ബീച്ചുകളില്‍ ഇനി വെളിച്ചം കണ്ണടയ്ക്കില്ല
തിരുവനന്തപുരം: ബീച്ചുകളില്‍ പ്രകൃതിദത്ത ഊര്‍ജമുപയോഗിച്ചുള്ള ലൈറ്റുകള്‍ വ്യാപകമാക്കാന്‍ കെ.എസ്.ഇ.ബിക്ക് പദ്ധതി. ഒരേസമയം കാറ്റ്-സൂര്യപ്രകാശം എന്നിവയില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിച്ച് സ്വയം പ്രകാശിക്കാന്‍ കഴിയുന്ന ലൈറ്റുകള്‍ സ്ഥാപിച്ചാണ് കടല്‍ത്തീരങ്ങളെ വിന്‍ഡ് ആന്റ് സോളാര്‍ ഹൈബ്രിഡ് സ്ട്രീറ്റ് ലൈറ്റ് ബീച്ചുകളാക്കുന്നത്. ഇതിനായി ഇന്നവേഷന്‍ എക്‌സ്പീരിയന്‍സ് കമ്പനി പദ്ധതിരേഖ സമര്‍പ്പിച്ചു. ആദ്യം തിരുവനന്തപുരത്തും രണ്ടാംഘട്ടം കോഴിക്കോട്ടുമാണ് പദ്ധതി നടപ്പാക്കുക. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് 30 ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി രേഖയാണ് സമര്‍പ്പിച്ചതെന്ന് ഇന്നവേഷന്‍ എക്‌സ്പീരിയന്‍സ് എം.ഡി. സുപ്രഭാതത്തോടു പറഞ്ഞു.
കോഴിക്കോട് പദ്ധതി നടപ്പാക്കാനായി ജില്ലാ ഭരണകൂടത്തിന് പദ്ധതിരേഖ സമര്‍പ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നൂറുലൈറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതിരേഖ നല്‍കിയിരിക്കുന്നത്. ഇത്തരം ലൈറ്റുകള്‍ സംസ്ഥാനത്തില്ല. സോളാര്‍ പാനല്‍ ലൈറ്റുകള്‍ മാത്രമാണുള്ളത്. ഒന്നരവര്‍ഷം മുന്‍പ് ശംഖുമുഖം ബീച്ചില്‍ പരീക്ഷണാര്‍ഥം വിന്‍ഡ് ആന്റ് സോളാര്‍ ഹൈബ്രിഡ് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. 200 വാട്ട് ശേഷിയുള്ള ഈ പാനല്‍ ഇപ്പോഴും പ്രകാശിക്കുന്നുണ്ട്. കേരള സയന്‍സ് ആന്റ് ടെക്‌നോളജിയാണ് പരീക്ഷണ പദ്ധതിക്ക് ഫണ്ടു നല്‍കിയത്.
രണ്ടുലക്ഷം രൂപയാണ് പരീക്ഷണ പദ്ധതിക്കു ചെലവായത്. കാറ്റില്‍ നിന്ന് 100 വാട്ടും സൂര്യപ്രകാശത്തില്‍ നിന്ന് 100 വാട്ടുമാണ് ഉല്‍പാദിപ്പിക്കുന്നത്. ഈ ഊര്‍ജം രണ്ടു ബാറ്ററികളില്‍ (12 വോള്‍ട്ട്, 26 ആമ്പിയറുള്ള)ശേഖരിച്ചുവയ്ക്കുന്നു. സൂര്യപ്രകാശം ഇല്ലാത്തപ്പോള്‍ കാറ്റിന്റെ ഊര്‍ജത്തിലും കാറ്റില്ലാത്തപ്പോള്‍ സൂര്യപ്രകാശത്തില്‍ നിന്നുള്ള ഊര്‍ജത്തിലും ഈ ലൈറ്റുകള്‍ അണയാതെ കത്തുമെന്നതാണ് പ്രത്യേകത. 24 വാട്ടിന്റെ ബള്‍ബാണ് പാനലില്‍ ഉപയോഗിച്ചിരിക്കുന്നത്. ആറുമീറ്റര്‍ ഉയരമാണ് പാനലിനുള്ളത്. പത്തുകിലോ ഭാരവുമുണ്ട്. നാല് ദളങ്ങളുള്ള കാറ്റാടിയുടെ പങ്കയ്ക്ക് ഒരുഡൈമീറ്ററാണുള്ളത്. പെര്‍മനന്റ് മാഗ്‌നറ്റ് ജനറേറ്ററാണ് കാറ്റാടിയുടെ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ഇതിന് 25 വര്‍ഷം കേടുകൂടാതെ പ്രവര്‍ത്തിക്കാനാകുമെന്നാണ് കണക്ക്. വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 75,000 രൂപയോളമേ ചെലവുള്ളൂ. 30 ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 20 മുതല്‍ 25 ലക്ഷം രൂപ വരെയാണ് ചെലവ് വരുന്നത്. കടലോരങ്ങളില്‍ സ്ഥാപിക്കുന്ന പാനലുകള്‍ ഉപ്പുകാറ്റടിച്ച് നശിച്ചുപോകാതിരിക്കാന്‍ ഫൈബര്‍കോട്ടിങ്ങോടെയാണ് നിര്‍മിക്കുന്നത്. പാനലുകള്‍ക്ക് അഞ്ചുവര്‍ഷത്തെ വാറന്റിയും കമ്പനി നല്‍കുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ റിന്യൂവല്‍ എനര്‍ജി വിഭാഗമാണ് ഈ പദ്ധതിക്ക് അനുമതി നല്‍കേണ്ടത്. പദ്ധതിരേഖ ലഭിക്കുന്ന മുറയ്ക്ക് ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ച് അനുമതി വാങ്ങുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."