വെളിപ്പെടുത്തലുമായി ജീവനക്കാര്‍ അനിത പുല്ലയിലിന് മോന്‍സന്റെ ഇടപാടുകള്‍ അറിയാമായിരുന്നു
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മോന്‍സണ്‍ മാവുങ്കലിന്റെ ജീവനക്കാര്‍. കേസില്‍ വഴിത്തിരിവുണ്ടാക്കാന്‍ സാധിക്കുന്ന നിര്‍ണായക വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് കത്തിച്ചതടക്കം മോന്‍സണു വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ മോന്‍സന്റെ മാനേജര്‍ ജിഷ്ണു, ഡ്രൈവര്‍ ജെയ്‌സണ്‍, ബോഡി ഗാര്‍ഡ് മാത്യു എന്നിവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞു.
അനിത പുല്ലയിലിന് മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ അറിയാമായിരുന്നുവെന്നും കലിംഗ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹത നിറഞ്ഞതാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. അറസ്റ്റിലായ ശേഷമാണ് മോന്‍സണ്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്ന് മാനേജര്‍ ജിഷ്ണു വ്യക്തമാക്കി.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ മോന്‍സണെ കണ്ടത് പരിശോധനകള്‍ക്കു വേണ്ടിയാണ്. മറ്റ് ഇടപാടുകള്‍ ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ല. മോന്‍സണ്‍ ആവശ്യപ്പെട്ട പ്രകാരം പോക്‌സോ കേസിലെ പരാതിക്കാരിയെ അടക്കം ചില വ്യക്തികളെ താന്‍ കണ്ടിട്ടുണ്ട്. കോടതിയില്‍വച്ചാണ് മോന്‍സണ്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. അറസ്റ്റിലായതിനു ശേഷവും താന്‍ നിരപരാധിയാണെന്ന് മോന്‍സണ്‍ തങ്ങളെ വിശ്വസിപ്പിച്ചെന്നും ജീവനക്കാര്‍ പറയുന്നു.
പെന്‍ഡ്രൈവ് കത്തിച്ച ശേഷം പല സ്ഥലങ്ങളിലായാണ് കളഞ്ഞിട്ടുള്ളത്. ജയില്‍മോചിതനാകുമ്പോള്‍ വാങ്ങിയ പണം തിരികെ തരുമെന്ന് താന്‍ മോന്‍സണ്‍ ആവശ്യപ്പെട്ട പ്രകാരം പലരോടും പറഞ്ഞെന്നും ജിഷ്ണു വെളിപ്പെടുത്തി.
മോന്‍സന്റെ വീട്ടില്‍ അന്‍പത് കാമറകളുണ്ട്. ഇവ എവിടെയൊക്കെ സ്ഥാപിച്ചിരുന്നെന്ന് അറിയില്ല. ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ തങ്ങള്‍ അറിഞ്ഞതെന്നും ജിഷ്ണു പറഞ്ഞു. 2016 ല്‍ അക്കൗണ്ടന്റായാണ് ജിഷ്ണു മോന്‍സനൊപ്പം ജോലി തുടങ്ങുന്നത്. ബോഡിഗാര്‍ഡ് ആയി കൂടെ ഉണ്ടായിരുന്നവരുടെ കൈവശം ഉള്ളത് വ്യാജ തോക്കുകളായിരുന്നു. യുട്യൂബ് ചാനലില്‍ വരേണ്ടതിന് മോന്‍സണ്‍ എഴുതി തന്ന കാര്യങ്ങള്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ജിഷ്ണു വ്യക്തമാക്കി. വഴിയില്‍ മോന്‍സന്റെ വാഹനത്തെ മറികടന്നവരെ പലപ്പോഴും അദ്ദേഹം പറഞ്ഞ പ്രകാരം ഉപദ്രവിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍ ജെയ്‌സണ്‍ പറഞ്ഞു. മോന്‍സണെ കുറിച്ചുള്ള പല കാര്യങ്ങളും അന്വേഷണം നടന്നപ്പോഴാണ് തിരിച്ചറിഞ്ഞത്. സത്യം മനസിലായപ്പോള്‍ ജോലി മതിയാക്കാന്‍ തീരുമാനിച്ചെന്നും ജീവനക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."