'സംവിധാനം മെച്ചപ്പെടുത്തിയില്ല, കാലാവസ്ഥ മുന്നറിയിപ്പ് പരാജയം, സര്‍ക്കാറിനെ കൊണ്ട് പിന്നെ എന്ത് ആവശ്യം'; വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ്
കോട്ടയം: സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദുരന്തമേഖലകളില്‍ കൃത്യ സമയത്ത് അറിയിപ്പ് നല്‍കിയില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി. നദികളില്‍ വെള്ളം പൊങ്ങിയാല്‍ എവിടെയൊക്കെ വെള്ളം കയറുമെന്ന് സര്‍ക്കാര്‍ പഠിച്ചില്ലെന്നും സംവിധാനം മെച്ചപ്പെടുത്താന്‍ ഭരണകൂടത്തിന് സാധിച്ചില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തെക്ക് പടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ഒക്ടോബര്‍ 12ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിതീവ്ര മഴ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പില്‍ പറഞ്ഞിരുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിലുള്ള മെറ്റിയോറോളജി വിഭാഗം ഈ മുന്നറിയിപ്പ് പഠിച്ച് എവിടെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കേണ്ടതെന്ന് പറയണമായിരുന്നു- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോട്ടയം, ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശത്ത് ഉരുള്‍പൊട്ടല്‍ കൊടുനാശം വിതച്ച ശേഷം ഉച്ചക്ക് ഒരു മണിക്കാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. രാവിലെ 10 മണിക്കാണ് കൊക്കയാറില്‍ ഉരുള്‍പൊട്ടലുണ്ടായത്. അവിടെ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഒരു രക്ഷാപ്രവര്‍ത്തനവും നടന്നില്ല. പിറ്റേദിവസമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ജനപ്രതിനിധികള്‍ എത്തിയിട്ട് പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമോ ഉണ്ടായിരുന്നില്ല. പിന്നെ എന്ത് ആവശ്യമാണ് സര്‍ക്കാറിനെ കൊണ്ടുള്ളതെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
പ്രളയവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാല് അടിയന്തര പ്രമേയങ്ങള്‍ താന്‍ നിയമസഭയില്‍ കൊണ്ടുവന്നിരുന്നതായും സതീശന്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് തെറ്റ് ചൂണ്ടിക്കാണിക്കുന്നത് ഇഷ്ടമല്ല. അദ്ദേഹം സ്തുതിപാടകരുടെ നടുവിലാണ്. മോദിയുടെ അതേ രീതിയാണ് പിണറായിയുടേതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. പ്രതിപക്ഷം വിമര്‍ശിക്കുകയല്ലെന്നും സര്‍ക്കാര്‍ സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."