നജ്‌റാനില്‍ ഹൂതി ആക്രമണം കനത്തു; യുദ്ധഭീതിയില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍
ജിദ്ദ: സഊദിയുടെ തെക്കേ അതിര്‍ത്തി മേഖലയായ നജ്‌റാനില്‍ ഹൂതി വിമതരും സഊദിയും തമ്മിലുള്ള ഷെല്ലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള പ്രവാസികള്‍ യുദ്ധഭീതിയിലും ആശങ്കയിലും. കഴിഞ്ഞദിവസം വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്നു വയസുള്ള സ്വദേശി കുഞ്ഞും ഒരു സഊദി സൈനികനും മരിച്ചിരുന്നു. മൂന്നു വിദേശികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നജ്‌റാനില്‍ രണ്ടിടത്താണ് ആക്രമണം നടന്നത്.
മൂന്നു വയസുകാരനായ യഹ്‌യയും ഒന്‍പതു വയസുള്ള സഹോദരനും വീട്ടുമുറ്റത്ത് കളിക്കുമ്പോളാണ് ഷെല്‍ വീണ് യഹ്‌യ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ നജ്‌റാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സമീപത്തുള്ള മൂന്നു വിദേശികള്‍ക്ക് പരുക്കേറ്റതായി നജ്‌റാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് ലെഫ്റ്റനന്റ് കേണല്‍ അലി ശഹ്‌റാനി പറഞ്ഞു. അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തിലാണ് രക്ഷാസൈനികന്‍ കൊല്ലപ്പെട്ടത്. സര്‍ജന്റ് അലി ബിന്‍ ഉബൈദ് അല്‍ നൂതൈഫത്ത് ആണ് മരിച്ചത്.
ഹൂതികളുടെ സൈനിക വാഹനങ്ങളും മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്തതായും ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം അഴിച്ചുവിടുന്ന ഹൂതി തീവ്രവാദികളെ നിലക്കുനിര്‍ത്തുമെന്നും നാഷണല്‍ മേജര്‍ മുഹമ്മദ് അല്‍ ഉമരി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. യമന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സഊദി അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. ഇപ്പോള്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ സുരക്ഷിതമാണെന്നും അതിര്‍ത്തിയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടിവരികയാണെങ്കില്‍ അതിനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതു കാര്യാലയങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, എണ്ണ കമ്പനികള്‍ എന്നിവയ്ക്ക് പ്രത്യേകം സംരക്ഷണമൊരുക്കിയിട്ടുണ്ട്. യമന്‍ അതിര്‍ത്തിയോടുചേര്‍ന്ന പ്രദേശങ്ങളില്‍ സേനയുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.
അതിര്‍ത്തി പ്രദേശങ്ങളായ നജ്‌റാന്‍, ജിസാന്‍, അസീറിലെ സാറാത്തബീദ്, ദഹ്‌റാന്‍ അല്‍ജനൂബ്, തഹാമ എന്നീ മേഖലകളിലാണ് ഹൂതി വിമതര്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ അതിര്‍ത്തിപ്രദേശത്തെ വൈദ്യുത നിലയത്തിലെ റിലേ സ്റ്റേഷന്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. എന്നാല്‍, ഈ സമയം തൊഴിലാളികള്‍ ജുമുഅ നിസ്‌കാരത്തിന് പള്ളിയില്‍ പോയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.
യമനിലെ ഔദ്യോഗിക സര്‍ക്കാരും ഹൂതി വിമതരും തമ്മില്‍ കുവൈത്തില്‍ നടന്ന അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് ആക്രമണം രൂക്ഷമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."