വിവാദമായപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ അനുപമയ്‌ക്കൊപ്പം
തിരുവനന്തപുരം: തട്ടിയെടുത്ത് ദത്ത് നല്‍കിയ കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ടുള്ള പെറ്റമ്മയുടെ സമരം തെരുവിലേക്ക് നീണ്ടപ്പോള്‍ സി.പി.എം നേതാക്കളും സര്‍ക്കാരും അനുപമയ്‌ക്കൊപ്പം. അനുപമയുടെ ആവശ്യത്തിന്‍മേല്‍ വനിതാ ശിശുക്ഷേമ വകുപ്പ് നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ദത്തുനല്‍കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദത്ത് നടപടികള്‍ നിര്‍ത്തിവച്ചതായി വഞ്ചിയൂര്‍ കോടതിയെയും അറിയിച്ചു. സി.പി.എം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗം പി.എസ് ജയചന്ദ്രന്‍ മകള്‍ അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെ മറയാക്കി മറ്റൊരു ദമ്പതികള്‍ക്ക് ദത്ത് നല്‍കിയ സംഭവം വിവാദമായതോടെ ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉള്‍പ്പെടെ വിമര്‍ശിച്ച് പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് രംഗത്തു വന്നതിന്റെ പിന്നാലെയാണ് സര്‍ക്കാരിന്റെ മനംമാറ്റം.
ആറു മാസമാണ് ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കാലാവധി. ഇതിന്റെ ആദ്യഘട്ടം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. കുഞ്ഞിനെ മറ്റൊരാള്‍ക്കു കൈമാറിയെങ്കിലും കോടതി നടപടികള്‍ അവസാനിക്കുന്നതോടെ മാത്രമേ ദത്ത് നടപടികള്‍ പൂര്‍ത്തിയാവൂ. കുഞ്ഞിന്റെ മാതാവ് പരാതിയുമായെത്തിയ സാഹചര്യത്തിലാണ് ദത്തിന്റെ അടുത്ത നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ശിശുക്ഷേമ സമിതിക്കും വനിതാ ശിശുവികസന ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്കും നിര്‍ദേശം നല്‍കി.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്താന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി അതനുസരിച്ചുള്ള തുടര്‍നടപടി സ്വീകരിച്ചു. ഇനി നിയമപരമായ നടപടിയാണുള്ളത്. അനുമപയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടി വഞ്ചിയൂര്‍ കോടതിയില്‍ അവസാനഘട്ടത്തിലാണ്. അനുപമയുടെ ആവശ്യം സംബന്ധിച്ചും കുഞ്ഞിനെ ലഭിക്കുന്നത് സംബന്ധിച്ചും സംസ്ഥാന ദത്തെടുക്കല്‍ ഏജന്‍സി പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വകുപ്പ് അന്വേഷണം നടത്തുന്ന വിവരവും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോടതിയുടെ അന്തിമവിധി വരുന്നതോടെ സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളിലേക്ക് പോകും. അതിലേക്ക് അനുപമയെ തള്ളിവിടാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ കണ്ടെത്തിയതു മുതല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന കൃത്യമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംഭവം വിവാദമായതോടെ ഇന്നലെ കൂടുതല്‍ സി.പി.എം നേതാക്കള്‍ അനുപമയ്ക്കനുകൂലമായ പ്രസ്താവനയുമായി രംഗത്തു വന്നു. പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍, പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി തുടങ്ങിയവരാണ് പരസ്യ പിന്തുണയുമായി രംഗത്തു വന്നു. എന്നാല്‍ പ്രസവിച്ച മൂന്നാം ദിവസം അനുപമയുടെ കുട്ടിയെ തട്ടികൊണ്ടുപോയ പിതാവ് പി.എസ് ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാന്‍ പൊലിസ് ഇതുവരെ തയാറായിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."