ദിമിത്രിയുടെ കിടിലന്‍ ഗോളിൽ മോഹന്‍ ബഗാന്റെ മോഹങ്ങൾ തച്ചുടച്ച്കൊമ്പൻമാർ
കൊൽക്കത്ത: ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ട മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി.ക്ക് ഒരു ഗോൾ ജയം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്റ്സിനെതിരെയാണ് കരുത്തരുടെ ജയം. ഇതോടെ പോയിൻ്റ് പട്ടികയിൽ തലപ്പത്തെത്തി. ദിമിത്രിയോസ് ഡയമന്റാക്കോസാണ് ഗോൾ നേടിയത്.
ഒൻപതാം മിനിറ്റിൽ ബോക്‌സിനുള്ളിൽവെച്ച് മോഹൻബഗാൻ പ്രതിരോധത്തെ കബളിപ്പിച്ച് പോസ്റ്റിൻ്റെ വലതുമൂലയിലേക്ക് ഉശിരൻ ഒരു ഷോട്ട്. ഡയമന്റാക്കോസിൻ്റെ ആ ഷോട്ടിൽ ബഗാൻ ഗോളി കെയ്ത്തിന് ഒന്നും ചെയ്യാനായില്ല. മൂന്ന് മോഹൻ ബഗാൻ കളിക്കാരെ മറികടന്നായിരുന്നു ഗോൾനേട്ടം. കളിയുടെ തുടക്കത്തിൽത്തന്നെ ബ്ലാസ്‌റ്റേഴ്സ് ആക്രമിച്ചാണ് കളിച്ചത്.
ആദ്യ ഗോൾ പിറക്കുന്നതിനു മുമ്പേതന്നെ മികച്ച രണ്ടവസരം ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല. ഒരു ഗോൾ വീണതോടെ മോഹൻ ബഗാനും ഉണർന്ന് കളിച്ചു. മൂർച്ചയുള്ള നീക്കങ്ങൾ ബഗാൻ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെയോ ഗോളി സച്ചിൻ സുരേഷിനെയോ മറികടക്കാൻ കഴിഞ്ഞില്ല.
രണ്ടാം പകുതിയിൽ ഇരു ടീമും കാര്യമായിത്തന്നെ ആക്രമിച്ചു കളിച്ചെങ്കിലും ഗോളുകൾ പിറന്നില്ല. ഇരുടീമുകൾക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. പക്ഷേ, ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. ബുധനാഴ്‌ചത്തെ ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഗോവയെ മറികടന്ന് ഒന്നാമതെത്തി. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."