ഐ ഫോണിന് പകരം അലക്ക് സോപ്പ്; പണം തിരിച്ചുനല്‍കി ആമസോണ്‍
ആലുവ: ആപ്പിള്‍ ഐഫോണ്‍ ബുക്ക് ചെയ്ത നൂറുല്‍ അമീന് അലക്ക്സോപ്പ് ലഭിച്ച സംഭവത്തില്‍ തുക തിരികെ നല്കി തടിയൂരി ആമസോണ്‍.
70,900 രൂപയുടെ ഐഫോണ്‍ ആണ് തോട്ടമുഖം സ്വദേശി നൂറല്‍ അമീന് ആമസോണില്‍ ബുക്ക് ചെയ്തത്. ആമസോണ്‍ കാര്‍ഡ് വഴി പണവും അടച്ചു. ഡെലിവറി ബോയ് കൊണ്ടുവന്ന പാഴ്സല്‍ പൊട്ടിച്ചു നോക്കിയപ്പോള്‍ യഥാര്‍ത്ഥ ഫോണ്‍ കവറിനകത്ത് അലക്ക്സോപ്പും അഞ്ചുരൂപാ നാണയവും മാത്രം. ഡെലിവറി ബോയിയുടെ സാന്നിധ്യത്തില്‍ പായ്ക്കറ്റ് തുറക്കുന്നത് വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്കി. എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലിസ് സ്റ്റേഷന് പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആമസോണ്‍ അധികൃതരുമായും പൊലിസ് ബന്ധപ്പെട്ടു. നൂറുല്‍ അമീന് ലഭിച്ച ഒറിജിനല്‍ ഫോണ്‍ കവറില്‍ ഐ.എം.ഇ.ഐ നമ്പര്‍ ഉണ്ടായിരുന്നു. അതില്‍ നിന്ന് ഈ ഫോണ്‍ ജാര്‍ഖണ്ഡില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഒക്ടോബറിലാണ് ഫോണ്‍ ബുക്ക് ചെയ്തത്. ഫോണ്‍ വിതരണം ചെയ്യുന്ന ഡീലറുമായും അന്വേഷണസംഘം ബന്ധപ്പെട്ടു. അന്വേഷണം മുറുകുന്നതിനിടെ, ഫോണ്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ പണം തിരികെ നല്‍കാമെന്ന് ആമസോണ്‍ പൊലിസിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നൂറുല്‍ അമീന്റെ അക്കൗണ്ടില്‍ പണം എത്തി. സൈബര്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ബി.ലത്തീഫ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ പി.എം തല്‍ഹത്ത്, സി.പി.ഒ ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."