അണക്കെട്ട് തുറന്ന് വെള്ളം വെറുതേ പാഴാകുന്നു കൂടുതല്‍ രണ്ടാം നിലയങ്ങളുടെ സാധ്യത തേടി വൈദ്യുതി ബോര്‍ഡ്
ബാസിത് ഹസന്‍
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം ആസൂത്രണത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഇടുക്കിക്കു പിന്നാലെ കൂടുതല്‍ പദ്ധതികളില്‍ രണ്ടാം നിലയങ്ങള്‍ വൈദ്യുതി ബോര്‍ഡ് ആലോചനയില്‍. ന്യൂനമര്‍ദങ്ങളും അപ്രതീക്ഷിത അതിതീവ്രമഴയും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ച് അണക്കെട്ടുകള്‍ പൂര്‍ണസംഭരണശേഷിയിലേക്കെത്തുമ്പോള്‍ വെള്ളം തുറന്നുവിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ സ്ഥാപിതശേഷി ഉയര്‍ത്തി പീക്ക് സമയങ്ങളില്‍ ഇരട്ടി ഉല്‍പാദനം നടത്താന്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ പദ്ധതികളില്‍ രണ്ടാം നിലയങ്ങള്‍ സജീവമായി ആലോചിക്കുന്നത്.
ഇടുക്കി രണ്ടാം നിലയത്തിന്റെ വാണിജ്യ സാധ്യതാ റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ തയാറായതാണ്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാപ്‌കോസ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വിവിധ വകുപ്പുകളില്‍നിന്നു വിശദമായി ഡേറ്റ ശേഖരണം നടത്തി ഫീല്‍ഡ് വിസിറ്റ് അടക്കം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്ന നടപടിക്രമങ്ങളിലാണ് വാപ്‌കോസ്.
പുതിയ പവര്‍ ഹൗസിന്റെ സ്ഥാനം, ആവശ്യമായി വരുന്ന സ്ഥലം, പുറന്തള്ളുന്ന വെള്ളം ഒഴുക്കേണ്ട സ്ഥലം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, നിര്‍മാണ ചെലവ് തുടങ്ങി വിശദമായി പ്രദിപാദിക്കുന്ന ഡി.പി.ആര്‍ ആണ് തയാറാക്കുന്നത്. എട്ടരക്കോടി രൂപയ്ക്കാണ് വാപ്‌കോസിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത്. 2022 ല്‍ പണി തുടങ്ങാനായാല്‍ 2026 ല്‍ പദ്ധതി കമ്മിഷന്‍ ചെയ്യാനാകുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
രണ്ടാം നിലയം വരുന്നതോടെ ഇടുക്കിയുടെ സ്ഥാപിത ശേഷി 1560 മെഗാവാട്ടായി ഉയരും. 780 മെഗാവാട്ട് ശേഷിയുള്ള നിലവിലെ ആറ് മെഷിനുകളും പ്രവര്‍ത്തിപ്പിച്ചാല്‍ പ്രതിദിനം 1.9 കോടി യൂനിറ്റ് വരെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. രണ്ടാം നിലയം കൂടി വരുന്നതോടെ ഉല്‍പാദനം 3.8 കോടി യൂനിറ്റ് വരെ ഉയര്‍ത്താം. ഇടമലയാര്‍ രണ്ടാം നിലയം സംബന്ധിച്ച് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 75 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള നിലയമാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി ഒരു ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഡാം നിറയുന്ന അവസരത്തില്‍ വെള്ളം ഒഴുക്കിക്കളയേണ്ട സാഹചര്യം ഒഴിവാക്കുന്നതോടൊപ്പം പീക്ക് സമയങ്ങളില്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനും രണ്ടാം നിലയങ്ങളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 19 മുതല്‍ ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."