HOME
DETAILS
MAL
കുഞ്ഞ് എവിടെയെന്നറിയില്ലെന്ന് പൊലിസ്
backup
October 23 2021 | 03:10 AM
ഹേബിയസ് കോര്‍പസ് നല്‍കാന്‍ മാതാപിതാക്കള്‍
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞ് എവിടെയാണെന്നതില്‍ വ്യക്തതയില്ലെന്ന് പൊലിസ്. കുട്ടി എവിടെയുണ്ടെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും കുഞ്ഞിനെ കണ്ടെത്താനാണ് ശ്രമമെന്നുമാണ് പൊലിസിന്റെ വിശദീകരണം. അമ്മത്തൊട്ടിലില്‍നിന്ന് 2020 ഒക്ടോബര്‍ 22ന് രണ്ട് ആണ്‍കുട്ടികളെ കിട്ടിയതായി ശിശുക്ഷേമസമിതി പൊലിസിനെ അറിയിച്ചിരുന്നു. കുട്ടിയെ തന്റെ മാതാപിതാക്കള്‍ ശിശുക്ഷേമസമിതിക്കു നല്‍കിയെന്ന അനുപമയുടെ പരാതിയെത്തുടര്‍ന്ന് പൊലിസ് അയച്ച നോട്ടിസിന് മറുപടിയായാണ് സമിതി ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ അനുപമയുടെ കുഞ്ഞിനെ ഈ വര്‍ഷം ഓഗസ്റ്റ് ആദ്യയാഴ്ച ദത്തുനല്‍കിയതായി ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍.സുനന്ദ പറഞ്ഞിരുന്നു. കുട്ടി എവിടെയുണ്ട് എന്ന ചോദ്യത്തിനു വെളിപ്പെടുത്താന്‍ കഴിയില്ല എന്നാണ് മറുപടി ലഭിച്ചതെന്നു അന്വേഷണ ഉദ്യോഗസ്ഥനായ പേരൂര്‍ക്കട സി.ഐ പറയുന്നു. വെളിപ്പെടുത്താന്‍ നിയമതടസമുണ്ടെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയെ സമീപിക്കാനുമാണ് സമിതി പൊലിസിനോട് പറഞ്ഞത്. കുഞ്ഞിന്റെ വിവരങ്ങള്‍ ആരാഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്കും സ്റ്റേറ്റ് അഡോപ്ഷന്‍ റിസേര്‍ച്ച് ഏജന്‍സിക്കും കത്ത് നല്‍കാനാണ് പൊലിസിന്റെ തീരുമാനം. 2020 ഒക്ടോബര്‍ 19ന് കാട്ടാക്കടയിലെ ആശുപത്രിയിലാണ് അനുപമ ആണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. അതുകൊണ്ടുതന്നെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിനായി കാട്ടാക്കട പഞ്ചായത്തിനും ഇന്നലെ പൊലിസ് കത്ത് നല്‍കി.
കഴിഞ്ഞ ദിവസം അനുപമയുടെ പരാതിയില്‍ പിതാവും മാതാവും അടക്കം ആറു പേര്‍ക്കെതിരെ പേരൂര്‍ക്കട പൊലിസ് കേസെടുത്തിരുന്നു. എന്നാല്‍ ഇവരെ ഇതുവരെ ചോദ്യം ചെയ്യാന്‍ പൊലിസ് തയാറായിട്ടില്ല. ഇവരെ ചോദ്യം ചെയ്താല്‍ കുഞ്ഞിനെക്കുറിച്ച് വിശദമായ വിവരം ലഭിക്കുമെന്നാണ് അനുപമയും അജിത്കുമാറും പറയുന്നത്. കുഞ്ഞിനെ വിട്ടുകിട്ടാന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."