ആര്യാ രാജേന്ദ്രന് സൗന്ദര്യമുണ്ട്.. പക്ഷേ വായില്‍ വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്: മേയറെ അധിക്ഷേപിച്ച് കെ മുരളീധരന്
തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശവുമായി കെ. മുരളീധരന് എം.പി. കാണാന്‍ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്ന് മുരളീധരന് പറഞ്ഞു.
ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ മേയറെ നോക്കി 'കനകസിംഹാസനത്തില്‍...' എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോണ്‍ഗ്രസിന്റെ സമരത്തിലായിരുന്നു മുരളീധരന്റെ വാക്കുകള്‍.
'കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇത്.'- മുരളീധരന് പറഞ്ഞു.
'കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്മെന്റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന് നോക്കുകയാണ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നത്'-മുരളി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."