'ഇറുപ്പവനും മലര്‍ ഗന്ധമേകും'
ഹനീഫ് റഹ്മാനി പനങ്ങാങ്ങര
സിനിമകളാണെങ്കിലും ഡ്രാമകളാണെങ്കിലും വില്ലന്‍ കഥാപാത്രങ്ങളില്ലെങ്കില്‍ ഒരു ത്രില്ല് ഇല്ലെന്ന മാനസികാവസ്ഥ പൊതുവെയുണ്ട്. എന്നാല്‍ അഭ്രപാളികള്‍ക്കിപ്പുറം ജീവിതത്തിലും നിക്ഷിപ്തതാല്‍പര്യങ്ങളാല്‍ ശത്രുവിനെ സൃഷ്ടിക്കുന്ന പ്രവണതകള്‍ വ്യാപകമാവുകയാണ്. കുട്ടികള്‍ കളിക്കുന്ന ഗെയിമുകളില്‍ തുടങ്ങി മുതിര്‍ന്നവരുടെ കൂട്ടായ്മകളില്‍ വരെ ഒരു പ്രതിയോഗിയെ രൂപപ്പെടുത്തി വകവരുത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്. ഇന്നിന്റെ കണ്ണാടിയെന്ന് വിശേഷിപ്പിക്കാവുന്ന സോഷ്യല്‍ മീഡിയ പരവിദ്വേഷത്തിന്റെയും പരിഹാസങ്ങളുടെയും കമ്പോളമാവുകയാണ്. അതുകൊണ്ടുതന്നെ, ദൈനംദിന സംഭാഷണങ്ങളില്‍ പോലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കനലുകളെരിയുന്നു. സാമൂഹിക വ്യവഹാരങ്ങളില്‍ ജാതിയും മതവും നോക്കുന്ന സ്ഥിതിവിശേഷമുണ്ടാകുന്നു. സൗഹാര്‍ദം കളിയാടിയിരുന്ന മുഖങ്ങളില്‍ സ്പര്‍ധയുടെ കരിനിഴല്‍ പടരുന്നു. സാംസ്‌കാരികമായി ഒരു സമൂഹത്തെ ശിഥിലമാക്കുവാനും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി വാക്‌പോരില്‍ നിന്ന് കൈയാങ്കളിയിലേക്ക് വഴിമാറി സ്വസ്ഥത തകര്‍ക്കാന്‍ ഇതില്‍പ്പരം വലിയ വിഷമരുന്നില്ല.
അന്തിമയങ്ങാനുള്ള പുരയിടംപോലും മലവെള്ളപ്പാച്ചിലില്‍ തങ്ങളെയുംകൊണ്ട് കുത്തിയൊലിച്ചുപോകുമോ എന്ന് ഭയക്കേണ്ടുന്ന മുന്നറിയിപ്പുകള്‍ക്കിടയിലും വെറുപ്പിന്റെ വിത്തുവിതയ്ക്കാനാണ് പലരും ശ്രമിക്കുന്നത്. കൂടുതല്‍ ചേര്‍ന്നുനില്‍ക്കാനും ചേര്‍ത്തുപിടിക്കാനും കാരണങ്ങള്‍ ഏറെ സൃഷ്ടിച്ച് ഓരോ രാപ്പകലും വ്യത്യസ്ത ദുരന്തങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതിനിടയിലും മതവും ജാതിയും പറഞ്ഞ് കലഹിക്കുന്ന സാഹചര്യമുണ്ടാകുന്നത് എന്തോരം കഷ്ടമാണ്. തനിക്കുണ്ടെന്ന് കരുതുന്നതൊക്കയും ഒരു വെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ച് പോകുമ്പോള്‍ സ്‌നേഹ സൗഹാര്‍ദങ്ങളുടെ കരുതലുകള്‍ മാത്രമാണ് അവിടെ സ്വര്‍ഗം പണിയുക.
അമേരിക്കയില്‍ 1968ല്‍ ജയ്ന്‍ ഏലിയറ്റ് എന്ന അധ്യാപിക ഒരു പരീക്ഷണം നടത്തി. തന്റെ സ്‌കൂളില്‍ ക്ലാസിലെ കുട്ടികളുടെ കണ്ണുകളുടെ കളറിന നുസരിച്ച് നീലക്കണ്ണുള്ളവരും ബ്രൗണ്‍ കണ്ണുള്ളവരുമായി തരം തിരിച്ചു. ചില ശാസ്ത്രീയ വിശദീകരണങ്ങളിലൂടെ ബ്രൗണ്‍ കണ്ണുള്ളവര്‍ നീലക്കണ്ണുള്ളവരേക്കാള്‍ ബുദ്ധിയും കഴിവുമുള്ളവരാണെന്ന് സ്ഥാപിച്ചു. കുട്ടികള്‍ക്കിടയില്‍ രണ്ട് ഗ്രൂപ്പ് രൂപപ്പെട്ടു. നീലക്കണ്ണുള്ളവര്‍ എല്ലാ കാര്യത്തിലും തരംതാഴ്ത്തപ്പെട്ടു. മുമ്പ് നല്ല പ്രകടനം കാഴ്ചവച്ചിരുന്ന നീലക്കണ്ണുള്ള കുട്ടികള്‍ പോലും ഉത്തരങ്ങളും കണക്കുകളും തെറ്റിച്ചുതുടങ്ങി. 'നീലക്കണ്ണന്‍' എന്ന വിളിപോലും ഒരു അപമാനമായി. ജന്‍മനാ കിട്ടിയ കഴിവുകളും അധ്യാപകന്റെ പിന്തുണയും അതിനാല്‍ അധികാരവും തങ്ങളുടെ കൂടെയാണെന്ന അഹങ്കാരം ബ്രൗണ്‍ കണ്ണന്‍മാര്‍ പ്രകടിപ്പിച്ചു. എന്തിലുമേതിലും ബ്രൗണ്‍ കണ്ണന്‍മാര്‍ നീലക്കണ്ണന്‍മാരെ കുറ്റപ്പെടുത്തിത്തുടങ്ങി. എണ്ണത്തില്‍ കുറവുള്ള നീലക്കണ്ണുള്ള കുട്ടികള്‍ ബ്രൗണ്‍ കുട്ടികളുടെ അടിയും തൊഴിയും വാങ്ങാന്‍ തുടങ്ങി. അടുത്ത ദിവസം ടീച്ചര്‍ രണ്ട് ഗ്രൂപ്പിന്റെയും റോളുകള്‍ നേരെ തിരിക്കുകയും ചെയ്തു. സാമൂഹിക മനശ്ശാസ്ത്ര പഠനത്തില്‍ നാഴികക്കല്ലായ ഒരു പരീക്ഷണമായി പിന്നീടിത് മാറി. ഒരു സമൂഹത്തില്‍ എത്ര എളുപ്പത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ കഴിയുമെന്നും ഈ വേര്‍തിരിവ് എത്ര കണ്ട് വിവേചനത്തിന് വഴിവയ്ക്കുമെന്നും വെറുപ്പെന്ന വികാരം വളര്‍ത്തുമെന്നും തെളിയിക്കപ്പെട്ടു.
വെറുപ്പ് മനുഷ്യമനസില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങളുമായി ബന്ധപ്പെടുത്തി ചില തിയറികളുണ്ട്. അതൊലൊന്നാണ് ഇന്‍ ഗ്രൂപ്പ് ഔട്ട് ഗ്രൂപ്പ് തിയറി (ഹെന്റി ടാജ്‌ഫെല്‍), പുറത്തുനിന്നുള്ള ഒരു സമൂഹത്തെ ഭയത്തോടെ വീക്ഷിക്കുമ്പോള്‍, അവര്‍ നമുക്ക് ഭീഷണിയാണെന്ന തോന്നലുണ്ടാകുമ്പോള്‍, സമക്കാര്‍ എന്ന് തോന്നുന്നവരുമായി ഐക്യത്തിലെത്തുകയും അവിടെ ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ തിയറി പ്രകാരം വെറുപ്പിന് രണ്ട് ഘടകങ്ങള്‍ ആവശ്യമാണ്. ഒന്ന്, സ്വന്തം സംഘത്തിനോടുള്ള സ്‌നേഹം, രണ്ട്, പുറത്ത് എന്ന് വിശ്വസിക്കുന്ന സംഘത്തോടുള്ള ദേഷ്യം. ഡാന ഷാരണ്‍ എന്ന സൈക്കോളജിസ്റ്റിന്റെ അഭിപ്രായത്തില്‍ മറ്റുള്ളവരോടുള്ള ഭയം യഥാര്‍ഥത്തില്‍ ഒരാള്‍ക്ക് അവനവനോട് തന്നെ ഉള്ളതാണ്. ഫ്രോയ്ഡ് സിദ്ധാന്തങ്ങളില്‍ ഊന്നിയുള്ള ഒരു ഡിഫന്‍സ് മെക്കാനിസത്തില്‍ പെടുന്നതാണിത്. നമുക്ക് താല്‍പ്പര്യമില്ലാത്ത നമ്മുടെതന്നെ സ്വഭാവരീതികള്‍ നമ്മള്‍ അംഗീകരിക്കാതിരിക്കുകയും ആ രീതി മറ്റുള്ളവരുടെ മേല്‍ ആരോപിക്കുകയും ചെയ്യുന്നതിനെ പ്രൊജക്ഷന്‍ എന്നാണ് ഫ്രോയ്ഡ് വിളിച്ചത്. അതായത് നമ്മുടെ ഉള്ളിലെ ചീത്ത ഭാവങ്ങളെ ഒരു സിനിമാസ്‌ക്രീനില്‍ എന്ന പോലെ മറ്റുള്ളവരില്‍ കാണുന്നു. സില്‍വിയ ഡറ്റ്ചവിസിയുടെ സിദ്ധാന്തപ്രകാരം വെറുപ്പിന്റെ ഉത്ഭവം ഒരാളുടെ സ്വന്തം മനസിലോ അയാളുടെ കുടുംബത്തിലോ മാത്രമല്ല അയാളുടെ സാമൂഹിക പരിതസ്ഥിതിയിലും രാഷ്ട്രീയപശ്ചാത്തലത്തിലും കൂടിയാണ്.
മറ്റേത് വികാരങ്ങളും പോലെ വെറുപ്പിന്റെ സമയത്തും മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങള്‍ ഉത്തേജിതമാകുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അത്ഭുതകരമായ കാര്യം സ്‌നേഹത്തിലും വെറുപ്പിലും തലച്ചോറില്‍ ഏതാണ്ട് ഒരേ ഭാഗങ്ങളാണ് ഉത്തേജിതമാകുന്നത്. പക്ഷേ വെറുപ്പില്‍ തലച്ചോറിലെ ഫ്രണ്ടല്‍ കോര്‍ട്ടക്‌സ് കൂടുതല്‍ ഉത്തേജിതമാകുന്നതായി കാണുന്നു. ഈ ഭാഗങ്ങള്‍ സ്‌നേഹത്തില്‍ ഒട്ടും ഉത്തേജിതമല്ല താനും. ഫ്രണ്ടല്‍ കോര്‍ട്ടക്‌സ് പൊതുവേ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും ആസൂത്രണം ചെയ്തവ പ്രാവര്‍ത്തികമാക്കാനുമാണ് ഉപയോഗിക്കപ്പെടുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. അതില്‍നിന്ന് മനസിലാവുന്നത് വെറുപ്പ് എന്നത് ഒരു നൈമിഷികമായ പ്രതികരണമല്ല, മറിച്ച് നേരത്തേ മസ്തിഷ്‌കത്തില്‍ നടത്തിവച്ച കണക്കുകൂട്ടലുകളുടെ ആകെത്തുകയുടെ പ്രതിഫലനമാണ്.
കാഴ്ചപ്പാടുകളിലെ വ്യതിരിക്തത നിലനില്‍ക്കെത്തന്നെ അന്യോന്യം ഉള്‍കൊള്ളാനും പരസ്പരബഹുമാനം കാത്തുസൂക്ഷിക്കാനും ശീലിച്ചവരാണ് കേരളീയര്‍. സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന ഒത്തൊരുമയുടെ സാമൂഹിക ചുറ്റുപാടില്‍ ഛിദ്രശക്തികള്‍ക്ക് വേരുപിടിക്കാന്‍ പാടുപെടേണ്ടി വരും. അവര്‍ക്ക് വേരോട്ടം കിട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്വേഷപ്രചാരണങ്ങള്‍ വഴി ആ സൗഹാര്‍ദാന്തരീക്ഷത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ അവര്‍ വ്യാമോഹിക്കുന്നു. ആസൂത്രിതമായ അതിന്റെ മുന്നൊരുക്കങ്ങളെന്നോണം ഇന്നലെകളുടെ ചരിത്രവായനയെ വികലമാക്കുന്നു. ഇല്ലാക്കഥകള്‍ മെനഞ്ഞുണ്ടാക്കി അവ ചരിത്രമായി അവതരിപ്പിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും വിഷലിപ്ത അസ്ത്രങ്ങളും ആരോപണങ്ങളുമൊക്കെയായി കണ്ണിലെണ്ണയൊഴിച്ച് തക്കം പാര്‍ത്തിരിക്കുന്നു.
ജീവിതംകൊണ്ട് സമൂഹത്തിന് വലിയ സന്ദേശം നല്‍കാന്‍ പ്രാപ്തിയുള്ളവനാണ് മനുഷ്യന്‍. മതത്തിന്റെയും ജാതിയുടെയും വേലികളില്ലാതെ ഒന്നായിനിന്ന് സുഖ ദുഃഖങ്ങളില്‍ പങ്കുകൊണ്ട് വളര്‍ത്തിയെടുത്ത ഈ സാമൂഹികസുസ്ഥിതി പ്രബുദ്ധരായ കേരളീയരുടെ മൊത്തം സംഭാവനയാണ്. മത, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളെപ്പോലെ സാധാരണ ജനങ്ങള്‍ക്കും അതില്‍ വലിയ പങ്കുണ്ട്. അത് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ബ്രിട്ടിഷുകാര്‍ തുടങ്ങിവച്ചതാണെങ്കിലും നൂറ്റാണ്ടിപ്പുറവും അവരുടെ 'പിന്മുറക്കാര്‍' ഒഴിയാബാധയായി സമൂഹത്തെ വേട്ടയാടുന്നുണ്ട്. അത് തിരിച്ചറിയാനും കൂടുതല്‍ ബലിഷ്ഠമായിതന്നെ ഒരുമയുടെ കൈകള്‍ ചേര്‍ത്തുപിടിക്കാനും ജാഗ്രത കാണിക്കേണ്ടതുണ്ട്.
'നല്ലതും ചീത്തയും തുല്യമാകില്ല. തിന്മയെ അത്യുത്തമമായതുകൊണ്ട് തടയുക. ഏതൊരു വ്യക്തിയും നീയും തമ്മില്‍ ശത്രുതയുണ്ടോ അതോടെ അവന്‍ ആത്മ മിത്രമായിത്തീരുന്നതാണ്. ക്ഷമാശീലര്‍ക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാവൂ. മഹാസൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്കുകയില്ല' (വി. ഖുര്‍ആന്‍, ഫുസ്സിലത്ത്: 34, 35). 'നിന്റെ കാര്യത്തില്‍ അല്ലാഹുവിനോട് എതിര് ചെയ്തവനു നീ നല്‍കുന്ന വലിയ ശിക്ഷ അവന്റെ കാര്യത്തില്‍ നീ അല്ലാഹുവിനെ അനുസരിക്കലാണെന്ന് ഉമര്‍ ബിനുല്‍ ഖത്വാബ് (റ). നിന്നോട് ഉപദ്രവം ചെയ്തവനോട് നീ കാണിക്കുന്ന കാരുണ്യം നിന്നെ സ്‌നേഹിക്കാന്‍ അവനെ നിര്‍ബന്ധിതനാക്കും. നിന്റെ പകയെ നിയന്ത്രിച്ച് നിര്‍വീര്യമാക്കുന്നതിലൂടെ ശത്രുവിന്റെ വിരോധമാണ് നീ പിടിച്ചുകെട്ടുന്നത്. അത് വന്‍ വിജയവും വമ്പിച്ച പ്രതിഫലാര്‍ഹവുമാണ്. വലിയ ബുദ്ധിജീവികളുടെ ഉത്കൃഷ്ട ഗുണവുമാണ്'. അവര്‍ തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുന്നു. പരലോകത്ത് ശോഭനപര്യവസാനമാണ് അവര്‍ക്കുള്ളത്' (അര്‍റഅ്ദ്: 22). വിവേകികള്‍ പരിസരലോകത്തിന്റെ അപശബ്ദങ്ങളിലും അവഹേളനങ്ങളിലും മനസ്സുടക്കില്ല. തിന്മകളുടെ ലോകത്തുനിന്ന് പരിമളം പരക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല. 'കരുണാമയനായ അല്ലാഹുവിന്റെ ദാസന്‍മാര്‍ വിനയാന്വിതരായി ഭൂമിയില്‍ സഞ്ചരിക്കുന്നവരും അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപൂര്‍വം പ്രതികരിക്കുന്നവരുമാകുന്നു' (അല്‍ ഫുര്‍ഖാന്‍: 63). സംസ്‌കാരശൂന്യനു നീ വിധേയനായാല്‍ അവനൊന്നും പറഞ്ഞില്ലെന്നും നീയൊന്നും കേട്ടില്ലെന്നും നടിക്കലാവും ഉചിതം. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കണമെന്ന പ്രോത്സാഹനവും പ്രചോദനവും ലോക ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതി. പക പുകയേണ്ടിടത്ത് സൗഹൃദം തളിരിട്ടു. ഇറുപ്പവനും മലര്‍ ഗന്ധമേകുമെന്നതിന്റെ പൊരുളില്‍ അവനവന്‍ ഒരു റോസാപ്പൂവിന്റെ സൗഗന്ധികമെങ്കിലും പകരാന്‍ കൊതിച്ചു.
പള്ളിയിലേക്കിറങ്ങിയതായിരുന്നു ഒരു സൂഫിവര്യന്‍. വഴിക്കുവച്ച് തന്നെ ഒരാള്‍ ശകാരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. അവനെ അംഗീകരിച്ചതിന് പിറകെ ആവശ്യം ആരാഞ്ഞു. 1,000 ദിര്‍ഹം നല്‍കുകയും തന്റെ വസ്ത്രം പുതപ്പിക്കുകയും ചെയ്തു. രോഷം പൂണ്ടവന്‍ അങ്ങനെ സ്തുതിപാഠകനായി. ഒരാള്‍ തന്റെ ബന്ധുവിനെ ചീത്ത പറഞ്ഞപ്പോള്‍ ലഭിച്ച പ്രതികരണം ഇങ്ങനെയായിരുന്നു. 'നീ പറയുന്നത് സത്യമാണെങ്കില്‍ അല്ലാഹു എനിക്ക് പൊറുത്തു തരട്ടെ. നീ പറയുന്നത് കളവെങ്കില്‍ അല്ലാഹു നിനക്ക് പൊറുത്തു തരട്ടെ'.
അനുചരന്മാരോടൊപ്പം കൂടിയിരിക്കെ നബി(സ്വ) പറഞ്ഞു: 'സ്വര്‍ഗാവകാശികളില്‍ പെട്ട ഒരാള്‍ ഇപ്പോള്‍ ഇതുവഴി കടന്നുവരും'. അന്‍സ്വാറുകളില്‍ പെട്ട ഒരു സ്വഹാബിവര്യനായിരുന്നു അങ്ങനെ കടന്നു വന്നത്. അബ്ദുല്ലാഹിബിന്‍ അംറു ബിനുല്‍ ആസ്വ്(റ) ആ സ്വഹാബിവര്യരെ അനുഗമിച്ചു. മൂന്നു രാത്രി അദ്ദേഹത്തോടൊപ്പം താമസിച്ചു. മറ്റുള്ളവര്‍ ചെയ്യുന്നതിലപ്പുറം വിശിഷ്ട കര്‍മങ്ങള്‍ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടില്ല. എന്നിരിക്കെ നബി (സ്വ)യില്‍നിന്ന് ഇങ്ങനെയൊരു സാക്ഷ്യം ലഭിക്കാന്‍ അവസരമൊരുക്കിയത് എന്തായിരിക്കാമെന്ന് തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ കണ്ടതില്‍ കൂടുതല്‍ ഞാനൊരു കര്‍മവും ചെയ്യുന്നില്ല. പക്ഷേ, എന്റെ മനസില്‍ ഒരാളോടും ഒട്ടും പകയില്ല. അസൂയയില്ല'(അഹ്മദ്).
വെറുപ്പുള്ളവരുടെ എണ്ണമനുസരിച്ച് കല്ലു ശേഖരിച്ച് വരാന്‍ വിദ്യാര്‍ഥികളോട് പറഞ്ഞ ഗുരുവിന്റെ കഥ വലിയ സന്ദേശമാണ് നല്‍കുന്നത്. വെറുപ്പ് മനസിന് ഭാരം കൂട്ടും. ഇരുട്ട് പരത്തും. സാംക്രമിക രോഗം കണക്കെ പടര്‍ന്നുപിടിക്കും. വെറുപ്പ് പേറുന്ന മനസുകള്‍ക്ക് കൂരിരുട്ടിന്റെ ക്രൗര്യമുണ്ട്. ഇരുട്ടിന് വെളിച്ചമാണ് പ്രതിവിധി. സ്‌നേഹത്തിന്റെ വെളിച്ചം പകര്‍ന്ന് കെടുത്തിക്കളയണം വെറുപ്പിന്റെ വിനാശസ്ഫുലിംഗങ്ങളെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."