ഒതായി പോരാട്ടം; ഓര്‍മകളില്‍ ഇരച്ചെത്തുന്ന സമരാവേശം
ഡോ. ജയഫറലി അലിച്ചെത്ത്
ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍
ടോട്ടന്‍ഹാം രേഖപ്പെടുത്തിയതനുസരിച്ച് 1921ലെ മാപ്പിള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഏഴു പേരായിരുന്നു. ആലി മുസ്‌ലിയാര്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍, സീതിക്കോയ തങ്ങള്‍, കാരാട്ട് മൊയ്തീന്‍ കുട്ടി ഹാജി, കൊന്നാര് മുഹമ്മദ് കോയ തങ്ങള്‍, അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരായിരുന്നു അവര്‍. 1921 സെപ്റ്റംബര്‍ അവസാനം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിലമ്പൂര്‍ വിടുകയും കാളികാവ് പാണ്ടിക്കാട് എളങ്കൂര്‍ ചാത്തങ്ങോട്ടുപുറം തുടങ്ങിയ പ്രദേശങ്ങളിലേക്ക് നീങ്ങുകയും ബ്രിട്ടീഷ് ഗറില്ലാ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പോരാടുകയും ചെയ്തു. 1921 സെപ്റ്റംബറില്‍ അധിനിവേശ പോരാട്ടങ്ങള്‍ നിലമ്പൂരിലും നെന്മിനിയിലും തുവ്വൂരിലും ഉണ്ടായി. ശേഷം ഒക്ടോബറില്‍ അരീക്കാട്, ചീക്കോട് ചെറുവായൂര്‍ ഉര്‍ങ്ങാട്ടിരി ഭാഗങ്ങളിലും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുണ്ടായി. കൊണ്ടോട്ടി ഹൈദ്രു തങ്ങളെ വധിച്ചതിനുശേഷം സമര പോരാളികള്‍ പുളിക്കല്‍ അരീക്കോട് കാവനൂര്‍ ഭാഗത്തേക്ക് നീങ്ങുകയും ശേഷം വേക്കോട് കരിപ്പത്ത് മന സന്ദര്‍ശിക്കാറുമുണ്ടായിരുന്നു.
കരിപ്പത്ത് മനയും
സമരക്കാരും
വന്നിലാപറമ്പത്ത് കരിപ്പത്ത് മന സ്ഥിതിചെയ്യുന്നത് ഒതായി അരീക്കോട് റോഡിലെ ആലിന്‍ചുവടിന്റെ തെക്കുവശമാണ്. 1921 ഒക്ടോബര്‍ 27ന് ഒതായിയില്‍ സായുധപോരാട്ടം നടത്തുന്നതിന് മുന്നോടിയായി സമരക്കാര്‍ കരിപ്പത്ത് മനയില്‍ തമ്പടിച്ചിരുന്നു. 21 ദേശങ്ങളുള്‍ക്കൊള്ളുന്ന മനയുടെ അധികാരി കേശപ്പന്‍ നമ്പൂതിരിയും തുടര്‍ന്ന് സഹോദര പുത്രനായ രാമന്‍ നമ്പൂതിരിയുമായിരുന്നു. ഉര്‍ങ്ങാട്ടിരി അംശം ഉള്‍കൊള്ളുന്ന 21 ദേശങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച, രാമന്‍ നമ്പൂതിരിയും കുടുംബവും സമരകാലത്ത് കോഴിക്കോട്ടേക്കും തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കും പോയതിനു ശേഷം 1922ല്‍ സ്വന്തം അംശത്തേക്ക് തിരിച്ചുവരികയും ചെയ്തു. ബ്രിട്ടീഷ് വിരോധം ശക്തമായ സന്ദര്‍ഭങ്ങളില്‍ ബ്രിട്ടീഷുകാരോട് ആഭിമുഖ്യം കാണിച്ചവരെ വേട്ടയാടി കൊലപ്പെടുത്തുന്ന സാഹചര്യത്തില്‍ കരിപ്പത്ത് മനയുടെ ദേശത്തുള്ളവര്‍ ചാലിയാര്‍ പുഴയിലൂടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. അരീക്കോടിനടുത്തുള്ള മൈത്ര പ്രദേശത്തെ പുന്നക്കണ്ടിക്കാരാണ് രക്ഷപ്പെടുത്താന്‍ മുന്നിലുണ്ടായിരുന്നതെന്ന് ചേലക്കോട് സ്വദേശിയായ ഉണ്ണിനായര്‍ ഓര്‍ക്കുന്നു. കരിപ്പത്ത് മനയില്‍ ക്യാമ്പ് നടത്തിയ സമരം പൂവ്വത്തിക്കലുള്ള പുല്ലംകോട് ഇല്ലംവഴി ഒതായിയിലേക്ക് നീങ്ങുകയായിരുന്നു.
ഒതായിയിലെ
അസ്വസ്ഥതകള്‍
1921ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വേരുകള്‍ ഏറനാട്, വള്ളുവനാട് തുടങ്ങിയ താലൂക്കുകളില്‍ വേരൂന്നിയതുപോലെ അമരമ്പലം ഉര്‍ങ്ങാട്ടിരി അംശങ്ങളിലും ശക്തിയാര്‍ജിച്ചിരുന്നു. ജന്മി- കുടിയാന്‍മാര്‍ തമ്മിലുള്ള കാര്‍ഷിക വിപ്ലവത്തെ ഹിന്ദു- മുസ്‌ലിം ലഹളയാക്കാനും സായുധ വിപ്ലവമാക്കാനും കൊതിച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ നിസഹകരിക്കാനും ഒരുമിച്ചുനില്‍ക്കാനും ആഹ്വാനം ചെയ്ത ഖിലാഫത്ത് നേതാവുകൂടിയായിരുന്നു 1894ല്‍ എടവണ്ണയില്‍ ജനിച്ച പി.വി മുഹമ്മദാജി. മഹാത്മാ ഗാന്ധി, മാലാനാ മുഹമ്മദലി ഷൗക്കത്തലി തുടങ്ങിയവരുമായി ആത്മബന്ധം പുലര്‍ത്തിയ മുഹമ്മദാജി അവരുടെ നിര്‍ദേശപ്രകാരം വിദേശവസ്ത്രം ബഹിഷ്‌കരിക്കുകയും എടവണ്ണയില്‍ തന്റെ പീടിക മുകളില്‍ സ്വന്തം ചെലവില്‍ 28 ചര്‍ക്കകള്‍ വാങ്ങിച്ച് ഒരു ചര്‍ക്കാ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ഖിലാഫത്ത് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ച് ഒരു നൂല്‍നൂല്‍പുശാലയും ആരംഭിച്ചു. തുടര്‍ന്ന് തിരുവിതാംകൂറില്‍ നിന്ന് ഒരു മൗലവിയെ വീട്ടില്‍ താമസിപ്പിച്ച് ഹിന്ദുസ്താനി പഠിപ്പിക്കാന്‍ ഒരു സ്‌കൂള്‍ സ്ഥാപിക്കുക കൂടി ചെയ്തു മുഹമ്മദാജി.
ഖിലാഫത്ത് നേതൃത്വത്തിനും അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പിനും വാരിയംകുന്നത്ത് ഒതായിയില്‍ നിയമിച്ചിരുന്ന രണ്ട് അമീറുമാരാണ് ചെറാതൊടിക മമ്മദാജിയും വലിയ പീടിയേക്കല്‍ ബീരാന്‍കുട്ടി ഹാജിയും. പട്ടാള അധിനിവേശവും ജന്മി ചൂഷണങ്ങളും കൊണ്ട് ഒതായി മുണ്ടേങ്ങര ഉര്‍ങ്ങാട്ടിരി അംശത്തുള്ളവരുടെ സാമ്പത്തികാവസ്ഥ ദുഷ്‌കരമായിരുന്നു. അതുകൊണ്ടുതന്നെ ഇല്ലങ്ങളിലും മനകളിലും സമ്പാദിച്ചുവച്ചിരുന്ന നെല്ലും മറ്റു ധാന്യവിളകളും കര്‍ഷകരുടെ അവകാശമാണെന്ന ബോധവും സമരനേതൃത്വങ്ങള്‍ക്കുണ്ടായിരുന്നു. 1887ലും ശേഷം 1920ലും രൂപംകൊണ്ട കാര്‍ഷിക കുടിയായ്മ നിയമങ്ങളും ബ്രിട്ടീഷ് വിരോധവും അവരെ ശക്തമായി സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ വേക്കോട് കളത്തില്‍ നിന്ന് കാര്‍ഷിക വിളകള്‍ അമീറുമാര്‍ പിടിച്ചുവാങ്ങുകയും ദരിദ്രജനവിഭാഗങ്ങള്‍ക്ക് വിതരണം നടത്തുകയും ചെയ്തു. ഈ അവസരത്തില്‍, ഒതായി പ്രദേശത്തുള്ള കോണ്‍ഗ്രസുകാരും ഖിലാഫത്ത് പ്രസ്ഥാനക്കാരും തന്റെ വരുതിയില്‍ നിന്ന് വഴുതിപ്പോകുന്നതായി തോന്നിയ പി.വി മുഹമ്മദാജി എടവണ്ണയിലേക്ക് താമസം മാറി. ബ്രിട്ടീഷ് മേധാവികളുമായി അടുത്തുപെരുമാറുകയും കൂട്ടുകാരായി പ്രവര്‍ത്തിച്ചുപോരുകയും ചെയ്തിരുന്ന പി.വി കോയമാമുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഈ മാറ്റം. ഇത് സമരപോരാളികളെ അസ്വസ്ഥരാക്കുകയും പി.വി മുഹമ്മദാജിയെ ബ്രിട്ടീഷ് ഏജന്റായും മുസ്‌ലിം വിരോധിയായും കാണുകയുംചെയ്തു. തത്ഫലമായി സമരക്കാര്‍ പി.വി മുഹമ്മദാജിയുടെയും ജ്യേഷ്ഠന്‍ ആലസ്സന്‍ കുട്ടിയുടെയും വീടും പീടികയും തകര്‍ക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ നടക്കുന്നത് 1921 നവംബര്‍ 26, 27 ദിവസങ്ങളിലായിട്ടാണ്.
ഒതായിയില്‍
പട്ടാളമെത്തുന്നു
കലുഷിതാവസ്ഥ ഒതുക്കാനെന്ന് പറഞ്ഞ് ജമേദാര്‍ പോഡിങ്ങിന്റെ നേതൃത്വത്തില്‍ ഖൂര്‍ക്കാ പട്ടാളം ഒതായിയിലേക്ക് മാര്‍ച്ച് നടത്തി. ഈ സമയം, കോയമാമു സാഹിബ് ഉടനെ ഒതായിയിലേക്ക് ആളെ അയക്കുകയും പട്ടാളം വരുന്ന വിവരം അറിയിക്കുകയും ചെയ്തു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്, പള്ളിയിലും മറ്റും സംഘംചേര്‍ന്ന് നില്‍ക്കരുത്, കഴിയുന്നതും വീട്ടില്‍ തന്നെ നില്‍ക്കണം എന്നും അറിയിച്ചു. എന്നാല്‍ ജനിച്ച മണ്ണില്‍ ബ്രിട്ടീഷുകാരുടെ അടിമകളായി ജീവിക്കുന്നതിനേക്കാള്‍ ഉചിതം പൊരുതി മരിക്കലാണ് എന്ന് മനസിലാക്കിയ അമീറന്മാരായ ചെറാതൊടിക മമ്മദാജിയും ബീരാന്‍കുട്ടി ഹാജിയും നാട്ടുകാരോടെല്ലാവരോടും പള്ളിയില്‍ സമ്മേളിക്കാന്‍ ആവശ്യപ്പെട്ടു. പള്ളി പൊളിക്കപ്പെടുമോ എന്ന ഭയവും, രാജ്യസംരക്ഷണം ആത്മീയതയിലൂന്നിയതായിരിക്കണം എന്ന ബോധം കൊണ്ടുമായിരുന്നു ഇത്. തിരൂരങ്ങാടി പള്ളിക്ക് വെടിവച്ച പട്ടാളത്തെ ഒതായി പള്ളി ആക്രമിക്കാന്‍ സമ്മതിക്കുകയില്ല എന്നതായിരുന്നു അമീറന്‍മാരുടെ പ്രധാന നിശ്ചയം. ഭക്ഷണം പാകംചെയ്ത് കഴിക്കുന്നതിന് മുമ്പുതന്നെ പട്ടാളക്കാര്‍ ഒതായിക്കടുത്തുള്ള പറക്കുന്ന് ഭാഗത്ത് എത്തുകയും ചെയ്തു. ഉടന്‍ തന്നെ കോയമാമു സാഹിബ് പള്ളിയിലേക്ക് വന്നു. നിങ്ങള്‍ സമാധാനപരമായി പിരിഞ്ഞുപോകണമെന്നും, അക്രമം തടയാനും സമാധാനം പുലര്‍ത്താനുമാണ് പട്ടാളം വന്നതെന്നും പറഞ്ഞു. എന്നാല്‍ കോയമാമുവിന്റെ വാക്കുകള്‍ അവര്‍ വിശ്വസിച്ചില്ല. കാരണം ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള വിരോധം അവരുടെ സിരകളില്‍ ജ്വലിക്കുകയായിരുന്നു.
ഒതായി പള്ളി വളയുന്നു
1921 ഒക്ടോബര്‍ 27ന് ജമേദാര്‍ പോഡിങ്ങിന്റെ നേതൃത്വത്തിലുള്ള ചിന്‍ കച്ചിന്‍ സൈന്യം ഒതായി ജംഇയ്യത്തുല്‍ മുഹ്‌ലിസീന്‍ പള്ളിയില്‍ പ്രവേശിച്ചു. പട്ടാളക്കാരുടെ വരവ് പള്ളി പൊളിക്കാനായിരിക്കുമെന്ന ധാരണ സമരക്കാര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഭവിഷ്യത്ത് രൂക്ഷമായിരിക്കുമെന്നതിനാല്‍ ചെറാതൊടിക മമ്മദാജിയും ബീരാന്‍കുട്ടി ഹാജിയും അയല്‍പ്രദേശങ്ങളായ ചാത്തല്ലൂര്‍ മുണ്ടേങ്ങര എന്നിവിടങ്ങളില്‍ നിന്ന് സമരയോദ്ധാക്കളെ ഒതായിയിലേക്ക് ക്ഷണിച്ചു. ആയുധസന്നദ്ധരായ ഖിലാഫത്ത് നേതാക്കളും യോദ്ധാക്കളും പള്ളിയങ്കണത്തിലേക്ക് പ്രവേശിച്ചു. പട്ടാളം പള്ളിക്ക് അടുത്തെത്തിയപ്പോള്‍ സമരക്കാര്‍ വാതിലുകള്‍ അടക്കുകയും ഉച്ചത്തില്‍ തക്ബീര്‍ ഉരുവിടുകയും ചെയ്തു.
ബ്രിട്ടീഷ് അധിനിവേശത്തെ ചെറുക്കാന്‍ പള്ളിയുടെ മുകളില്‍ നിന്ന് ജമേദാര്‍ പോഡിങ്ങിനു നേരെ വെടിയുതിര്‍ക്കുകയും പട്ടാളത്തലവന്‍ വീണുമരിക്കുകയും ചെയ്തു. അരിശംപൂണ്ട പട്ടാളം പള്ളി വളയുകയും അകത്തേക്ക് തുടരെ തുടരെ വെടിയുതിര്‍ക്കുകയുമുണ്ടായി. പള്ളിയുടെ അകത്തേക്ക് ചാടിക്കയറിയ സൈന്യം തട്ടുപലക അടര്‍ത്തി അകത്തേക്ക് ബോംബിടുകയും ശേഷം താഴെയിറങ്ങി മൃതപ്രാണരായവരെ ബയണറ്റ് കൊണ്ട് കുത്തിയും ബൂട്ടിട്ട് ചവിട്ടിയും കൊലപ്പെടുത്തുകയുമുണ്ടായി. ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്തതിന്റെയും പള്ളിയെ സംരക്ഷിച്ചതിന്റെയും പേരില്‍ 36 സമരക്കാര്‍ ശഹീദാവുകയും അവരെ പള്ളിയുടെ മുമ്പില്‍ വലിയ ഖബ്‌റൊരുക്കി മറവുചെയ്യുകയുമുണ്ടായി. പള്ളിയില്‍വച്ച് മരിച്ചു എന്ന് കരുതി പട്ടാളം ഉപേക്ഷിച്ച, പരശുരാമന്‍കുന്നത്ത് ഉണ്യാന്‍കുട്ടി, അധികാരത്ത് ആലിമമ്മദ്, കറുത്ത കുഞ്ഞാലന്‍, മുതുകാട്ടുപുറത്ത് ബീരാന്‍ ഹാജി എന്നിവര്‍ പിന്നെയും വളരെക്കാലം സമര തീക്ഷ്‌ണോര്‍മയില്‍ ജീവിച്ചു.
പട്ടാള മേധാവിക്ക് പുറമെ രണ്ട് പട്ടാളക്കാര്‍ക്ക് വെടിയുണ്ടയേറ്റും വാള്‍ പരുക്കേറ്റും മുറിവേല്‍ക്കുകയും ചെയ്തു. പൊലിസ് സബ് ഇന്‍സ്‌പെക്ടറായ കുഞ്ഞിക്കണ്ണന്‍, സൈന്യത്തിന് കൂട്ടായുണ്ടായിരുന്നുവെന്നും ടോട്ടന്‍ഹാം ദി മാപ്പിള റെബല്ലിയന്‍ എന്ന പുസ്തകത്തില്‍ പറയുന്നു. സമരക്കാരില്‍ നിന്ന് പട്ടാളം നാലു തോക്കുകളും പതിനെട്ടു വാളുകളും കത്തികളും കൈക്കലാക്കുകയും ശേഷം ചാലിയാര്‍ പുഴകടന്ന് എടവണ്ണ ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു.
ഒതായി പള്ളിയുടെ വാതിലുകളിലും ജനല്‍ അഴികളിലും ബ്രിട്ടീഷ് വെടിയുണ്ടകള്‍ കൊണ്ട പാടുകള്‍ ഇന്നും കാണാന്‍ സാധിക്കും. ചരിത്രത്തില്‍ ജീവന്‍ ത്യജിച്ചവരും സമരം ചെയ്തവരുമെല്ലാം ഇന്ത്യാ മഹാരാജ്യത്തിന്റെ ആരോഗ്യകരവും സന്തോഷകരവുമായ ഭാവിയെ കുറിച്ച് സ്വപ്‌നം കണ്ടവരായിരുന്നു. ആ സ്വപ്‌ന സാക്ഷാത്കാരത്തില്‍ അഭിരമിക്കുന്ന സമകാലിക സമൂഹത്തിന് അര്‍പ്പണ ബോധത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ഓര്‍മപ്പെടുത്തലുകളാണ് ഒതായി പോരാട്ടം നല്‍കുന്നത്.
ഒതായി പോരാട്ടത്തില്‍
ജീവനര്‍പ്പിച്ചവര്‍
(പട്ടിക അപൂര്‍ണം)
1. പരശുരാമന്‍ കുന്നത്ത്
അത്താണിക്കല്‍ അത്തന്‍
2. പരശുരാമന്‍ കുന്നത്ത്
അത്താണിക്കല്‍ ഉണ്ണിപ്പ
3. പുത്തന്‍ പീടിക വാല്‍ കണ്ടത്തില്‍ പോക്കര്‍
4. പുത്തന്‍ പീടിക വാല്‍ കണ്ടത്തില്‍ കാസിം
5. പയ്യിനി അഹമ്മദ് കുട്ടി മുണ്ടേങ്ങര
6. വലിയ പറമ്പന്‍ വീരാന്‍ കുട്ടി
7. വടക്കേ തൊടിക അത്തന്‍
8. നാലകത്ത് കരീം
9. നാലകത്ത് മൊയ്തീന്‍
10. നാലകത്ത് ചെറിയമൊയ്തീന്‍
11. നാലകത്ത് അഹമ്മദ് കുട്ടി
12. അയ്ദറു എന്ന ഹൈദര്‍സ്
13. താഴത്ത് പീടികയ്ക്കല്‍ മൊയ്തീന്‍
14. അയ്യന്‍ കുയ്യന്‍ രായിന്‍
15. പനയ്ക്കല്‍ മമ്മോട്ടി
16. പരശുരാമന്‍ കുന്നത്ത് കോമു
17. പരശുരാമന്‍ കുന്നത്ത് കോമു കുട്ടി
18. ചൂണിയന്‍ മമ്മദ്
19. ചൂണ്ടിയന്‍ കുഞ്ഞുമൊയ്തീന്‍
20. മാരിയോടന്‍ അഹമ്മദ് കുട്ടി
21. പൊട്ടന്‍ചാലി ലവകുട്ടി
22. വലിയ പറമ്പന്‍ ഉണ്ണാന്‍ കുട്ടി
23. കപ്പച്ചാലി മോയിന്‍ കുട്ടി.
24. പാലോളി അലവി
25. കപ്പച്ചാലി അലവി
26. കടൂരന്‍ അലവി
27. കളത്തില്‍ ഐത്തുട്ടി.
28. കീശീരി വലിയ മോയിന്‍കുട്ടി
29. പള്ളിപ്പറമ്പന്‍ ആലി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."