HOME
DETAILS
MAL
ലേഖിംപൂര്‍: യോഗി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം
backup
October 21 2021 | 05:10 AM
ന്യൂഡല്‍ഹി: ലേഖിംപൂര്‍ കേസ് അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് അനുവദിക്കില്ലെന്ന് സുപ്രിംകോടതി. കേസ് അന്വേഷണം യു.പി പൊലിസ് വൈകിപ്പിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
എന്തുകൊണ്ടാണ് കേസില്‍ സാക്ഷികളുടെയെല്ലാം മൊഴി 164 പ്രകാരം രേഖപ്പെടുത്താതിരുന്നതെന്ന് യോഗി സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയോട് കോടതി ചോദിച്ചു.
ദസറ അവധിമൂലം കോടതി പ്രവര്‍ത്തിക്കാത്തത് കൊണ്ടായിരിക്കുമെന്നായിരുന്നു ഹരീഷ് സാല്‍വെയുടെ പ്രതികരണം. ക്രിമിനല്‍ക്കോടതികള്‍ അവധിയെടുക്കാറില്ലെന്ന് ബെഞ്ച് ഇതിന് മറുപടി നല്‍കി.
കുറ്റം നടന്ന രീതി പൊലിസ് പുനരാവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.പി സര്‍ക്കാരിനുവേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകന്‍ ഗരിമപ്രസാദ് ബോധിപ്പിച്ചെങ്കിലും, പുനരാവിഷ്‌കരിക്കുന്നതും മൊഴി രേഖപ്പെടുത്തുന്നതും രണ്ടും രണ്ടുകാര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സാക്ഷികളില്‍ ഭീഷണി നേരിടാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി അന്വേഷണ സംഘം അവര്‍ക്ക് സുരക്ഷ നല്‍കുകയും 164 പ്രകാരം വേഗത്തില്‍ മൊഴി രേഖപ്പെടുത്തുകയും വേണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി.
ഇതിനുപിന്നാലെ, കേസില്‍ ഇതുവരെ 10 പേര്‍ അറസ്റ്റിലായതായി ഹരീഷ് സാല്‍വെ ബോധിപ്പിച്ചു. കര്‍ഷകര്‍ക്കുനേരേ വാഹനമിടിച്ചു കയറ്റിയതിനും അതിന് പിന്നാലെ നടന്ന ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ടും രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാലുപേര്‍ പൊലിസ് കസ്റ്റഡിയിലും ആറുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുമാണെന്നും സാല്‍വെ വിശദീകരിച്ചപ്പോള്‍, ആറുപേരെക്കൂടി പൊലിസ് കസ്റ്റഡിയില്‍ വാങ്ങാതിരുന്നത് എന്തുകൊണ്ടാണെന്നായി കോടതി. പൊലിസ് കസ്റ്റഡിക്കുശേഷമാണ് അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതെന്നായിരുന്നു ഇതിന് സാല്‍വെയുടെ മറുപടി. കേസില്‍ ബാക്കിയുള്ള സാക്ഷികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും സാല്‍വെ വിശദീകരിച്ചു. തുടര്‍ന്ന് കേസ് ഈ മാസം 26ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."