മൂന്നു ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവച്ചു തളിപ്പറമ്പ് സി.പി.എമ്മില്‍ നേതൃത്വത്തിനെതിരേ പരസ്യപ്പോര്
തളിപ്പറമ്പ് (കണ്ണൂര്‍): തളിപ്പറമ്പില്‍ സി.പി.എം നേതൃത്വത്തിനെതിരേ പ്രകടനവും പോസ്റ്റര്‍പതിക്കലും നടന്നതിനു പിന്നാലെ തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ പരിധിയിലെ മൂന്ന്ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിക്കത്ത് നല്‍കി. മാന്തംകുണ്ട് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി ഡി.എം ബാബു, കിഴക്ക് ബ്രാഞ്ച് സെക്രട്ടറി സതീശന്‍, പുളിമ്പറമ്പ് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി കെ. മുകുന്ദന്‍ എന്നിവരാണ് ലോക്കല്‍ കമ്മറ്റിക്ക് രാജിക്കത്ത് നല്‍കിയത്. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരും പാര്‍ട്ടിവിരുദ്ധരായ ചിലരുമാണ് പ്രതിഷേധത്തിന് പിന്നിലെന്ന ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്റെ പ്രസ്താവനയുടെ മുനയൊടിക്കുന്നതാണ് ബ്രാഞ്ച് സെക്രട്ടറിമാരുടെ രാജി. ഒറ്റപ്പെട്ട പ്രതിഷേധമല്ല തളിപ്പറമ്പില്‍ നടക്കുന്നതെന്ന വിലയിരുത്തലിന്റെ ഭാഗമായി തല്‍ക്കാലം ആര്‍ക്കെതിരേയും നടപടിയെടുക്കേണ്ടെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയും അംഗീകരിച്ചു.
അതിനിടെ വയലാര്‍ സമരവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ആലപ്പുഴയില്‍ പോയ ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രനെതിരേ അണികള്‍ക്കിടയില്‍ രൂക്ഷ വിമര്‍ശനമുയരുന്നുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ ആര്‍ക്കും ആലപ്പുഴയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ലെന്നാണ് വിവരം.
തനിക്കെതിരേ ഉയര്‍ന്ന പ്രതിഷേധത്തില്‍ നിന്നു മാറിനില്‍ക്കാന്‍ കുടുംബസമേതം വിനോദസഞ്ചാരത്തിനു പോയതാണെന്നാണ് ലോക്കല്‍ സെക്രട്ടറിക്കെതിരേയുള്ള ആക്ഷേപം. സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രനെ സ്ഥാനത്തുനിന്ന് നീക്കുംവരെ പ്രതിഷേധം തുടരാനാണ് വിമതരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."