സൂപ്പര്‍ സണ്‍ഡേ
എല്‍ ക്ലാസിക്കോ
ബാഴ്‌സലോണ: ഏറെ കാലത്തെ ഇടവേളക്ക് ശേഷം കാംപ്നൗവിലെ പുല്‍നാമ്പുകള്‍ക്ക് ഇന്ന് വീണ്ടും തീപിടിക്കും. കൊവിഡ് കാരണം കാണികളെ വിലക്കിയിരുന്ന സ്റ്റേഡിയങ്ങളിലേക്ക് അടുത്തിടെയാണ് കാണികള്‍ തിരിച്ചെത്തിയിട്ടുള്ളത്. അതിനാല്‍ ഇന്നത്തെ എല്‍ ക്ലാസിക്കോയില്‍ കാംപ്നൗ നിറയുമെന്നാണ് പ്രതീക്ഷ.
കൊവിഡിന് ശേഷം നടക്കുന്ന ആദ്യ എല്‍ക്ലാസിക്കോ അയതിനാല്‍ മികച്ച പ്രേക്ഷക പിന്തുണ തന്നെ ലഭിക്കും. സീസണിലെ ആദ്യത്തെ എല്‍ക്ലാസിക്കോ പോരാട്ടമാണ് ഇന്ന് നടക്കുന്നത്. മെസ്സി ബാഴ്‌സലോണ വിട്ടതിന് ശേഷം നടക്കുന്ന ആദ്യ എല്‍ ക്ലാസിക്കോ എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ലാലിഗയില്‍ ഏഴാം സ്ഥാനത്തുള്ള ബാഴ്‌സലോണക്ക് സ്ഥാനം മെച്ചപ്പെടുത്തണമെങ്കില്‍ ഇന്ന് ജയം അനുവാര്യമാണ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബാഴ്‌സ ജയിച്ച് മടങ്ങുകയും ചെയ്യേണ്ടി വരും. സീസണില്‍ അടുത്തിടെയാണ് ബാഴ്‌സ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. ബാഴ്‌സലോണയുടെ പ്രധിരോധത്തില്‍ അറോഹോ ഇല്ലാത്താത് അവര്‍ക്ക് തിരിച്ചടിയാകും. അതേ സമയം മികച്ച ഫോമില്‍ നില്‍ക്കുന്ന റയല്‍ മാഡ്രിഡ് കാംപ്നൗ കീഴടക്കാമെന്ന പ്രതീക്ഷയിലാണ്. റയലിന്റെ മുന്നേറ്റ താരങ്ങളായ കരീം ബെന്‍സേമ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ ഇന്നും ഫോം തുടര്‍ന്നാണ് ബാഴ്‌സോലണയുടെ കാര്യം കഷ്ടത്തിലാകും. രാത്രി 7.45നാണ് മത്സരം.
ലോകകപ്പില്‍ ഇന്ത്യ - പാക് പോര്
ദുബൈ: ടി20 ലോകകപ്പിലെ ഇന്ത്യ - പാകിസ്താന്‍ പോരാട്ടം തന്നെയാണ് ഇന്നത്തെ പ്രധാന മത്സരങ്ങളിലൊന്ന്. ഏറെ കാലത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ വരുന്നത്.
ഇന്ത്യയിലെയും പാകിസ്താനിലെയും മുന്‍താരങ്ങളുടെ വാക്‌പോരിനിടെയാണ് ടി20 ക്രിക്കറ്റ് ലോകകപ്പിലെ മികച്ച പോരാട്ടം ഇന്ന് നടക്കുന്നത്. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നടക്കുന്നത്. ടിക്കറ്റുകള്‍ വില്‍പന തുടങ്ങിയ അന്നു തന്നെ ഇന്ത്യാ പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരുന്നു. കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിന് ശേഷം ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ജയം കുറിച്ച ടീമുകളാണ് ഇന്ത്യയും പാകിസ്താനും. അതിനാല്‍ ഇന്നത്തെ മത്സരത്തെ സസൂക്ഷമമായിട്ടാണ് ക്രിക്കറ്റ് പ്രേമികള്‍ വീക്ഷിക്കുന്നത്. നിലവില്‍ പാകിസ്താനെതിരേ ലോകകപ്പില്‍ അപരാജിത റെക്കോഡാണ് ഇന്ത്യക്കുള്ളത്. ടി20, ഏകദിന ലോകകപ്പുകളിലായി 12 തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കായിരുന്നു. ടി20 ലോകകപ്പില്‍ അഞ്ചും ഏകദിന ലോകകപ്പില്‍ ഏഴും തവണയാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തിട്ടുള്ളത്. ഇന്ത്യക്കെതിരായ മല്‍സരത്തിനുള്ള 12 അംഗ പാകിസ്താന്‍ ടീമിനെ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഓള്‍റൗ@ണ്ടര്‍മാരായ ഷുഐബ് മാലിക്ക്, മുഹമ്മദ് ഹഫീസ് എന്നിവരുള്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് പാകിസ്താന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 11 അംഗ അന്തിമ ഇലവനെ ഇന്ന് തീരുമാനിക്കുമെന്നു പാക് നായകന്‍ ബാബര്‍ ആസം വ്യക്തമാക്കി.
അതേ സമയം ഇന്ത്യയും മികച്ച പ്രതീക്ഷയിലാണ്. സന്നാഹമത്സരത്തില്‍ രണ്ടിലും മികച്ച ജയം സ്വന്തമാക്കിയ ഇന്ത്യ ഇന്നത്തെ മത്സരം അനായാസം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്. ഐ.പി.എല്ലില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത താരങ്ങളെല്ലാം ഇന്ത്യക്കൊപ്പമുള്ളത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ടെന്ന് പരിശീലകന്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഇന്ന് ദുബൈ അന്താരാഷ്ട സ്റ്റേഡിയത്തില്‍ തീ പാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം.
ആര് ചുവക്കും ?
മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗിലെ മികച്ച പോരാട്ടങ്ങളിലൊന്നാണ് ഇന്ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്നത്. പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - ലിവര്‍പൂള്‍ എന്നിവര്‍ തമ്മിലാണ് ഇന്നത്തെ പോരാട്ടം. രാത്രി ഒന്‍പതിനാണ് മത്സരം നടക്കുന്നത്. എട്ട് മത്സരത്തില്‍ നിന്ന് 18 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ലിവര്‍പൂള്‍ മികച്ച ഫോമിലാണ്. അതേ സമയം പട്ടികയില്‍ ആറാം സ്ഥാനത്തുള്ള യുനൈറ്റഡിന് ഇന്ന് ജയം അനുവാര്യമാണ്. ചാംപ്യന്‍സ് ലീഗില്‍ അറ്റ്‌ലാന്റക്കെതിരേ നടത്തിയ മികച്ച തിരിച്ചുവരവിന്റെ ആത്മവിശ്വാസം യുനൈറ്റഡിന് ചെറുതല്ലാത്ത രീതിയില്‍ കരുത്ത് പകരുന്നുണ്ട്. വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ടോട്ടന്‍ ഹാം വെസ്റ്റ് ഹാമിനെയും ഇതേ സമയത്ത് ലെസ്റ്റര്‍ സിറ്റി ബ്രന്റ് ഫോര്‍ഡിനെയും നേരിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."