HOME
DETAILS
MAL
'ഞങ്ങള്‍ കടമെടുത്ത് സില്‍വര്‍ ലൈന്‍ വേണ്ട'
backup
October 23 2021 | 04:10 AM
ന്യൂഡല്‍ഹി: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാലു മണിക്കൂറില്‍ സഞ്ചരിക്കാവുന്ന സെമി ഹൈ സ്പീഡ് റെയില്‍വേ ലൈന്‍ (സില്‍വര്‍ ലൈന്‍) പദ്ധതി കുരുക്കിലേക്ക്.
പദ്ധതിക്കായി അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് സംസ്ഥാനം എടുക്കുന്ന വായ്പകളുടെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതോടെയാണിത്. പദ്ധതിക്കായുള്ള അന്തിമ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. സ്വപ്ന പദ്ധതിയുടെ സ്ഥലമേറ്റെടുപ്പുമായി സംസ്ഥാനം മുന്നോട്ടുപോകുന്നതിനിടെയാണ് പ്രതിസന്ധി.
പദ്ധതിയുടെ കടബാധ്യത സംസ്ഥാനത്തിന് ഏറ്റെടുക്കാന്‍ കഴിയുമോ എന്നും അങ്ങനെയെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും റെയില്‍വേ മന്ത്രി ചര്‍ച്ചയില്‍ നിര്‍ദേശിച്ചു.
ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയെ കൂടുതല്‍ പ്രായോഗികമാക്കാനുള്ള മാര്‍ഗങ്ങളാണ് റെയില്‍വേ മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കും.
പദ്ധതിക്ക് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ തുടരാന്‍ കേന്ദ്ര ധനമന്ത്രാലയവും അനുമതി നല്‍കിയിട്ടുണ്ട്. അന്തിമ അനുമതിക്കായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാനം റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്.
കൂടിക്കാഴ്ചയില്‍ രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ സൗരഭ് ജെയിന്‍, കെ. റെയില്‍ മാനേജിങ് ഡയരക്ടര്‍ കെ. അജിത് കുമാര്‍, സ്‌പെഷല്‍ ഓഫിസര്‍ വിജയകുമാര്‍, കേന്ദ്ര മന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."