ഡി.സി.സി പുനഃസംഘടനയെ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കും
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ച് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനൊരുങ്ങുന്നതിനിടെ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകാര്‍ ഒരുമിക്കുന്നു.
സംഘടനാ തെരഞ്ഞെടുപ്പിനായി അടുത്തമാസം ഒന്നു മുതല്‍ മെമ്പര്‍ഷിപ്പ് വിതരണവും അംഗത്വം പുതുക്കലും തുടങ്ങാനിരിക്കെ നാമനിര്‍ദേശത്തിലൂടെയുള്ള ഡി.സി.സി പുനഃസംഘടന അംഗീകരിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭാരവാഹിപ്പട്ടികയുടെ പ്രസക്തി നഷ്ടപ്പെട്ടു. പുതിയ ഡി.സി.സി അധ്യക്ഷര്‍ക്കൊപ്പം പഴയ ഭാരവാഹികള്‍ തന്നെ പ്രവര്‍ത്തിച്ചാല്‍ മതിയാകും.
കെ.പി.സി.സി ഭാരവാഹിപ്പട്ടികയെ എതിര്‍ക്കേണ്ടതില്ലെന്നും ഗ്രൂപ്പുകള്‍ കരുതുന്നു. പുതിയ നേതൃത്വത്തിനെതിരേ മത്സരിച്ച് ശക്തി തെളിയിക്കണമെന്ന പൊതുവികാരത്തില്‍ ഗ്രൂപ്പുകള്‍ എത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ സംഘടനാ തെരഞ്ഞെടുപ്പിനെ ഗൗരവമായാണ് ഗ്രൂപ്പുകള്‍ കാണുന്നത്.
ഗ്രൂപ്പുകളെ അപ്രസക്തമാക്കുന്ന വിധത്തിലുള്ള നീക്കങ്ങളുണ്ടായ സാഹചര്യത്തില്‍ നിലനില്‍പ്പിനു വേണ്ടി ഒന്നിച്ചുനില്‍ക്കും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ചു നീങ്ങുന്നത് തള്ളിക്കളയാനാവില്ലെന്നാണ് ഒരു പ്രമുഖ നേതാവ് പറഞ്ഞത്.
ഹൈക്കമാന്‍ഡ് എതിര്‍ക്കുകയാണെങ്കില്‍ താഴേത്തട്ടില്‍നിന്ന് തന്നെ മത്സരം തുടങ്ങാനാണ് തീരുമാനം. ഇതിനായി ഗ്രൂപ്പുകള്‍ ഒരുങ്ങും. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ മുമ്പത്തേക്കാളധികം ഗ്രൂപ്പ് ശക്തമാകും. സംഘടനാ തെരഞ്ഞെടുപ്പ് നടന്നാല്‍ പുതിയ കെ.പി.സി.സി അധ്യക്ഷന് വലിയ പിന്തുണ ലഭിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ഗ്രൂപ്പുകള്‍.
പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ മുമ്പ് അവസാനവട്ട ചര്‍ച്ച നടത്തിയില്ലെന്നും ഡി.സി.സി അധ്യക്ഷ നിയമനത്തിലെന്നപോലെ ഏകപക്ഷീയ നിലപാടാണ് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഇക്കാര്യത്തിലും സ്വീകരിക്കുന്നതെന്നും എ, ഐ ഗ്രൂപ്പുകള്‍ക്ക് പരാതിയുണ്ട്. ഇക്കാര്യം കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."