കശ്മിരില്‍ മഞ്ഞുവീഴ്ച
കാര്‍ഗിലില്‍ നിന്ന്
മനു റഹ്മാന്‍
ദ്രാസ് (ലഡാക്ക്): കശ്മിരിലെ അനന്ത്‌നാഗില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ അഞ്ചുപേര്‍ മരിച്ചു. കാര്‍ഗില്‍ ജില്ലയിലെ ദ്രാസ് മേഖലയില്‍ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അയ്യായിരത്തോളം പേര്‍ കുടുങ്ങി. ഇവരെ ഇന്നലെ രാത്രിയോടെ സൈന്യം രക്ഷപ്പെടുത്തി കാര്‍ഗിലിലെത്തിച്ചു.
സൗത്ത് കശ്മിരിലെ സിന്‍താന്‍ പാസില്‍ കുടുങ്ങിയ നിരവധി പേരെയും രക്ഷപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്ത് കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുള്ളതായാണ് വിവരം.
ഗതാഗതം പൂര്‍ണമായി തടസപ്പെട്ടതോടെ പത്തു കിലോമീറ്ററോളം നടന്നാണ് രക്ഷാപ്രവര്‍ത്തകര്‍ക്കു സ്ഥലത്തെത്താനായത്. രക്ഷപ്പെട്ടവരില്‍ പലരും ആശുപത്രികളില്‍ ചികിത്സയിലാണ്.
മണാലി-ലേഹ് റോഡ് അടച്ചതോടെയാണ് ഡല്‍ഹി, ജമ്മു, ശ്രീനഗര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് പുറപ്പെട്ടവര്‍ ദ്രാസില്‍ കുടുങ്ങിയത്. ലേഹ് -ശ്രീനഗര്‍ പാതയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ലേഹില്‍നിന്നു പുറപ്പെട്ടവര്‍ രാത്രി ഒമ്പതോടെ കാര്‍ഗില്‍ മേഖലയില്‍ എത്തുമ്പോള്‍ മഴ തുടങ്ങി. തൊട്ടുപിന്നാലെയാണ് മഞ്ഞുവീഴ്ച ഉണ്ടായതെന്ന് ഈ റൂട്ടില്‍ യാത്ര ചെയ്ത ദോഡ സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ ഇജാസ് അഹമ്മദ് പറഞ്ഞു.
കാര്‍ഗിലും ദ്രാസും പിന്നിട്ട മിക്ക വാഹനങ്ങളും ഇതോടെ ദ്രാസിലേക്ക് തന്നെ മടങ്ങി. ശ്രീനഗറിലേക്ക് പുറപ്പെട്ടവരെല്ലാം ചെറുപട്ടണമായ ദ്രാസില്‍ വാഹനങ്ങളില്‍ കുടുങ്ങി. ലേഹ് പൊലിസ് സ്‌റ്റേഷന് തൊട്ടടുത്തുള്ള പോസ്റ്റ് ഓഫിസ് കെട്ടിടത്തിലെ മുറിയിലേക്ക് പൊലിസ് ഇവരെ മാറ്റിയെങ്കിലും കടുത്ത തണുപ്പും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തതും വൈദ്യുതിയില്ലാത്തതും ദുരിതമേറ്റി. തുടര്‍ന്നാണ് സൈന്യമെത്തി ഇവരെ കാര്‍ഗിലിലെത്തിച്ചത്.
പ്രദേശത്ത് രണ്ടു ദിവസംകൂടി മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മഞ്ഞുവീഴ്ച അവസാനിച്ചാലും പാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരും. കണ്ണൂരില്‍നിന്ന് ഒന്നര മാസം മുമ്പ് രണ്ട് ബുള്ളറ്റുകളിലായി കശ്മിരിലെത്തിയ ഇരിട്ടി സ്വദേശി നൂറുവും മൂന്നു സുഹൃത്തുക്കളും കുടുങ്ങിയവരില്‍ പെടുന്നു.
കുടുങ്ങിയവരില്‍
മലയാളി മാധ്യമപ്രവര്‍ത്തകനും
കോഴിക്കോട്: കശ്മിരിലെ ദ്രാസില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയവരില്‍ മലയാളി മാധ്യമപ്രവര്‍ത്തകനും. സുപ്രഭാതം സീനിയര്‍ സബ് എഡിറ്ററും കോഴിക്കോട് സ്വദേശിയുമായ മനു റഹ്മാനാണ് ദ്രാസില്‍ കുടുങ്ങിയത്.
സൈനികരെത്തി മനുവിനെയും ഒപ്പമുള്ളവരെയും 240 കിലോമീറ്റര്‍ ദൂരെ കാര്‍ഗിലില്‍ എത്തിച്ചു. മലയാളികളെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് മനുവും മറ്റും ദ്രാസില്‍ എത്തിയത്.
കാലിക്കറ്റ് പ്രസ്‌ക്ലബില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് അവര്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്, എം.കെ രാഘവന്‍ എം.പി, ജില്ലാ കലക്ടര്‍ എന്നിവരെ വിവരം ധരിപ്പിച്ചിരുന്നു. സംഘത്തിലുള്ളവരുമായി സംസാരിച്ചെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും ലേഹ് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."