സമീഹ പാടുകയാണ് ഉള്‍ക്കാഴ്ചയുടെ സംഗീതത്തില്‍...
നസീര്‍ പള്ളിക്കല്‍
ഫോട്ടോ: എന്‍.എം കോയ പള്ളിക്കല്‍
ഗര്‍ഭാവസ്ഥയില്‍ തന്നെ ചെറിയ വൈകല്യമുണ്ടെന്ന് ഡോക്ടര്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും കാഴ്ചയില്ലാതെയാണ് കൊച്ചു സമീഹയുടെ പിറവി എന്നവര്‍ തിരിച്ചറിഞ്ഞിരുന്നില്ല. പ്രവാസിയായിരുന്ന പിതാവ് സിദ്ദീഖിന് തന്റെ പിഞ്ചു പൈതലിനു വേണ്ടി ഗള്‍ഫിലെ ജോലി ഒഴിവാക്കേണ്ടിവന്നു. തങ്ങളുടെ പൊന്നുമോളെയും കൊണ്ട് അവര്‍ കയറിയിറങ്ങാത്ത ആതുരാലയങ്ങളില്ല. പൊന്നുമോള്‍ക്ക് കാഴ്ചയുടെ സൗന്ദര്യമൊരുക്കാനുള്ള വാതിലുകളെല്ലാം മുട്ടിയെങ്കിലും പരാജയമായിരുന്നു.
കാതുകള്‍ കൊണ്ടാണ് അവള്‍ ലോകത്തെ കണ്ടത്. ചെവി കൂര്‍പ്പിച്ച് അവള്‍ എല്ലാം മനസിലാക്കിയെടുത്തു. സ്വരത്തിലും സംസാരത്തിലും മികവ് പുലര്‍ത്തി. പാട്ടും സംഗീതവും കളകളാ നാദവും കിളിമൊഴികളും യഥേഷ്ടം ആസ്വദിച്ചു. വീട്ടിലെ റേഡിയോയില്‍ വരുന്ന പാട്ടും സംഗീതവും കൊച്ചുസമീഹ സാകൂതം കേട്ടുകൊണ്ടിരുന്നു. ഇത് തിരിച്ചറിഞ്ഞ ഉമ്മ റൈഹാന ചില പാട്ടുകള്‍ പാടിക്കൊടുത്തു. സമീഹ അതെല്ലാം കേട്ട് പഠിച്ചു. മനോഹരമായി പാടാനും തുടങ്ങി. സമീഹ വളരുകയായിരുന്നു. അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ലെങ്കിലും കുടുംബം അവളെ വേണ്ടതുപോലെ കണ്ടുകൊണ്ടിരുന്നു. പാട്ടും സംഗീതവും കൊച്ചു സമീഹയുടെ കൊഞ്ചലും കൊണ്ട് അവരുടെ വീടായ ബൈത്തുല്‍ മുറാദില്‍ സന്തോഷം കളിയാടി.
സംഗീത സാന്ദ്രം
സമീഹക്ക് സ്‌കൂള്‍ കാലമായി. കോഴിക്കോട് കൊളത്തറ സ്‌പെഷ്യല്‍ സ്‌കൂളില്‍ അവളെ ചേര്‍ത്തു. അവിടെ വച്ച് തന്നെ മതപഠനവും തുടങ്ങി. ബ്രെയിന്‍ ലിപികള്‍ അവള്‍ സായത്തമാക്കി. പഠനത്തോടൊപ്പം ഉമ്മ റൈഹാന പകര്‍ന്നുകൊടുക്കുന്ന പാട്ടുകള്‍ അവള്‍ ബ്രെയിന്‍ ലിപിയില്‍ എഴുതുകയും പാടിത്തുടങ്ങുകയും ചെയ്തു. സമീഹയുടെ സംഗീതവാസന തിരിച്ചറിഞ്ഞ സ്‌കൂളിലെ സംഗീത അധ്യാപകരായ കരീം മാസ്റ്ററും സീനത്ത് ടീച്ചറും വേണ്ടുവോളം പ്രോത്സാഹനം നല്‍കിക്കൊണ്ടിരുന്നു. പിതാവിന്റെ സഹായവും മാതാവിന്റെ പിന്തുണയും അധ്യാപകരുടെ പ്രോത്സാഹനവും കൂടി ചേര്‍ന്നപ്പോള്‍ കൊച്ചു സമീഹ എന്ന ബേബി ആയിഷ സമീഹ ഒരു പാട്ടുകാരിയായി വളരുകയായിരുന്നു.
സമീഹ പാടുന്ന പാട്ടുകള്‍ പിതാവ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. നിരവധി ലൈക്കുകളും കമന്റുകളും ലഭിക്കുകയും, ചിലതൊക്കെ വൈറലാകുകയും ചെയ്തുകൊണ്ടിരുന്നു. വൈറലാകാറുള്ള സമീഹക്കും അവളുടെ പാട്ടുകള്‍ക്കും ആരാധകരും ആസ്വാദകരും വര്‍ധിച്ചുകൊണ്ടിരുന്നു. അബ്ദുസമദ് സമദാനിയുടെ സാന്നിധ്യം അറിയിച്ച സ്റ്റേജില്‍ പാടിയ ഹിന്ദി ഗാനം ഇന്ന് ഒരു കോടിയില്‍പരം ആളുകളും ആസ്വാദകരും കേട്ടുകഴിഞ്ഞു. ഏറ്റവും അവസാനം സമീഹ പാടിയ, ഉമ്മയെ കുറിച്ചുള്ള ഗാനം ഇന്നും വൈറലായി പറക്കുകയാണ്. വിവിധ പരിപാടികളില്‍ നിത്യസാന്നിധ്യമാണ് സമീഹയിന്ന്.
ഇതിനിടയില്‍ സമീഹക്ക് അല്‍പം പ്രാഥമിക സംഗീതപഠനം ആവശ്യമായി തോന്നി. ഇതിനുവേണ്ടി മഞ്ചേരി അഭിലാഷ് മാസ്റ്ററുടെ കീഴില്‍ അല്‍പകാലം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. ഒപ്പം നിസാര്‍ തൊടുപുഴയുടെ കീഴില്‍ ഓണ്‍ലൈന്‍ വഴിയും സമീഹ പാട്ടും സംഗീതവും പഠിച്ചു. ലളിത ഗാനവും മാപ്പിളപ്പാട്ടും തന്നെയാണ് സമീഹക്ക് ഏറെ താല്‍പര്യം. സ്‌കൂള്‍തല ലളിത ഗാന മാപ്പിളപ്പാട്ട് മത്സരങ്ങളില്‍ സമീഹക്ക് അടുത്തകാലം വരെ എതിരാളികള്‍ ഇല്ല എന്ന് തന്നെ പറയാം.
കുഞ്ഞുന്നാളിലെ
വലിയ നേട്ടങ്ങള്‍
സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാന തലത്തില്‍ പ്രശസ്ത കവി അബു കെന്‍സ (ഫൈസല്‍ കന്മനം) യുടെ വരികള്‍ക്കും മറ്റും ഒന്നാം സമ്മാനം നേടിയിട്ടുണ്ട് സമീഹ. മാപ്പിളപ്പാട്ട്, ലളിത ഗാനം, ദേശഭക്തി ഗാനം, അറബിക് പദ്യം, പെരുന്നാള്‍ ഗാനം, തക്ബീര്‍, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം തുടങ്ങി പല മത്സരങ്ങളിലും സമീഹ തന്റെ പ്രതിഭ തെളിയിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ പാരായണത്തിലും സമീഹ മികവ് തെളിയിച്ചിട്ടുണ്ട്. 2016- 17ല്‍ ഫറോക് ഉപജില്ല സോണല്‍ കാലാമേളയില്‍ ലളിത ഗാനം ഒന്നാം സ്ഥാനം, 2016ലും 2017ലും കോഴിക്കോട് ജില്ല ലോക വികലാംഗ ദിനാചരണത്തില്‍ ലളിത ഗാനം ഒന്നാം സ്ഥാനം, 2017ല്‍ കേരള ഫെഡറേഷന്‍ ഓഫ് ദ ബ്‌ളൈന്റ് സംസ്ഥാന തല കലാകായിക മത്സരത്തില്‍ മാപ്പിളപ്പാട്ട്, ലളിത ഗാനം എന്നിവയില്‍ ഒന്നാം സ്ഥാനം, 2016ല്‍ എബിലിറ്റി ഫെസ്റ്റ് ലളിത ഗാനം ഒന്നാം സ്ഥാനം... ഇങ്ങനെ പോകുന്നു സമീഹയുടെ നേട്ടങ്ങള്‍.
നിരവധി പുരസ്‌കാരങ്ങളും ഈ കൊച്ചു കലാകാരിയെ ഇതിനകം തേടിയെത്തി. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കെ.എം.കെ വെള്ളയില്‍ നയിക്കുന്ന ആള്‍ കേരള മാപ്പിള സംഗീത അക്കാദമി പുരസ്‌കാരം, ചെറുവണ്ണൂര്‍ ഷാജന്‍ പുരസ്‌കാരം, പ്രശസ്ത ഗായകന്‍ സി.വി.എ കുട്ടി ചെറുവാടിയുടെ ഒരുമ പാട്ട് കൂട്ടം എം.എസ് നസീം പുരസ്‌കാരം തുടങ്ങിയവ എടുത്തുപറയേണ്ടവയാണ്.
ഇന്ന് മലയാളത്തിലെ മിക്ക ടെലിവിഷന്‍ ചാനല്‍ സംഗീത പരിപാടികളിലും പ്രദേശിക കലാപരിപാടികളും നിറസാന്നിധ്യവും കഴിവും പ്രകടിപ്പിച്ച താരമാണ് സമീഹ. ദുബൈ, ഖത്തര്‍ റേഡിയോകളില്‍ അതിഥിയായും പങ്കെടുത്തിട്ടുണ്ട് ഈ കൊച്ചുനക്ഷത്രം. ഇതിനകം പ്രശസ്ത ഗാനരചയിതാക്കളായ പി.എ.ബി അച്ചനമ്പലം, സാഹിര്‍ മാളിയേക്കല്‍, അനസ് മാള, നസീര്‍ പള്ളിക്കല്‍ തുടങ്ങിയവരുടെ നിരവധി ഗാനങ്ങള്‍ പാടി റെക്കോര്‍ഡ് ചെയ്തു. വൈദ്യര്‍ സ്മാരകം പുറത്തിറക്കിയ ബ്രെയിന്‍ ലിപിയിലുള്ള ആദ്യ മാപ്പിളപ്പാട്ട് പുസ്തകം പ്രസിദ്ധീകരിക്കാന്‍ പ്രചോദനമായത് സമീഹയാണ്. സമീഹയുടെ വീട്ടിലെത്തി പാട്ടുപുസ്തകം നല്‍കിക്കൊണ്ടാണ് സ്മാരക സെക്രട്ടറി റസാഖ് പയമ്പ്രോട്ട് ഉദ്ഘാടനവും വിതരണവും നിര്‍വഹിച്ചത്.
കോഴിക്കോട്- മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ വൈദ്യരങ്ങാടി സ്വദേശി വി.പി സിദ്ദീഖ്- റൈഹാനത്ത് ദമ്പതികളുടെ നാല് മക്കളില്‍ ഏറ്റവും ഇളയ മകളാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ സമീഹ. കിയാസത്ത്, കല്‍ഫാാന്‍, സലാമ എന്നിവരും സമീഹയുടെ പാട്ടിനൊപ്പം മൂളുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."