മുല്ലപ്പെരിയാറില്‍ 137 അടി കടന്ന് ആശങ്ക
സ്വന്തം ലേഖകന്‍
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി എട്ടിന് 137 അടിയിലെത്തി. വൃഷ്ടിപ്രദേശത്ത് ഇന്നലെ 2.18 സെ.മീ. മഴയാണ് ലഭിച്ചത്. പകല്‍ സമയത്ത് മഴ താരതമ്യേന കുറവായിരുന്നെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്.
വനത്തില്‍ മഴ ശക്തമായി തുടരുന്നതാണ് കാരണം. സെക്കന്‍ഡില്‍ 5,700 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 2,200 ഘനയടിയായി ഇന്നലെ രാവിലെ മുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മഴ ശക്തമായതോടെ വൈഗ അണക്കട്ടിലെ ജലനിരപ്പ് ഇന്നലെ 58 അടിയിലെത്തി. 71 അടിയാണ് പരമാവധി സംഭരണശേഷി.
മുല്ലപ്പെരിയാറില്‍ സുപ്രിംകോടതി വിധിക്കു മുമ്പുള്ള പരമാവധി ജലനിരപ്പായിരുന്ന 136 അടി ശനിയാഴ്ച വൈകിട്ട് പിന്നിട്ടതോടെ തമിഴ്നാട് ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ രണ്ടാം ജാഗ്രതാ നിര്‍ദേശം നല്‍കും. 140 അടി എത്തുമ്പോള്‍ ഡാം തുറക്കുന്നതിന്റെ ഭാഗമായി ആദ്യം ജാഗ്രതാ മുന്നറിയിപ്പ് നല്‍കും. 141 ല്‍ രണ്ടാമത്തെ ജാഗ്രത മുന്നറിയിപ്പും 142 ല്‍ അവസാന മുന്നറിയിപ്പും നല്കി സ്പില്‍വേ വഴി വെള്ളമൊഴുക്കും. ഈ വെള്ളം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലെത്തും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി ഏഴിന് 2398.22 അടിയാണ്. ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് നിലവില്‍ പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്.
ഇതിനിടെ പെരിയാറിന്റെ തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് എന്‍.ഡി.ആര്.എഫിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."