ലഹരിക്കേസ്: സമീര്‍ വാങ്കഡെയ്‌ക്കെതിരേ സാക്ഷി 'നടന്‍ ഷാരൂഖില്‍നിന്ന് പണം തട്ടാന്‍ എന്‍.സി.ബി ശ്രമിച്ചു'
ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതില്‍ കോടികളുടെ ഡീലെന്നും സാക്ഷി പ്രഭാകര്‍ സെയില്‍
മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായ ആഡംബര കപ്പലിലെ ലഹരിക്കേസില്‍ പുതിയ വഴിത്തിരിവ്. ഷാരൂഖ് ഖാനില്‍നിന്നു പണം തട്ടാന്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ മേധാവി സമീര്‍ വാങ്കഡെ കൂടി അറിഞ്ഞുള്ള തിരക്കഥയാണ് നടക്കുന്നതെന്ന് കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തി.
സമീര്‍ വാങ്കഡെയും സ്വകാര്യ ഡിറ്റക്ടീവെന്ന് അവകാശപ്പെടുന്ന കെ.പി ഗോസാവി, സാം ഡിസൂസ എന്നിവരും ചേര്‍ന്ന് ഷാരൂഖ് ഖാനില്‍നിന്ന് പണംതട്ടാന്‍ രൂപപ്പെടുത്തിയ തിരക്കഥയാണ് ആര്യന്‍ഖാന്റെ അറസ്റ്റെന്നാണ് വെളിപ്പെടുത്തല്‍.
ഈ സംഭവത്തിനു പിന്നില്‍ 18 കോടി രൂപയുടെ ഡീലാണ് നടക്കാന്‍ പോകുന്നതെന്നും അതില്‍ എട്ടു കോടി സമീര്‍ വാങ്കഡെയ്ക്ക് ലഭിക്കുമെന്നുമാണ് പ്രഭാകര്‍ സെയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. കേസില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നേരത്തേതന്നെ ശിവസേനയും മഹാരാഷ്ട്ര സര്‍ക്കാരിലെ പ്രമുഖരും രംഗത്തെത്തിയിരുന്നു.
കേസിലെ മറ്റൊരു സാക്ഷി കൂടിയായ കെ.പി ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകര്‍ സെയില്‍. 25 കോടിയുടെ പദ്ധതി 18 കോടിയില്‍ ഓതുക്കാമെന്നും എട്ടു കോടി സമീര്‍ വാങ്കഡെയ്ക്കു നല്‍കാമെന്നും ഈ മാസം മൂന്നിന് ഗോസാവിയും സാം ഡിസൂസ എന്നയാളും നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞതായാണ് ആരോപണം.
ആര്യന്‍ഖാനെ എന്‍.സി.ബി ഓഫിസിലെത്തിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം കെ.പി ഗോസാവിയെടുത്ത സെല്‍ഫി വൈറലായിരുന്നു.
കപ്പലില്‍ റെയ്ഡ് നടക്കുമ്പോള്‍ എന്‍.സി.ബിയോടൊപ്പം ഗോസാവിയും ചില ബി.ജെ.പി നേതാക്കളും ഉണ്ടായിരുന്നതു നേരത്തെ സംശയത്തിനിടയാക്കിയിരുന്നു. പൂനെ പൊലിസ് 2018ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു വഞ്ചനാ കേസില്‍ ഗോസാവി പ്രതിയാണെന്ന് ഇതിനുപിന്നാലെ കണ്ടെത്തി.
സാം ഡിസൂസ ആരാണെന്നതു വ്യക്തമല്ല.
ഷാരൂഖ് ഖാന്റെ മാനേജരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും ആരോപണമുണ്ട്.
ജീവനില്‍ പേടിയുള്ളതിനാലാണ് കോടതിയില്‍ സമര്‍പ്പിക്കാനായി ഈ സത്യവാങ്മൂലം തയാറാക്കിയതെന്നും സാക്ഷിയാക്കാമെന്നു പറഞ്ഞ് നിരവധി പേപ്പറുകളില്‍ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഒപ്പിടുവിച്ചിരുന്നതായും പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."