വിദേശ മെഡിക്കല്‍ പഠനം; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതിയ നിബന്ധനകള്‍
വിദേശ മെഡിക്കല്‍ പഠനം; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതിയ നിബന്ധനകള്‍
വിദേശ എം.ബി.ബി.എസ് പഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാലിക്കേണ്ട പുതിയ നിബന്ധനകള്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) വിജ്ഞാപനം ചെയ്തിരുന്നു. അതിലെ സംശയങ്ങള്‍ക്ക് പിന്നീട് വിശദീകരണവും നല്‍കി. യുക്രെയ്‌നില്‍ എം.ബി.ബി.എസ് പഠനം നിര്‍ത്തേണ്ടിവന്നവരുടെ കാര്യത്തില്‍ 2022 സെപ്റ്റംബര്‍ ആറിനും 15നും ഇക്കൊല്ലം നവംബര്‍ 22നും വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അവ ചുരുക്കത്തില്‍,
എ)കോവിഡോ, യുദ്ധമോ കാരണം വിദേശ എം.ബി.ബി.എസ് പഠനം നിര്‍ത്തി, മടങ്ങിയെത്തി ഇവിടെ പഠനവും പരീക്ഷയും ഓണ്‍ലൈനായി പൂര്‍ത്തിയാക്കിയ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍,
- വിദേശ പഠനത്തിലെ ഗ്യാപ്പ് നികത്താന്‍ ഇന്ത്യയില്‍ ഒരു വര്‍ഷത്തെ ക്ലിനിക്കല്‍ ക്ലാര്‍ക് ഷിപ്പ് നടത്തണമെന്നാണ് വ്യവസ്ഥ. ഇതിന് ഇന്ത്യയിലെ മെഡിക്കല്‍ കോളജിലോ, അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടിലോ പ്രതിമാസം 5000 രൂപയില്‍ കവിയാത്ത ഫീസടയ്‌ക്കേണ്ടതുണ്ട്.
- ക്ലാര്‍ക് ഷിപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം അതേ സ്ഥാപനത്തില്‍ റൊട്ടേറ്റിങ് ഇന്റേണ്‍ഷിപ്പ് ചെയ്യണം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിരക്കില്‍ സ്‌റ്റൈപ്പന്‍ഡ് കിട്ടും.
- സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും, മെഡിക്കല്‍ കൗണ്‍സിലും ചേര്‍ന്നായിരിക്കും വിദ്യാര്‍ഥികളെ ക്ലാര്‍ക്ഷിപ്പിനും ഇന്റേണ്‍ഷിപ്പിനും നിയോഗിക്കുക. ഇപ്പോള്‍ ഇന്റേണ്‍ഷിപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തുടരാം.
- ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക്, സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ബി) മേല്‍സൂചിപ്പിച്ച തരത്തില്‍ പഠനവും, പരീക്ഷയും ഓണ്‍ലൈനായി ഇവിടെ പൂര്‍ത്തിയാക്കിയവരില്‍, അവസാന വര്‍ഷത്തിന് തൊട്ടുമുമ്പുള്ള വര്‍ഷം (പെനള്‍ട്ടിമേറ്റ് ഇയര്‍) വരെ മാത്രം വിദേശ പഠനം പൂര്‍ത്തിയാക്കിയവര്‍:
- 2 വര്‍ഷം ക്ലിനിക്കല്‍ ക്ലാര്‍ക് ഷിപ്പില്‍ ഏര്‍പ്പെടണം. ഇതിന് 5000 രൂപയില്‍ കവിയാത്ത ഫീസടയ്ക്കണം.
- ക്ലാര്‍ക് ഷിപ്പിന് ശേഷം ഇന്റേണ്‍ഷിപ്പ് ചെയ്യാം. ഇതിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിരക്കില്‍ സ്‌റ്റൈപ്പന്‍ഡിനും അര്‍ഹതയുണ്ട്. ഇപ്പോള്‍ ഇന്റേണ്‍ഷിപ്പിലുള്ളവര്‍ക്ക് തുടരാം.
- ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാം.
സി) യുക്രെയ്‌നില്‍ പഠനം നിര്‍ത്തേണ്ടി വന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയൊഴികെയുള്ള രാജ്യങ്ങളിലെ തുടര്‍പഠനം.
- 2021 നവംബര്‍ 18ന് മുമ്പ് യുക്രെയ്‌നില്‍ എം.ബി.ബി.എസിന് ചേര്‍ന്നെങ്കിലും ഇടയ്ക്ക് പഠനം നിര്‍ത്തി മടങ്ങേണ്ടിവന്നവര്‍ക്ക് പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, ജോര്‍ജിയ, കസാഖിസ്ഥാന്‍, ലിത്വാനിയ, മാള്‍ഡോവ, സ്ലോവാക്യ, സ്‌പെയ്ന്‍, ഉസ്‌ബെക്കിസ്ഥാന്‍, യു.എസ്, ഇറ്റലി, ബെല്‍ജിയം, ഈജിപ്ത്, ലാത്വിയ, ബെലാറൂസ്, കിര്‍ഗിസ്ഥാന്‍, ഗ്രീസ്, സ്വീഡന്‍, റൊമേനിയ, ഇസ്രാഈല്‍, ഇറാന്‍, ബള്‍ഗേറിയ, ജര്‍മ്മനി, അസര്‍ബൈജാന്‍, ഹംഗറി, ക്രൊയേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ സര്‍വ്വകലാശാലയില്‍ പഠിച്ച് അവിടുത്തെ ബിരുദം നേടാം. മറ്റു രാജ്യങ്ങളിലെ ബിരുദം ഇവിടെ അംഗീകരിക്കില്ല. സ്‌പെഷ്യല്‍ കേസായുള്ള ഒറ്റത്തവണ സൗജന്യമാണിത്.
- 2021 നവംബര്‍ 18നോ അതിനു ശേഷമോ യുക്രെയ്‌നിലോ റഷ്യയിലോ ഇവിടത്തെ എംബിബിഎസിനു തുല്യമായ കോഴ്‌സില്‍ നേരിട്ടു ചേര്‍ന്നെങ്കിലും, യുദ്ധകാല ഒഴിപ്പിക്കല്‍ കാലത്ത് (26.02.2022 11.03.2022) വിട്ടുപോരേണ്ടിവന്നവര്‍ക്ക് ഇന്ത്യയൊഴികെ ഏതു രാജ്യത്തും എംബിബിഎസിനു തുടര്‍ന്നു പഠിച്ച്, അവിടത്തെ ബിരുദം നേടാം. 1, 2, 3 വര്‍ഷ ക്ലാസുകളില്‍ പഠിച്ചിരുന്നവര്‍ക്കുള്ള ഈ വിശേഷ അനുമതി 2024 മാര്‍ച്ച് 7ന് അവസാനിക്കും. 2022 മാര്‍ച്ച് 31ന് എങ്കിലും ഇന്ത്യയില്‍ തിരികെയെത്താത്തവര്‍ക്ക് ഈ സൗജന്യമില്ല.
ഡി) ബി.എസ് കോഴ്‌സിന്റെ അംഗീകാരം.
2021 നവംബര്‍ 18ന് ഫിലിപ്പീന്‍സിലെ ബിഎസ് കോഴ്‌സിനുള്ള അംഗീകാരം എന്‍എംസി പിന്‍വലിച്ചിരുന്നു. ആ തീയതിയില്‍ വിദേശ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിഎസ് കോഴ്‌സിനു നേരിട്ടുചെന്നു പഠിക്കുകയോ, പ്രവേശനം നേടി നില്‍ക്കുകയോ ആയിരുന്നവര്‍ 2002 ലെ സ്‌ക്രീനിങ് ടെസ്റ്റ് വ്യവസ്ഥകള്‍ പാലിക്കണം. 2021 ലെ വ്യവസ്ഥകളനുസരിച്ച് ഒരു വര്‍ഷം കൂടുതലായി ഇന്റേണ്‍ഷിപ് ചെയ്യുകയും വേണം.
ഇ) വിദേശത്ത് പഠിച്ചവരുടെ ഇന്ത്യയിലെ ഇന്റേണ്‍ഷിപ്പ്.
ക്ലിനിക്കല്‍ ക്ലാര്‍ക്ഷിപ്പിനും ഇന്റേണ്‍ഷിപ്പിനും ഇന്ത്യയിലെ പഴയ മെഡിക്കല്‍ കോളജുകളില്‍ 7.5% സീറ്റും പുതിയ മെഡിക്കല്‍ കോളജുകളില്‍ അവിടത്തെ വിദ്യാര്‍ഥികളില്ലാത്തതിനാല്‍ 100% സീറ്റും നീക്കിവയ്ക്കും.
എഫ്) വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റ്
- 2018, 2019 വര്‍ഷങ്ങളില്‍ കോടതിവിധിപ്രകാരം നീറ്റ്‌യുജി എഴുതാതെതന്നെ വിദേശത്ത് എംബിബിഎസിനു ചേരാന്‍ അനുമതി നല്‍കിയിരുന്നു. ഫിലിപ്പീന്‍സിലെ ബിഎസിനും മറ്റു രാജ്യങ്ങളിലെ പ്രീമെഡിക്കല്‍ ഭാഷാ കോഴ്‌സുകളിലും ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക്, പ്രായവും പ്ലസ്ടുവും സംബന്ധിച്ചുള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് വേണം. ഇതു കിട്ടാന്‍ 2023 ഡിസംബര്‍ 7ലെ വിജ്ഞാപനത്തിലുള്ള വ്യവസ്ഥകള്‍ പാലിച്ച് ഇപ്പോള്‍ അപേക്ഷ നല്‍കാം. ഇത് 2018, 2019 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയവര്‍ക്കുള്ള ഒറ്റത്തവണ ഇളവാണ്.
ജി) എം.ബി.ബി.എസ് നേടാനുള്ള കാലപരിധി
- വിദേശത്ത് എം.ബി.ബി.എസിനു ചേര്‍ന്ന തീയതി മുതല്‍ 10 വര്‍ഷത്തിനകം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം.
വിവരങ്ങള്‍ക്ക്: www.nmc.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് 'whats new' എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."