HOME
DETAILS
MAL
ഒന്നാം പിണറായി സര്‍ക്കാരില്‍ വിദേശയാത്രകളില്‍ മുന്നില്‍ മുഖ്യമന്ത്രി 14 യാത്രകള്‍ക്ക് ചെലവ് 9.65 ലക്ഷം
backup
October 21 2021 | 05:10 AM
തിരുവനന്തപുരം: കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിദേശയാത്രകള്‍ നടത്തിയതിലും മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് 2016 ഓഗസ്റ്റ് മുതല്‍ 2019 ഡിസംബര്‍ വരെ കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാര്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി നടത്തിയ യാത്രകള്‍ക്ക് റീഇംബേഴ്‌സ്‌മെന്റ് തുകയായി 9.65 ലക്ഷം രൂപയാണ് അനുവദിച്ചത്. യാത്രക്കൂലി ഇനത്തില്‍ ആകെ ചെലവായത് 53.68 ലക്ഷം. കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവും കൂടുതല്‍ തിരിച്ചു ലഭിച്ചത്, 14.65 ലക്ഷം. ഔദ്യോഗികവും സ്വകാര്യവുമായ യാത്രകളടക്കം 2016 ഓഗസ്റ്റ് മുതല്‍ 2019 ഡിസംബര്‍ വരെ കഴിഞ്ഞ മന്ത്രിസഭയിലെ 17 മന്ത്രിമാര്‍ 27 വിദേശരാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ഔദ്യോഗിക യാത്രകളും രണ്ട് സ്വകാര്യ യാത്രകളുമടക്കം 14 തവണയാണ് മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത്.
അമേരിക്കയിലേക്കും യു.എ.ഇയിലേക്കുമായിരുന്നു മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രകള്‍. യു.എസിലേക്കുള്ള യാത്ര ചികിത്സാര്‍ത്ഥമായിരുന്നു. ശേഷിച്ച 12 ഔദ്യോഗിക യാത്രകള്‍ യു.എ.ഇ, യു.എസ്, ബഹ്‌റൈന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കായിരുന്നു. കടകംപള്ളി 13 തവണയാണ് വിദേശയാത്ര നടത്തിയത്. സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, വത്തിക്കാന്‍, യു.എസ്.എ, ബ്രിട്ടന്‍, കസാക്കിസ്ഥാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കടകംപള്ളിയുടെ യാത്ര. മന്ത്രിമാരായിരുന്ന എ.കെ ബാലന്‍, കെ.ടി ജലീല്‍, ടി.പി രാമകൃഷ്ണന്‍, കെ.കെ ശൈലജ, ജെ. മേഴ്‌സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, കെ. രാജു, എ.കെ ശശീന്ദ്രന്‍, ജി. സുധാകരന്‍, വി.എസ് സുനില്‍കുമാര്‍, ടി.എം തോമസ് ഐസക്, ഇ.പി ജയരാജന്‍, തോമസ് ചാണ്ടി, സി. രവീന്ദ്രനാഥ് എന്നിവരാണ് വിദേശയാത്ര നടത്തിയ മറ്റുള്ളവര്‍.
ഇവരില്‍ തോമസ് ചാണ്ടി, രവീന്ദ്രനാഥ്, മാത്യു ടി. തോമസ്, ചന്ദ്രശേഖരന്‍ എന്നിവര്‍ ഒന്നുവീതം വിദേശയാത്ര മാത്രമാണ് നടത്തിയത്. സുധാകരന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ രണ്ട് വിദേശയാത്രകള്‍ വീതം നടത്തി.
സ്വകാര്യ യാത്രകള്‍ മാത്രം നടത്തിയ മന്ത്രിമാരും കഴിഞ്ഞ മന്ത്രിസഭയിലുണ്ട്. സുനില്‍കുമാര്‍ ഇറ്റലി, യു.എ.ഇ, യു.എസ്.എ, ഒമാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും രാജു യു.എ.ഇ, ജര്‍മനി എന്നിവിടങ്ങളിലേക്കുമാണ് സ്വകാര്യ യാത്ര നടത്തിയത്. സുധാകരന്‍ ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി. ഒറ്റ വിദേശയാത്ര മാത്രം നടത്തിയ രവീന്ദ്രനാഥും ചന്ദ്രശേഖരനും യഥാക്രമം യു.എസ്, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് സ്വകാര്യ സന്ദര്‍ശനം നടത്തിയത്.
കെ. കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, പി. തിലോത്തമന്‍, എ.സി മൊയ്തീന്‍, എം.എം മണി എന്നിവര്‍ ഒരു വിദേശരാജ്യവും സന്ദര്‍ശിച്ചിട്ടില്ല. മന്ത്രിമാര്‍ക്ക് പ്രിയപ്പെട്ട രാജ്യം യു.എ.ഇയാണ്. മന്ത്രിമാര്‍ 28 തവണയാണ് യു.എ.ഇ സന്ദര്‍ശിച്ചത്. അമേരിക്ക (12), ബ്രിട്ടന്‍ (9) എന്നിങ്ങനെയാണ് തൊട്ടുപിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."