ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നില്ല
ബാസിത് ഹസന്‍
തൊടുപുഴ: ഇടുക്കി ഡാമില്‍ നിന്നും ജലമൊഴുക്കി 56 മണിക്കൂര്‍ പിന്നിടുമ്പോഴും ജലനിരപ്പ് കുറയുന്നില്ല. പുറത്തേക്ക് വിടുന്നതിന്റെ ഇരട്ടിയിലധികം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
മിനിറ്റില്‍ 63 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കുമ്പോള്‍ 1.3 കോടി ലിറ്ററാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. മിനിറ്റില്‍ 68.3 ലക്ഷം ലിറ്ററാണ് വൈദ്യുതി ഉല്‍പാദനത്തിനെടുക്കുന്നത്. ഇന്നലെ രാത്രി ഏഴ് മണിയിലെ കണക്കുപ്രകാരം 2398.32 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 94.51 ശതമാനമാണിത്. അതേസമയം ഇന്നലെ അണക്കെട്ടിന്റെ അപ്പര്‍ റൂള്‍ ലെവല്‍ 2399.31 അടിയിലേക്കും റെഡ് അലര്‍ട്ട് ലെവല്‍ 2398.31 അടിയിലേക്കും മാറി. ഇതോടെ ഓറഞ്ച് അലര്‍ട്ടിലേക്ക് മാറിയ അണക്കെട്ട് രാത്രിയോടെ വീണ്ടും റെഡ് അലര്‍ട്ട് ലെവലിലേക്കെത്തി.
ചൊവ്വാഴ്ച രാവിലെ 11 ന് ചെറുതോണി അണക്കെട്ട് തുറക്കുമ്പോള്‍ 2398.08 അടിയായിരുന്നു ജലനിരപ്പ്. പിന്നാലെ അല്‍പം കൂടിയെങ്കിലും ബുധനാഴ്ച രാവിലെ കുറഞ്ഞ് 2398.04 അടിയിലെത്തിയിരുന്നു. മഴ ശക്തമായതോടെ വീണ്ടും ഉയര്‍ന്ന് ഇന്നലെ രാവിലെ 2398.16 അടിയെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതി ഉല്‍പാദനം 15 ദശലക്ഷം യൂനിറ്റിന് അടുത്താണ്. മണിക്കൂറില്‍ 6.17 ലക്ഷം യൂനിറ്റ് വൈദ്യുതി നിലവില്‍ മൂലമറ്റത്ത് ഉല്‍പാദിപ്പിക്കുന്നുണ്ട്. ഒരു ജനറേറ്ററിന്റെ തകരാര്‍ ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ട്രയല്‍ റണ്ണിനായി ബുധനാഴ്ച പ്രവര്‍ത്തിപ്പിച്ചപ്പോള്‍ വലിയ വിറയല്‍ അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."