'കേട്ടാലറയ്ക്കുന്ന തെറിവിളി, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിയും': എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ എ.ഐ.എസ്.എഫ് വനിതാ നേതാവ്
കൊച്ചി: എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി എ.ഐ.എസ്.എഫ് വനിതാ നേതാവ്. കേട്ടാലറയ്ക്കുന്ന തെറിവിളിച്ചെന്നും ദേഹത്ത് കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എ.ഐ.എസ്.എഫ് വനിതാ നേതാവ് പരാതിപ്പെട്ടു. എസ്.എഫ്.ഐ എറണാകുളം ജില്ലാ നേതാക്കളായ ആര്‍ഷോ, അമല്‍, പ്രജിത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എതിരെയാണ് പരാതി.
എം.ജി യൂനിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനു പിന്നാലെയാണ് പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പെണ്‍കുട്ടി രൂക്ഷ ഭാഷയില്‍ പ്രതികരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
'കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് ദേഹത്ത് കടന്നുപിടിച്ചു. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വസ്ത്രം വലിച്ചു കീറാനുള്ള ശ്രമം നടന്നു. തലയ്ക്കു പുറകിലും കഴുത്തിനു പുറകിലും അടിച്ചു. നടുവിന് ചവിട്ടി'- എ.ഐ.എസ്.എഫ് വനിതാ നേതാവ് പറഞ്ഞു.
മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ പാനലിന് എതിരെ എ.ഐ.എസ്.എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പിന് എത്തിയ എ.ഐ.എസ്.എഫ് നേതാക്കളെ ക്യാമ്പസിനുള്ളില്‍ വച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മന്ത്രി ആര്. ബിന്ദുവിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ എസ്.എഫ്.ഐ നേതാവ് കെ.എം അരുണും തങ്ങളെ മര്‍ദിക്കാനുണ്ടായിരുന്നു എന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."