കരിപ്പൂരില്‍ വലിയ വിമാനങ്ങളില്ല ശൈത്യകാല ഷെഡ്യൂള്‍ 28 മുതല്‍
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം: കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വിസില്ലാതെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂള്‍ പുറത്തിറങ്ങി. ഷെഡ്യൂള്‍ 28 മുതല്‍ പ്രാബല്യത്തില്‍വരും. 2022 മാര്‍ച്ച് 31 വരെയുള്ള ഷെഡ്യൂളാണ് വിമാനക്കമ്പനികള്‍ പുറത്തിറക്കിയത്. കരിപ്പൂര്‍ വിമാനാപകട റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം അധികൃതര്‍ നീക്കാത്തതിനാലാണ് ശൈത്യകാല ഷെഡ്യൂളില്‍ ഇവ ഉള്‍പ്പെടാതിരുന്നത്.
കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതിനായി നിയോഗിച്ച ഒമ്പതംഗ സമിതിയുടെ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം അനുമതി നല്‍കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍, വ്യോമയാനമന്ത്രാലയം സെപ്റ്റംബര്‍ 11ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് വിമാനാപകട അന്വേഷണ റിപ്പോര്‍ട്ടിലെ 43 ശുപാര്‍ശകള്‍ പഠിച്ച് 60 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വ്യോമയാന മന്ത്രാലയം ഒമ്പതംഗ സമിതിയെ നിയോഗിച്ചു. എന്നാല്‍, സമിതി ഇതുവരെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയിട്ടില്ല.
കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ പുനരാരംഭിക്കുന്നതിനായി സഉദി എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവര്‍ ഡി.ജി.സി.എക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."