ഇടത് സര്‍ക്കാര്‍ ഫാസിസ്റ്റ് നയങ്ങള്‍ പിന്തുടരുന്നു: യൂത്ത് ലീഗ്
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ പിന്തുടരുകയാണ് കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസ് കൈകാര്യംചെയ്ത പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖ്യപ്രതികളില്‍ ഒരാളായ സ്വര്‍ണക്കടത്ത് കേസ് ആവിയായിപ്പോയത് കേരളം കണ്ടു. കൊടകര കുഴല്‍പ്പണക്കേസും വാലും തുമ്പുമില്ലാതെയാണ് സര്‍ക്കാര്‍ കൈകാര്യംചെയ്തത്. ബി.ജെ.പി, സി.പി.എം സഹകരണത്തിന്റെ ദൃഷ്ടാന്തങ്ങളാണ് ഈ കേസുകള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലവും ഈ സഹകരണത്തിന്റെ ബാക്കിപത്രമാണ്.
അധികാരം ഉപയോഗിച്ച് ഫാസിസം അടിച്ചേല്‍പ്പിക്കുന്ന ഇടതുനയം വ്യക്തമാക്കുന്ന സംഭവമാണ് കഴിഞ്ഞദിവസം എം.ജി യൂനിവേഴ്‌സിറ്റിയില്‍ അരങ്ങേറിയത്. ലഖിംപൂരില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ കര്‍ഷകരെ കാര്‍ കയറ്റിക്കൊന്നത് സമരംചെയ്യുന്ന കര്‍ഷകരോടുള്ള ബി.ജെ.പിയുടെ പക വ്യക്തമാക്കിയ സംഭവമാണ്. ദിനംപ്രതി വര്‍ധിപ്പിക്കുന്ന ഇന്ധനവില ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ പി. ഇസ്മായില്‍, ഭാരവാഹികളായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, കെ.എ മാഹിന്‍, സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."