന്നില്ല.
ഇന്ന് കോട്ടയം ജില്ലയിലെ ഒരു നഗരത്തില്‍ കൗമാരക്കാരന്‍ ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ടതിന്റെ ഫലമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ്. മാതാപിതാക്കള്‍ വിദേശത്തുള്ള കുട്ടി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ടതിനെ കുറിച്ച് മറ്റ് ബന്ധുക്കള്‍ അറിയാതെ വന്നതാണ് ദുരന്തത്തിലേക്ക് വഴി വച്ചത്.
ഇത്തരത്തിലുള്ള മരണങ്ങള്‍ പോലും എണ്ണപ്പെടാതെ വരുമ്പോള്‍ ഗെയിമുകള്‍ക്ക് അടിമകളാക്കപ്പെട്ട യുവാക്കളിലുണ്ടാകുന്ന മാനസിക-ശാരീരിക പ്രശ്‌നങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്.
1500 രൂപക്ക് മൊബൈല്‍ ഗെയിമിനായി റീചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പിതാവ് വഴക്കു പറഞ്ഞതിനാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കട്ടപ്പനയില്‍ 14കാരന്‍ ജീവനൊടുക്കിയത് . കുട്ടിയുടെ ഫോണില്‍ റീചാര്‍ജ് വലിയ തുകയ്ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പിതാവ് ശകാരിച്ചത്.
തിരുവനന്തപുരത്ത് 29 കാരന്‍ ജീവനൊടുക്കിയത് ഓണ്‍ലൈന്‍ റമ്മി കളിച്ച് 22 ലക്ഷം രൂപ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തെ തുടര്‍ന്നാണ്.തിരുവനന്തപുരത്ത് തന്നെ കഴിഞ്ഞ മെയില്‍ 18 കാരന്‍ ജീവനൊടുക്കിയത് ഫ്രീ ഫയര്‍ ഗെയിമിന് അടിമയായതിന്റെ ഫലമായാണ്. ആത്മഹത്യക്ക് തൊട്ട് മുമ്പ് നാല് മണിക്കൂറോളം യുവാവ് ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഗെയിമുകള്‍ക്ക് അടിമപ്പെട്ടതോടെ മകന്റെ സ്വഭാവരീതിയില്‍ തന്നെ വലിയ മാറ്റങ്ങള്‍ വന്നിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. അനിയന്ത്രിതമായി ദേഷ്യപ്പെടുകയും വീട്ടുകാരുമായും നിരന്തരം കലഹിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
പബ്ജി നിരോധിക്കപ്പെട്ടതിന് പകരമായെത്തിയ ഫ്രീ ഫയര്‍ ഗെയിമുകള്‍ യുവാക്കളുടെയിടയില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് പ്രചാരമേറിയ ഗെയിമിന് ലോകമാകെ 80 മില്യണോളം ഉപഭോക്താക്കളാണുള്ളത്. നാലിനും 15നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ ദിവസേന 74 മിനിറ്റോളം ഫ്രീ ഫയര്‍ ഗെയിം കളിക്കാനായി ചിലവിടുന്നതായി പഠനം തെളിയിക്കുന്നു.
മാനസിക പിരിമുറുക്കം , ഉറക്കമില്ലായ്മ, വിഷാദരോഗം എന്നിവയ്ക്ക് പുറമേ ആത്മഹത്യപ്രവണതയും ഇത്തരം യുവാക്കളില്‍ കണ്ട് വരുന്നു. ഗെയിമുകള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതും ആത്മഹത്യയിലേക്ക് തള്ളി വിടുന്നതിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ഗെയിമുകളിലേക്ക് കുട്ടികളെ തളളി വിടുന്നതിന് കാരണമാകുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയം കഴിഞ്ഞും മൊബൈല്‍ ഫോണില്‍ തുടരുന്ന കുട്ടികളെ വിലക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നില്ല. പഠനത്തില്‍ ഇടപെടേണ്ടെന്ന കരുതിയാണ് ഇതെങ്കിലും കുട്ടികള്‍ അതൊരു അവസരമായി കാണുന്നു.ഒരു ദിവസം അഞ്ചു മണിക്കൂറിലധികം ഗെയിം കളിക്കുന്ന കുട്ടികള്‍ക്ക് ആത്മഹത്യയിലേക്ക് നയിക്കാവുന്ന തരത്തിലുള്ള മാനസിക-ശാരീരിക പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതകളേറെയാണ്.സ്‌കൂളുകള്‍ തുറക്കുന്നതോടെ കുട്ടികളെ ഗെയിമുകളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉദ്യമവുമായി ഇറങ്ങാനിരിക്കുകയാണ് കേരള പൊലിസ്. സ്‌കൂള്‍ അധികൃതരുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവി തലമുറയെ ഗുരുതരമായി ബാധിക്കുന്ന ഇത്ര ഗൗരവതരമായ വിഷയത്തില്‍ പരിഹാര മാര്‍ഗങ്ങളിലേക്ക് കടക്കാന്‍ സ്‌കൂള്‍ തുറക്കുന്നതിന് കാത്തിരിക്കേണ്ടിയിരിക്കുന്നോ എന്ന ചോദ്യമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."