ആശങ്കയൊഴിഞ്ഞ് പെരിയാര്‍; ഒരാഴ്ച പെയ്താലും കരകവിയില്ല
കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് കടുത്ത ജാഗ്രതയിലായിരുന്ന പെരിയാറിന്റെ തീരത്ത് ആശങ്കയൊഴിഞ്ഞു. ഇനി ഒരാഴ്ച തീവ്രമഴ പെയ്താലും പെരിയാര്‍ കരകവിയുമെന്ന ആശങ്ക വേണ്ടെന്ന് ജലസേചന വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ ഇടമലയാര്‍ ഡാമും ഇടുക്കി ഡാമും ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കിയപ്പോള്‍ പെരിയാര്‍ കരകവിഞ്ഞൊഴുകാതിരിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ജലസേചന വകുപ്പാണ്. വകുപ്പിലെ ജീവനക്കാര്‍ ചെറുതോണി മുതല്‍ വടുതല, പറവൂര്‍ വരെ നിരീക്ഷണവുമായി ഒപ്പംനിന്നു.
ഓരോ മണിക്കൂറിലും ജലനിരപ്പ് വകുപ്പിന്റെ നേതൃത്വത്തില്‍ പുറത്തുവിട്ടിരുന്നു. മഴ കുറഞ്ഞു നിന്നതും കൃത്യമായ ആസൂത്രണവുമാണ് പെരിയാര്‍ കരകവിയാതിരിക്കാനുള്ള കാരണങ്ങളെന്ന് ജലസേചന വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആര്. ബാജി ചന്ദ്രന് പറഞ്ഞു. പുഴയിലേക്കൊഴുക്കിയ വെള്ളത്തിന്റെ അളവും കുറവായിരുന്നു. പുഴ കായലുമായി ചേരുന്ന ഭാഗങ്ങളിലെ തടസങ്ങള്‍ നീക്കി ഒഴുക്ക് കൂട്ടിയതും തുണയായി. ഇനി മഴ പെയ്താലും ഇടമലയാര്‍ ഡാമില്‍ സംഭരിക്കാനുള്ള ഇടമുണ്ട്. ഇടമലയാര്‍ ഡാമിലെ ഷട്ടറുകള്‍ താഴ്ത്തി പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കാം. അസാധാരണ അന്തരീക്ഷം വന്നാല്‍ മാത്രം ആശങ്കമതി. പെരിയാറില്‍ വെള്ളപ്പൊക്കമുണ്ടാകേണ്ട സാഹചര്യം നിലവിലില്ലെന്നും ബാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."