മലയാളി നാവ് ഉര്‍ദുവിന് വഴങ്ങിയതിങ്ങനെ
ഡോ. കെ.പി ശംസുദ്ദീന്‍
തിരൂര്‍ക്കാട്
ഇന്ത്യാ രാജ്യത്ത് ജനിക്കുകയും കുറഞ്ഞ കാലത്തിനകം തന്നെ വികാസംപ്രാപിച്ച് സാധാരണക്കാരന്റെ ഹൃദയങ്ങള്‍ കവരുകയും ചെയ്ത ഭാഷയാണ് ഉര്‍ദു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉര്‍ദു പടര്‍ന്ന് പന്തലിക്കുകയായിരുന്നു. ഉര്‍ദുവിന്റെ സുവര്‍ണ കാലഘട്ടമാണിത്. ഉര്‍ദു കാവ്യസാഹിത്യം ഇതിനകം തന്നെ ഏറെ വികാസം പ്രാപിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന് മുമ്പുള്ള ഉര്‍ദു ഗദ്യ സാഹിത്യമെന്ന് പറയുന്നത് കൂടുതലും ഹിന്ദു, മുസ്‌ലിം മതങ്ങള്‍, മതപരമായ വിജ്ഞാനീയങ്ങള്‍, മതപരമായ സാഹിത്യങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു. ഉര്‍ദു ഗദ്യ സാഹിത്യ രചനകള്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കാന്‍ തുടങ്ങുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്.
1800ല്‍ ബ്രിട്ടീഷുകാര്‍ കൊല്‍ക്കത്തയില്‍ സ്ഥാപിച്ച ഫോര്‍ട്ട് വില്യം കോളജില്‍ നിന്നാണ് ധാരാളം ഉര്‍ദു കൃതികള്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. (ഈ സ്ഥാപനമാണ് ഉര്‍ദു മുസ്‌ലിംകളുടെയും ഹിന്ദി ഹിന്ദുക്കളുടെയും എന്ന് വേര്‍തിരിച്ച് ഭാഷയെ മതാടിസ്ഥാനത്തില്‍ രണ്ടായി വിഭജിച്ചത്) ഫോര്‍ട്ട് വില്യം കോളജിന്റെ അക്കാലത്തെ പ്രിന്‍സിപ്പാളായിരുന്ന ജോണ്‍ഗ്രില്‍ ക്രിസ്റ്റ് നിരവധി ഉര്‍ദു ഗ്രന്ഥങ്ങള്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉര്‍ദുവില്‍ പ്രസിദ്ധീകരിച്ച പ്രഥമഗ്രന്ഥം മീര്‍ബഹാദൂര്‍ അലി ഹുസൈനിയുടെ 'അഖ്‌ലാഖെ ഹിന്ദി' (ഭാരതീയ ആചാര മര്യാദകള്‍) യാണ്. ഇത് 1803ല്‍ ഫോര്‍ട്ട് വില്യം കോളജില്‍ നിന്നാണ് പ്രസിദ്ധീകരിച്ചത്.
ഉര്‍ദു
കേരളത്തിലെത്തുന്നത്
രാജ്യത്തെ സാധാരണക്കാരുടെയും പൊതുജനങ്ങളുടെയും സംസാരഭാഷ ഉര്‍ദു ആയിരുന്നു. ഈ ഭാഷയെ രേഖ്ത, ഹിന്ദവി, ഹിന്ദി, ഹിന്ദുസ്താനി, ഗുജരി തുടങ്ങി പല പേരുകളില്‍ വിളിക്കപ്പെടുകയും അവസാന കാലഘട്ടത്തില്‍ ഉര്‍ദു എന്ന പേരില്‍ അറിയപ്പെടുകയുമാണുണ്ടായത്. ഇന്ത്യ 'ഹിന്ദ്' എന്നാണ് അറിയപ്പെട്ടിരുന്നത്. 'ഹിന്ദ്' എന്നതുമായി ബന്ധപ്പെട്ടതെല്ലാം 'ഹിന്ദി' എന്ന പേരിലുമായിരുന്നു വിളിക്കപ്പെട്ടിരുന്നത്. ഇന്ത്യന്‍ സിനിമ എന്ന അര്‍ഥത്തിലാണ് 'ഹിന്ദി സിനിമ' ആരംഭിക്കുന്നത്. ഇന്ത്യയിലെ സംസാര ഭാഷയായ ഉര്‍ദുവിനെ ഹിന്ദി എന്നാണ് വിളിക്കപ്പെട്ടിരുന്നത്.
പിന്നീട് ബ്രിട്ടീഷുകാര്‍ ഈ ഭാഷക്ക് ഹിന്ദുസ്താനി എന്ന് പേരിടുകയായിരുന്നു. പക്ഷേ, പൊതുജനങ്ങള്‍ക്കിടയില്‍ ഈ പേര് അത്രക്കങ്ങോട്ട് സ്വീകാര്യമായില്ല. ഫോര്‍ട്ട് വില്യം കോളജിലെ ഉര്‍ദു ഡിപ്പാര്‍ട്ട്‌മെന്റ് 'ഹിന്ദുസ്താനി ഡിപ്പോര്‍ട്ട്‌മെന്റ്' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. (വര്‍ഷങ്ങള്‍ക്ക് ശേഷം ഗാന്ധിജി പറഞ്ഞ ഹിന്ദുസ്താനി മറ്റൊന്നാണ്. പൊതുജനങ്ങള്‍ സംസാരിക്കുന്ന ഉര്‍ദു ഭാഷയെ ഉര്‍ദു ലിപിയോടൊപ്പം ദേവനാഗരി ലിപിയിലും എഴുതുകയും ഇതിലുള്ള കടുത്ത പ്രയാസമുള്ള പദങ്ങള്‍ മാറ്റി എല്ലാവര്‍ക്കും എഴുതാവുന്നതും ഉപയോഗിക്കാവുന്നതുമാണ് ഹിന്ദുസ്താനി എന്നാണ് അദ്ദേഹം പറഞ്ഞത്). പൊതുവില്‍ ഹിന്ദുസ്താന്റെ ഭാഷ 'ഹിന്ദുസ്താനി ' എന്ന പേരില്‍ പലയിടത്തും വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.
അക്കാലത്താണ് കേരളത്തിലും ഉര്‍ദു ഭാഷ ഹിന്ദുസ്താനി എന്ന പേരില്‍ പരിചയപ്പെടാന്‍ തുടങ്ങിയത്. മതവിജ്ഞാനം നേടുന്നതിനായി പലരും തമിഴ്‌നാട്, ആന്ധ്ര, ഉത്തര്‍പ്രദേശ്, എന്നീ ഭാഗങ്ങളിലേക്ക് പോകാന്‍ തുടങ്ങിയതാണ് ഇതിന്റെ മുഖ്യകാരണം. അങ്ങനെ പോയി വരുന്നവരെല്ലാം മൗലാന, മൗലവി എന്നിങ്ങനെയുള്ള പട്ടവുമായിട്ടായിരുന്നു എത്തിയിരുന്നത്. പിന്നെ അവരോടൊപ്പം ഉര്‍ദു ഭാഷയുമുണ്ടായിരുന്നു. ബോംബെ, ബാംഗ്ലൂര്‍, മദിരാശി, തുടങ്ങിയ സ്ഥലങ്ങളില്‍ മലയാളികള്‍ക്കുണ്ടായിരുന്ന വ്യാപാര വാണിജ്യബന്ധമായിരുന്നു മറ്റൊരു കാരണം.
മാധ്യമമായി
മാപ്പിള മലയാളം
കേരളത്തില്‍ ഉര്‍ദു എന്ന ഹിന്ദുസ്താനി പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഈ ഭാഷ പഠിക്കാനായി കൊച്ചു കൊച്ചു സംവിധാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ശുജായി മൊയ്തു മുസ്‌ല്യാര്‍ 1890ല്‍ 'ഹിന്ദുസ്താനി ഭാഷാ പഠനം' എന്ന നാമത്തില്‍ ഒരു പുസ്തകം രചിച്ചത്. പൊന്നാനിയില്‍ നിന്നായിരുന്നു ഇതിന്റെ പ്രസിദ്ധീകരണം. പിന്നീട് 1898ല്‍ (ഹിജ്‌റ1316) ഉര്‍ദു പഠിക്കാനായി ആലപ്പുഴയില്‍ നിന്ന് പണ്ഡിതനായ ഐദറൂസ് മുസ്‌ലിയാര്‍ (ഹൈദ്രോസ് മുസ്‌ലിയാര്‍) 'നുസ്‌റത്തുലിസാന്‍ ബിലുഗാത്തില്‍ ഹിന്ദുസ്താന്‍' (നുസ്‌റത്തുല്ലിസാനി ബിലുഗാത്തില്‍ ഹിന്ദുസ്താനി) എന്ന പേരില്‍ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. മുഹ്‌യുദ്ദീന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ പേര്. ആലപ്പുഴയിലെ ഹാശിമിയ മദ്‌റസ (ആലപ്പുഴ കടപ്പുറം)യില്‍ നിന്നാണ് ഇത് പ്രസിദ്ധീകരിച്ചത്. നൗറോജ് പറമ്പിലെ ആമിറുല്‍ ഇസ്‌ലാം പ്രസ്സില്‍ നിന്നാണ് ഇത് അച്ചടിച്ചിരുന്നത്.
230 പേജുള്ള ഈ പുസ്തകം ഹിന്ദുസ്താനി എന്ന ഉര്‍ദു പഠിക്കാനുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ്. ശാസ്ത്രീയമായി തയാറാക്കിയ ഈ ഗ്രന്ഥം വായിക്കുമ്പോള്‍ തന്നെ ഹൈദ്രോസ് മുസ്‌ലിയാര്‍ക്ക് ഭാഷയിലുണ്ടായിരുന്ന അവഗാഹം ബോധ്യമാകും. ഇതിന്റെ രചനക്കായി അക്കാലത്ത് അദ്ദേഹം എടുത്ത പരിശ്രമം കഠിനമായിരിക്കും. അതീവ സൂക്ഷ്മതയോടെയാണ് ഇത് തയാറാക്കിയിട്ടുള്ളത്. ആദ്യത്തെ നാല് പേജ് ഇന്‍ഡക്‌സാണ്. പിന്നീട് മൂന്ന് പേജുകള്‍ തെറ്റായി അച്ചടിച്ച പദവും അതിന്റെ തിരുത്തുമാണ്. പിന്നീടുള്ള പേജില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു.
'ഈ കിതാബ് പഠിക്കുന്നത് കൊണ്ട് ഹിന്ദുസ്താനി ഭാഷ സംസാരിക്കുന്നതിനും കിതാബുകള്‍ വായിച്ച് മഅ്‌നാ സാരം അറിയുന്നതിനും എളുപ്പമായ മഹറാണ് ഉണ്ടാകുന്നതത്രെ. ഇത് ആലപ്പുഴ കടപ്പുറത്ത് ഹാശിമിയ മദ്‌റസയില്‍ ഹൈദ്രോസ് മുസ്‌ല്യാര്‍ അവര്‍കളാല്‍ ഉണ്ടാക്കപ്പെട്ടതും തന്റെ ചിലവിന്‍ മേല്‍ ആമിറുല്‍ ഇസ്‌ലാം എന്ന അച്ചുകൂടത്തില്‍ അടിപ്പിക്കപ്പെട്ടതുമാകുന്നു. അതിനാല്‍ അന്യര്‍ക്ക് അടിച്ചുകൂടാത്തതും ആകുന്നുയെന്നും മഹ്തമിം ആമിറുല്‍ ഇസ്‌ലാം.
ഭര്‍മത്ബുഅ്
ആമിറുല്‍ ഇസ്‌ലാം
വാഖിഅ് ബന്തര്‍ അല്‍ഫിത ബുക്ക് ഗര്‍ദീദ്'
മാപ്പിള മലയാളത്തില്‍ അറബി മലയാളം ലിപിയാണ് ഈ പുസ്തക രചനക്ക് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അക്കാലത്ത് ഉര്‍ദു എന്ന ഹിന്ദുസ്താനി പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ ഗ്രന്ഥമാണ് ഇത്. 123 വര്‍ഷം മുമ്പ് ഇത്തരത്തിലൊരു ഗ്രന്ഥം പ്രസിദ്ധീകൃതമായെങ്കില്‍ അക്കാലത്ത് മലയാളികള്‍ക്കിടയില്‍ ഉര്‍ദു ഭാഷയുടെ സ്വാധീനവും പ്രാധാന്യവും പ്രത്യേകം മനസിലാക്കാവുന്നതാണ്.
ഈ ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ ഇഅ്‌ലാന്‍ (പ്രഖ്യാപനം) എന്ന് പറഞ്ഞുകൊണ്ട് ഗ്രന്ഥരചയിതാവ് ഇങ്ങനെ വിശദമാക്കുന്നു:
'ഈ കേരളത്തില്‍ ആമ്മായ ഇസ്‌ലാമീങ്ങള്‍ക്കു ഹിന്ദുസ്താനി ഭാഷയെയും ഇതിന്റെ അശ്ചരങ്ങളെയും അറിവില്ലാത്തത് കൊണ്ടു അനേക നഷ്ടങ്ങളെയും മറ്റും ഭവിക്കുന്നത് കൊണ്ടു അങ്ങനെയുള്ള നഷ്ടങ്ങളും യെഷുമകളും മറ്റും നീക്കന്‍ടതു നമുക്കുയെത്രയും വേണ്ടപ്പെട്ടത് യെന്നു കരുതി ഈ ഭാഷെയും യെളുത്തും അറബ് - മലയാളം അറിവുള്ളതായ സകല ജനങ്ങള്‍ക്കും അന്യാശ്രയം കൂടാതെ യെളുപ്പത്തില്‍ പടിക്കുന്നതിനും സംസാരിക്കുന്നതിനും പടിക്കുന്നവരെ പടിപ്പിക്കുന്നതിനും ഇതുപോലെ ശക്തി ഉള്ളതു വൊന്നു നമ്മുടെ മലയാളത്തില്‍ ഇല്ലെന്നു അറിവുള്ളതിനോടും കൂടി ആഗ്രഹിക്കാതെ വൊഷിഞ്ഞും നൊടിഞ്ഞും നിസാരമാക്കിക്കണ്ടവര്‍ക്കും കൂടി ഇതിനെ അല്ലാഹുതആലാ ഉതക്കം ചെയ്തു കൊടുക്കട്ടെ ആമീന്‍!
ഇത് പടിക്കണമെന്നുള്ള ആഗ്രഹം കൊണ്ടു ഞാന്‍ ഇതിനെ കോര്‍വ ചെയ്തു ഒരുമിച്ചു കൂട്ടി നാല് ഫാകം ആക്കി തീര്‍ത്തിരിക്കുന്നു. ഹര്‍ഫ്, ഇസ്മ്, ഫിഅ്‌ല്, ഹിസാബ് ഇപ്രകാരത്തില്‍ ഒന്നാം ഭാകം അശ്ചരങ്ങളെ അറിയുന്നതും അതിനെ ഓതുന്ന ക്രമങ്ങളും രണ്ടാം ഭാഗം ഇസ്മുകള്‍ യെന്നെ പേരുകളും അത്കളുടെ അര്‍ത്തങ്ങളും നീക്കുപോക്കുകളും മൂന്നാം ഭാകം ഫിഅ്‌ലുകള്‍ എന്നെ ക്രിയകളും അത്കളെ പറയണ്ടെ സമയകാലങ്ങളുടെ വിഫരങ്ങളും. നാലാം ഭാകം എണ്ണങ്ങളെന്ന കണക്കുകളും അത്കളെ ലഫ്‌ളുകളും അബ്ജദിന്റെ അക്കങ്ങളും ഇത്കള്‍ വൊക്കയും ഓരോ ഫാകം പലേ വതുപ്പുകളായിട്ടാകുന്നു. അതാത് ഫാകങ്ങളെ നോക്കുംപോല്‍ തന്നെ മനസിലാകും. ഇന്‍ഷാ അല്ലാഹു തആലാ.
യെന്നാല്‍ അറബി, ഫാരിസി, തുര്‍ക്കി, അബ്‌റാനീ, സുറിയാനീ, യൂനാനി, ഇംഗ്ലീഷ്, തിലിങ്കു, തമിഷ് ഇങ്ങനെ അനേകം ഭാഷകളിലും രാജ്യങ്ങളിലും ഹിന്ദുസ്താനി ഭാഷ പ്രയോജനമായ നാണിഫങ്ങളെപ്പോലെ അദികം പെരുമാറി വരുന്നതിനാലും പോരിശയാക്കപ്പെട്ട നമ്മുടെ ഖുര്‍ആനിന്റെ തഫ്‌സീറുകളും ഹദീസുകളും മറ്റും അനേക കിത്താബുകളും ഈ ഭാഷയിലും ഈ യെഷുത്തിലും തര്‍ജ്ജുമ ചെയ്തിരിക്കുന്നത് കൊണ്ടു യെല്ലാ ജനങ്ങള്‍ക്കും ഈ പറയപ്പെട്ട ഇല്‍മുകളാലും മറ്റു യെളുപ്പത്തില്‍ അറിവാന്‍ വേണ്ടിയും ഈ ഭാഷ നമ്മുടെ സൊദേശ മലയാളത്തില്‍ മാത്രം അദികം പെരുമാറ്റം ഇല്ലാത്തെ നിമിത്തം അന്യ ഭാഷക്കാര്‍ നമ്മളില്‍ സഞ്ചരിക്കുമ്പോള്‍ അവരുമായി സംസാരിപ്പിക്കാന്‍ കഷിയാതെയും നാം മലയാളം ബിട്ടു സഞ്ചരിച്ചാല്‍ ആ ദേശവാസികളുമായ് യാതൊരു ഗുണദോഷഫലത്തിനു വഷിയില്ലാതെ ഇരിക്കകൊണ്ടു ഈ ഭാഷ ഗ്രഹിപ്പാന്‍ യെല്ലാ ജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ ആവശ്യമായതുകൊണ്ടു ആസിമായ ഞാന്‍ ഇതിലേക്ക് ഉപയോഗിക്കപ്പെട്ട കിത്താബുകളെ മുത്വാലിഅത്തു ചെയ്തു. ഇതിന്റെ അഹ്‌ലുകാരെ മുഹാവരത്തുകളെ ലിഹാളു ചെയ്തും എളുപ്പത്തില്‍ ഈ ഭാഷ മനസിലാക്കുവാനും സംസാരിപ്പാനും വേണ്ടി ഈ കിത്താബിനെ കോര്‍വ ചെയ്തു. നുസ്‌റത്തുല്ലിസാന്‍ ബിലുഗാത്തില്‍ ഹിന്ദുസ്താന്‍ യെന്നു പേര് വെച്ചിരിക്കുന്നു'.
സുവര്‍ണ സൃഷ്ടി
പിന്നീട് അറബി അക്ഷരമാലയും ഫാര്‍സി (പേര്‍ഷ്യന്‍) അക്ഷരമാലയും കൂടെ മലയാളത്തിലുള്ള ഉച്ചാരണവും കൊടുത്തിട്ടുണ്ട്. ശേഷം 'ഹുറൂഫ് ഹിന്ദുസ്താനി' എന്ന തലക്കെട്ടില്‍ ഉര്‍ദു അക്ഷരമാലയിലെ സവിശേഷ അക്ഷരങ്ങള്‍ (അറബിയില്‍ ഇല്ലാത്ത അക്ഷരങ്ങള്‍) ആയിട്ടുള്ള പ്പെ, ട്ടെ, ഡാല്‍, ഡെ, ച്ചേ, ഴ, ഗാഫ്, എന്നിവയും ഇതോടൊപ്പം 'ഹ' എന്ന അക്ഷരം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഉര്‍ദുവിലെ അക്ഷരങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി എഴുതിയിട്ടുണ്ട്. പിന്നീട് അക്ഷരമാലകളെ കുറിച്ച് വളരെ വിശദമായി മാതൃക സഹിതവും സോദാഹരണവും തന്നെ പഠിതാക്കള്‍ക്ക് കൃത്യമായി ഉള്‍ക്കൊള്ളാന്‍ കഴിയും വിധം പരിചയപ്പെടുത്തിയിട്ടുണ്ട്.
ഉര്‍ദു ഭാഷയില്‍ വരുന്ന വ്യാകരണങ്ങളും കൂട്ടക്ഷരങ്ങളുമെല്ലാം തന്നെ സവിസ്തരം വിശദമാക്കുന്നുണ്ട്. നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ടി വരുന്ന ഉര്‍ദു പദങ്ങളും അവയുടെ അര്‍ഥങ്ങളുമാണ് വിവിധ പാഠങ്ങളായി കൊടുത്തിട്ടുള്ളത്. ഭാഷാശാസ്ത്രമനുസരിച്ച് അക്കാലത്ത് ഹൈദ്രോസ് മുസ്‌ലിയാര്‍ തയാറാക്കിയ ഈ ഉര്‍ദു പഠന സഹായിയുടെ കെട്ടും മട്ടും ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. അക്കങ്ങള്‍, ചിഹ്നങ്ങള്‍, ചോദ്യോത്തരങ്ങള്‍, മാതൃകാപാഠങ്ങള്‍, സംഭാഷണ ശൈലി, തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഈ കൃതിയെ മഹോത്തരമാക്കുന്നു. ഉര്‍ദുവില്‍ എപ്പോഴും കേള്‍ക്കുന്നവയും സംസാരിക്കുന്നവയുമായ പദങ്ങള്‍ അര്‍ഥസഹിതം വിശദീകരിക്കുന്ന ഒരു നിഘണ്ടുവാണ് മറ്റൊരു ഭാഗത്ത് കൊടുത്തിട്ടുള്ളത്.
'നുസ്‌റത്തുല്ലിസാന്‍ ബിലുഗാത്തി ഹിന്ദുസ്താന്‍' എന്ന അറബി മലയാള കൃതി ഈ കാലഘട്ടത്തില്‍ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നത് പ്രയോജനപ്രദവും പ്രസക്തവുമായിരിക്കും. ഭാഷാ ശാസ്ത്രമനുസരിച്ച് ഇത്രയും മനോഹരമായി തയാറാക്കിയ ഈ ഗ്രന്ഥം നമ്മുടെ സാഹിത്യകൃതികളിലെ അമൂല്യമായ ഒന്നാണ്. അപൂര്‍വമായ ഈ കൃതി ചിരകാല സംരക്ഷണം ആവശ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലെ ഉര്‍ദു ഭാഷാ സാഹിത്യചരിത്രത്തിലെ സുവര്‍ണ സൃഷ്ടി.
കേരളത്തില്‍ ഉര്‍ദു എന്ന ഹിന്ദുസ്താനി പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഈ ഭാഷ പഠിക്കാനായി കൊച്ചു കൊച്ചു സംവിധാനങ്ങള്‍ ഉ@ായിക്കൊ@ിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ശുജായി മൊയ്തു മുസ്‌ലിയാര്‍ 1890ല്‍ 'ഹിന്ദുസ്താനി ഭാഷാ പഠനം' എന്ന നാമത്തില്‍ ഒരു പുസ്തകം രചിച്ചത്. പിന്നീട് 1898ല്‍ ആലപ്പുഴയില്‍ നിന്ന് പണ്ഡിതനായ ഐദറൂസ് മുസ്‌ലിയാര്‍ 'നുസ്‌റത്തുലിസാന്‍ ബിലുഗാത്തില്‍ ഹിന്ദുസ്താന്‍' എന്ന പേരില്‍ രചിച്ചതാണ് ഈ രംഗത്തെ ബൃഹത്തായ കൃതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."