യു.എസില്‍ ഇന്ത്യന്‍ പെര്‍ഫ്യൂം ഉപയോഗിച്ച നാലുപേര്‍ക്ക് ബാക്ടീരിയ രോഗം; രണ്ടു മരണം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ നിര്‍മിത പെര്‍ഫ്യൂം ഉപയോഗിച്ച നാലുപേര്‍ക്ക് ബാക്ടീരിയ രോഗം ബാധിച്ചതായും ഇതില്‍ രണ്ടുപേര്‍ മരിച്ചതായും റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് കയറ്റിയയച്ച അരോമ തെറാപ്പി റൂം സ്പ്രേ പ്രമുഖ റീറ്റെയില്‍ കമ്പനിയായ വാള്‍മാര്‍ട്ട് പിന്‍വലിച്ചു.
അമേരിക്കന്‍ ആരോഗ്യ ഏജന്‍സിയായ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാള്‍മാര്‍ട്ട് വിപണിയില്‍ നിന്ന് ഉത്പന്നം പിന്‍വലിച്ചത്.
നാലുപേര്‍ക്ക് ബുര്ഖോല്ഡെരിയ സ്യൂഡോമല്ലെ ബാക്ടീരിയ മൂലമുള്ള മെലിയോയിഡോസിസ് രോഗം ബാധിക്കുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് നടപടി.
ജോര്‍ജിയ, കന്‍സാസ്, മിനസോട്ട, ടെക്സാസ് എന്നിവിടങ്ങളില്‍ നിന്നുള്ള നാലുപേര്‍ക്കാണ് രോഗം ബാധിച്ചത്. ജോര്‍ജിയ സ്വദേശിയായ രോഗികളിലൊരാളുടെ വീട്ടില്‍ ഈ പെര്‍ഫ്യൂം കണ്ടെത്തിയതോടെയാണ് പഠനം നടത്തിയത്. പെര്‍ഫ്യൂമില്‍ രോഗിയില്‍ കാണപ്പെട്ട അതേ ബാക്ടീരിയ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."