നരബലിക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍
മംഗളൂരു: നരബലിക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍.ദാവണ്‍ഗരെ ന്യാമതി താലൂക്കിലെ രാമേശ്വര വില്ലേജ് പരിധിയില്‍ താമസിക്കുന്ന ഡോ.ചന്നകേശപ്പ (45) യെയാണ് പൊലിസ് അറസ്റ്റു ചെയ്തത്.ഇയാളുടെ ഭാര്യ ശില്പ മരിച്ച കേസിലാണ് അറസ്റ്റ്.
മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്ന ഡോക്ടര്‍ ഉയര്‍ന്ന അളവില്‍ ഡെക്‌സമെത്തസോണ്‍ മരുന്ന് കുത്തിവച്ചതിനെ തുടര്‍ന്ന് ശില്‍പയുടെ രക്തസമ്മര്‍ദ്ദം കുത്തനെ കുറയുകയും ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ശില്‍പയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ ഇവര്‍ മരിച്ചു.ഇക്കഴിഞ്ഞ ഫെബ്രുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം.ഇതേ തുടര്‍ന്ന് ശില്‍പയുടെ മാതാപിതാക്കള്‍ മകളുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നു കാണിച്ചു നല്‍കിയ പരാതിയില്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രാരംഭ ഘട്ടത്തില്‍ ഡോക്ടര്‍ നിരപരാധിയാണെന്ന് പൊലിസ് നിഗമനത്തില്‍ എത്തിയിരുന്നു.
എന്നാല്‍ വിശദമായ അന്വേഷണം നടത്തിയതോടെ ഏറെ ഭൂസ്വത്തുള്ള ഡോക്ടര്‍ മദ്യപാനിയും, കാസിനോകളിലെ ചൂതാട്ട കേന്ദ്രങ്ങളില്‍ നിത്യ സന്ദര്‍ശകന്‍ ആയിരുന്നെന്നും പൊലിസ് കണ്ടെത്തി. ഇതിനു പുറമെ മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്ന ഡോക്ടര്‍ക്ക് നിധി ലഭിക്കാനുണ്ടെന്നും അത് കിട്ടണമെങ്കില്‍ ഒരു നരബലി നല്‍കണമെന്നും മന്ത്രവാദി ഇയാളോട് നിര്‍ദേശിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. സ്വന്തം ഭാര്യയെ തന്നെ ഡോക്ടര്‍ നരബലി നടത്താന്‍ തീരുമാനിക്കുകയും കൊലപ്പെടുത്തുന്നതിനു വേണ്ടി ഭാര്യക്ക് അമിതമായി ഡെക്‌സമെത്തസോണ്‍ മരുന്ന് കുത്തിവെക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) റിപ്പോര്‍ട്ടില്‍ അമിതമായി മരുന്ന് കുത്തി വച്ചതിനെ തുടര്‍ന്നാണ് ശില്പ മരിച്ചതെന്ന് സ്ഥിരീകരിച്ച തോടെ പൊലിസ് ഡോക്ടറെ അറസ്റ്റു ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."