ലഹരിവിരുദ്ധ നിയമം നമ്മുടെ മക്കളെ കുടുക്കും
ശേഖര്‍ ഗുപ്ത
മയക്കു മരുന്നിനെതിരേയുള്ള ഭയപ്പെടുത്തുന്ന യുദ്ധം മറ്റു പല ജനാധിപത്യരാഷ്ട്രങ്ങളിലും ശാന്തമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏകാധിപത്യ രാജ്യങ്ങളായ ഇറാനിലും ചൈനയിലും പിന്നെ തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യരാജ്യങ്ങളായ സിംഗപ്പൂരിലും മലേഷ്യയിലും മയക്കുമരുന്ന് വേട്ട പതിന്‍മടങ്ങ് വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യ അവിടെ അതിവിചിത്ര സാന്നിധ്യമാണ്. ആര്യന്‍ ഖാനെതിരേയുള്ള വൃത്തിക്കെട്ടതും ദുരന്തപൂര്‍ണവുമായ കേസ് അതാണ് അടിവരയിടുന്നത്. റിയ ചക്രബര്‍ത്തിയുമായി ബന്ധപ്പെട്ട് നടത്തിയ പകപോക്കലുകള്‍ പോലെ തന്നെയാണ് ഇതും.
ഞാന്‍ ആരെയും കുറ്റവാളിയാന്നോ നിരപരാധിയാന്നോ പ്രഖ്യാപിക്കുകയല്ല. നിര്‍ദയനിയമത്തിന്റെ കീഴില്‍ വരുന്ന, ഇനിയും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലാത്ത ഒരു കേസിലും പ്രത്യേകിച്ചും പ്രതികള്‍ കുറ്റവാളികളാണെന്ന അനുമാനത്തില്‍ ജഡ്ജി പോലും ഈ അവസരത്തില്‍ കുഴങ്ങുമ്പോള്‍ എനിക്കത് ചെയ്യാന്‍ ഒട്ടും ധൈര്യമില്ല. കുറ്റവാളിയെന്ന് തെളിയുന്നതുവരെ നിരപരാധി എന്ന തത്ത്വം നിലനില്‍ക്കുന്ന നിയമമാണിത്. പക്ഷേ ഇവിടെ നിരപരാധിയെന്നു തെളിയിക്കപ്പെടുന്നതുവരെ അപരാധിയെന്ന മട്ടാണ്. അതുകൊണ്ടാണ് ജാമ്യം പോലും നിഷേധിക്കപ്പെടുന്നത്. അതിനാലാണ് ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി പറഞ്ഞത്, ധൈര്യശാലിയായ ഒരു ജഡ്ജിക്ക് കാര്യങ്ങളെ നിയമത്തിനും മുകളില്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന ഒരാള്‍ വേണമെന്ന്. അങ്ങനെയാരാളെ നിങ്ങള്‍ കാണിച്ചുതരൂ. പ്രത്യേകിച്ചും ഇന്ത്യയിലെ വിചാരണ കോടതികളില്‍. സുപ്രിംകോടതിയില്‍ ഒരു ബെഞ്ചുണ്ട്, പേരറിയാത്ത ഇലക്ടറല്‍ ബോണ്ട് കേസിന്റെ വാദം കേള്‍ക്കാന്‍ തയാറെടുക്കുകയാണവര്‍.
നിയമവ്യവസ്ഥ ഒരു കഴുതയാണെന്ന് നമ്മള്‍ പറയും. എന്നിരുന്നാലും ഈ പ്രത്യേക നിയമം, നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോഫിക് സബ്സ്റ്റന്‍സ്(എന്‍.ഡി.പി.എസ്) ആക്റ്റ് പ്രാബല്യത്തില്‍ വന്നത് 1985ലാണ്. അത് സ്വയമേ ഒരു ജനുസ്സാണ്. അതായത് അസാധാരണവും നിര്‍ദയവും അപ്രായോഗികവും നിഷ്ഫലവും ചൂഷകാത്മകവും എപ്പോവേണമെങ്കിലും ദുരുപയോഗം ചെയ്യപ്പെടാവുന്നതുമാണെന്നര്‍ത്ഥം. നിയമം കഴുതയാണെങ്കില്‍ ഈ നിയമം കഴുതകള്‍ക്ക് ഒരു അപമാനമാണ്. ഇത് രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നതുതന്നെ ഗാലറിക്ക് വേണ്ടി കളിക്കാനാണ്. നാല് പതിറ്റാണ്ടുകള്‍ക്കിടയില്‍ നിരവധി തവണ പറഞ്ഞതുതന്നെ പറഞ്ഞും വെള്ളംചേര്‍ത്ത് പരുവപ്പെടുത്തിയിട്ടും ഈ നിയമം പൗരന്‍മാര്‍ക്ക് ദുരന്തവും അഴിമതിക്കാരായ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ആഗ്രഹിക്കുന്ന, പൊലിസുകാര്‍ക്ക് അനുഗ്രഹവും അഭിഭാഷകര്‍ക്ക് വലിയ സാമ്പത്തിക വഴിയും പാവം ജഡ്ജിമാര്‍ക്ക് വേദനയുമാണ്.
നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) ആര്യന്റെ പക്കല്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ല. റിയ ചക്രബര്‍ത്തിയുടെ കൈയില്‍ നിന്നും പിടിച്ചെടുത്തിട്ടില്ലായിരുന്നു. പക്ഷേ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതും അത് വാങ്ങാന്‍ താല്‍പ്പര്യമുള്ളതും മുന്‍കാല മരുന്നുപയോഗത്തെയുമൊക്കെ സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ അവര്‍ കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല, ആര്യനൊപ്പം പിടിയിലായ ഒരാളുടെ പക്കല്‍ മയക്കുമരുന്നുണ്ടായിരുന്നു. അതുകൊണ്ട് അവന്‍ ബോധപൂര്‍വം അത് കൈവശംവച്ചു എന്നാണ് എന്‍.സി.ബി പറയുന്നത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ സ്തബ്ധരാവും. എങ്ങനെയാണ് ഒരു ക്രിമിനല്‍ കുറ്റത്തില്‍ പരോക്ഷ ബാധ്യത നിലനില്‍ക്കുന്നത്. നിങ്ങള്‍ കൈകാര്യംചെയ്യുന്നത് വളരെ സാധാരണമായ ഒരു സംസ്‌കാരസമ്പന്നമായ നിയമത്തെയല്ല. ഈ നിയമത്തില്‍ ജാമ്യത്തിനുള്ള ഉപാധികളില്‍ ഒന്ന് കുറ്റംതെളിയിക്കാനുള്ള തെളിവുകള്‍ക്ക് പകരം നിരപരാധിത്വം തെളിയിക്കാനുള്ള തെളിവുകളാണ് ആവശ്യപ്പെടുന്നത്. ഈ നിയമം യു.എ.പി.എയെക്കാള്‍ ഭീകരമാണ്. ഒരുപക്ഷേ അതിന്റെ ആദ്യകാല അവതാരമായ ടാഡയെപ്പോലെതന്നെ, അത്രയ്ക്കും ഭീകരമല്ലെങ്കിലും.
1950കളുടെ മധ്യം മുതല്‍ 1970കള്‍ വരെയുള്ള കാലയളവില്‍ മനുഷ്യരാശിക്ക് കടുത്തഭീഷണിയായി രാജ്യങ്ങള്‍ കണ്ടത് മയക്കുമരുന്നിനെയാണ്. 1961ല്‍ ഐക്യരാഷ്ട്രസഭ പാരീസില്‍ ചേര്‍ന്നത് മയക്കുമരുന്നിനെതിരേ പ്രതിരോധം തീര്‍ക്കുന്നതിനുവേണ്ടിയായിരുന്നു. ആശ്ചര്യമെന്നു പറയട്ടെ അതാണ് നാര്‍കോട്ടിക് ഡ്രഗ്‌സില്‍ നടന്ന ഏക കണ്‍വെന്‍ഷന്‍. ജൂലൈ 13ന് കണ്‍വന്‍ഷന്‍ ഒരു ധാരണയിലെത്തി. ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളും 25 വര്‍ഷത്തിനുള്ളില്‍ മയക്കുമരുന്ന് എന്ന മഹാവിപത്തിനെ തുരത്താന്‍ ശക്തമായ നിയമനിര്‍മാണം നടത്തണമെന്നായിരുന്നു ആ ധാരണ. അവസാനം നിമിഷം മാത്രം നിയമനിര്‍മാണം നടത്താറുള്ള ഇന്ത്യ ഇക്കാര്യത്തിലും പിറകിലായില്ല. 1985ല്‍ എന്‍.ഡി.പി.എസ് നിയമം പ്രാബല്യത്തില്‍ വന്നു. ഈ സമയത്ത് അമേരിക്കയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍വന്നു. വിയറ്റ്‌നാം യുദ്ധകാലത്തും യുദ്ധവിരുദ്ധ പ്രതിഷേധകാലത്തും അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന് മയക്കുമരുന്ന് വേട്ട എന്നാല്‍ വിശുദ്ധപോരാട്ടം പോലെയായിരുന്നു. ഇത്തവണ അമേരിക്കയില്‍ റൊണാള്‍ഡ് റീഗനാണ് നിക്‌സണിന്റെ അതേ പാതയില്‍. ഇന്ത്യയില്‍ രാജീവ് ഗാന്ധി അമേരിക്കയുടെ വലിയ സുഹൃത്തായിരുന്നു.
യാഥാസ്ഥിതിക, ധാര്‍മികമതാചാരം, ഭൂരാഷ്ട്രതന്ത്രം, നാടുവാഴിത്തം എല്ലാം ഒത്തുചേര്‍ന്ന ലഹരിനിറഞ്ഞൊരു കേസായിരുന്നു ആദില്‍ ഷഹരിയാറിന്റേത്. കപ്പലില്‍ സ്‌ഫോടകവസ്തുക്കള്‍ വയ്ക്കാന്‍ പദ്ധതിയിട്ടതിനും വെട്ടിപ്പിന്റെയും മഹാപാതകങ്ങളുടെയും പേരില്‍ അമേരിക്കയില്‍ ജയിലിലായിരുന്നു കക്ഷി. ഗാന്ധി കുടുംബത്തിന് അയാളെ എങ്ങനെയെങ്കിലും പുറത്തിറക്കണമെന്നായിരുന്നു. ഗാന്ധി കടുംബത്തിന്റെ അടുത്ത സുഹൃത്തായ മുഹമ്മദ് യൂനിസിന്റെ മകനായിരുന്ന ആദില്‍ ഷഹരിയാര്‍. അക്കാലത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ വേറെയാരെങ്കിലുമൊക്കെ വേണ്ടിവരുമെങ്കിലും ഒരു കാര്യം ഉറപ്പാണ്. നമ്മളൊരു ഭീകരമായ നിയമം ഉണ്ടാക്കി. എന്നിട്ട് നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല കുറ്റാരോപിതരിലേക്ക് ചാര്‍ത്തിയും കൊടുത്തു. കൂടുതല്‍ മയക്കുമരുന്ന് കൈവശംവയ്ക്കുന്നവര്‍ക്ക് സിംഗപ്പൂരും ഇറാനുംപോലെ വധശിക്ഷയായിരുന്നു ഇന്ത്യന്‍ നിയമത്തിലും. നിക്‌സന്‍ വിയറ്റ്‌നാം യുദ്ധം തോറ്റെങ്കിലും അദ്ദേഹത്തിന്റെ പ്രേതം ഇന്നും ലഹരിവിരുദ്ധ യുദ്ധം ജയിച്ചുകൊണ്ടേയിരിക്കുന്നു. ഈ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാവര്‍ക്കും മനസിലായി, ചെയ്തിരിക്കുന്നത് വലിയൊരു മണ്ടത്തരമാണ്. പക്ഷേ ആരാണ് ചോദ്യം ചെയ്യുന്നത്. എല്ലാ വര്‍ഷവും തിരുത്തും. 1988ലാണ് ആദ്യമായി തിരുത്തുവന്നത്. വ്യക്തിപരമായ ഉപയോഗത്തിന് 1-2 വര്‍ഷത്തെ തടവ് ശിക്ഷയാക്കിയതായിരുന്നു ആ മാറ്റം. റീഗന്റെ അമേരിക്കന്‍ ഭരണകൂടത്തില്‍നിന്ന് സമ്മര്‍ദം വന്നുകൊണ്ടേയിരുന്നു. കുറ്റങ്ങളെല്ലാം ജാമ്യമില്ലാത്തതാക്കി. സ്വത്ത് കണ്ടുകെട്ടുന്നതും കൊണ്ടുവന്നു. ഒപ്പം വധശിക്ഷ കൂടുതല്‍ ശക്തമാക്കി. അന്നത്ത കോണ്‍ഗ്രസ് എം.പി ജയന്തി പട്‌നായിക്കും ജനതദള്‍ എം.പി കമല്‍ മൊറാര്‍ക്കയുമാണ് ഇതൊക്കെ ധൈര്യപൂര്‍വം ചോദ്യം ചെയ്തത്. 1994ല്‍ നരസിംഹ റാവുവിന്റെ കാലത്തും 2001ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും നിയമത്തില്‍ കുറച്ചുകൂടി അയവുകൊണ്ടുവന്നു. പത്തുവര്‍ഷം പിന്നിട്ടപ്പോഴാണ് ബോംബെ ഹൈക്കോടതിയുടെ ഒരു വിധിയില്‍ നിര്‍ബന്ധ വധശിക്ഷ വേണ്ടെന്ന് ഉത്തരവുണ്ടായത്. 2014ല്‍ മന്‍മോഹന്‍സിങ്ങിന്റെ രണ്ടാം യു.പി.എ കാലത്ത് നിര്‍ബന്ധ വധശിക്ഷ റദ്ദാക്കി.
എങ്കിലും 37, 54 തുടങ്ങിയ ചില സെക്ഷനുകള്‍ നിലനിന്നു. അതുകൊണ്ടാണ്, വെറുമൊരു വാട്‌സ്ആപ്പ് ചാറ്റിന്റെ ബലത്തിലൊക്കെ അന്വേഷണോദ്യോഗസ്ഥന് ആരെയും എപ്പോ വേണമെങ്കിലും ചോദ്യം ചെയ്യാന്‍ വിളിക്കാമെന്ന അവസ്ഥയുള്ളത്. സത്യം പറഞ്ഞാന്‍ ആരെയും എങ്ങനെ വേണമെങ്കിലും അപമാനിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിക്കുള്ള ലൈസന്‍സാണ് ഈ നിയമത്തിലെ പല വകുപ്പുകളുമെന്ന് സാരം. നമ്മളോ നമ്മുടെ കുട്ടികളോ ആണ് അപ്പുറത്തുള്ളതെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? ചോദ്യം ചെയ്യാന്‍ വിളിക്കപ്പെടുന്ന സെലിബ്രിറ്റികളുടെ ഗ്ലാമറസായുള്ള ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് ആഴ്ചകളോളം പ്രസിദ്ധീകരിക്കാന്‍ ലഭിക്കുന്ന ലൈസന്‍സാണ് ഇത്തരം 'ഗെസ്റ്റപോ സ്‌റ്റൈല്‍' ചോദ്യം ചെയ്യല്‍.
ഇൗ നിയമങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യാനല്ലാതെ മറ്റെന്തിനാണ് ഉപയോഗിക്കുന്നത്? ഉദാഹരണത്തിന് നിയമവിദഗ്ധരായ നേഹ സിംഗാലും നവീദ് അഹ്മദും ചേര്‍ന്ന് പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നത് 2018ല്‍ 81,778 പേരാണ് എന്‍.ഡി.പി.എസ് നിയമത്തിന്റെ കീഴില്‍ ചാര്‍ജ് ചെയ്യപ്പെട്ടിരിക്കുന്നത്. അതില്‍ തന്നെ 99.9 ശതമാനവും വ്യക്തിഗത ഉപയോഗമാണ് നടത്തിയിട്ടുള്ളത്. ദേശീയ നിയമ സര്‍വകലാശാലയുടെ പഠനത്തില്‍ 2000 മുതല്‍ 2015 വരെ ലഹരി ഉപയോഗത്തിന് അഞ്ചു വധശിക്ഷകളാണ് വിചാരണ കോടതികള്‍ വിധിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണം ഉന്നതകോടതികളില്‍ നിന്നു ജീവപര്യന്തമാക്കി കുറച്ചു കിട്ടി. നിങ്ങള്‍ വിശ്വസിക്കില്ല, ഒരാളെ വെറുതെ വിട്ടു.
പ്ലാസ്റ്റിക്ക് സര്‍ജന്റെ ചെറിയൊരു സൂചി വേണ്ടിടത്ത് നമ്മള്‍ വലിയൊരു ചുറ്റികയും എടുത്തുനില്‍പ്പാണ്. എന്നിട്ട് ഈ കേസെല്ലാം എടുത്ത് അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളവരുടെ കൈയില്‍ കൊടുക്കും. ഇന്നു നാം ടിവിയിലൂടെ കണ്ടുകൊണ്ടിരിക്കുന്നത് അതുപോലെയുള്ള ദുരുപയോഗമാണ്. നിരപരാധിയാണോ, കുറ്റവാളിയാണോ എന്നത് ഇപ്പോഴും ഒരു പ്രശ്‌നമല്ല. ചീപ്പ് ത്രില്ലിനുള്ള സമയമല്ല ഇത്. നാളെ ഇതേ സ്ഥാനത്ത് നമ്മളോ നമ്മുടെ മക്കളോ ആകാം.
(കടപ്പാട്: ദ പ്രിന്റ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."