അന്‍വറിന്റെ ഭാര്യാപിതാവിന്റെ തടയണ പൊളിച്ചില്ല ; പഞ്ചായത്ത് സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടിസ്
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ തടയണകള്‍ പൊളിക്കണമെന്ന ഉത്തരവു നടപ്പാക്കാത്തതിനെ തുടര്‍ന്നു കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ നോട്ടിസ്. പി.വി.ആര്‍ നാച്വറോ റിസോര്‍ട്ടിന്റെ ഭാഗമായി നിര്‍മിച്ച നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്. ഉത്തരവ് നടപ്പാക്കാത്തതിന് റിസോര്‍ട്ട് മാനേജര്‍ക്കും ഹൈക്കോടതി നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കലക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതില്‍ നടപടിയാവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എന്‍. നഗരേഷ് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നു നിര്‍ദേശിച്ചത്.
പ്രകൃതിദത്തമായ നീരൊഴുക്ക് തടസപ്പെടുത്തി നിര്‍മിച്ച നാലു തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്വന്തം ചെലവില്‍ പൊളിച്ചുനീക്കി ചെലവായ തുക തടയണ കെട്ടിയവരില്‍ നിന്നും ഈടാക്കണമെന്നും കോഴിക്കോട് കലക്ടര്‍ കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ഉത്തരവിട്ടത്.
ഒരു മാസത്തെ സമയപരിധി കഴിഞ്ഞിട്ടും കൂടരഞ്ഞി പഞ്ചായത്ത് തടയണ പൊളിച്ചില്ല. തടയണ പൊളിക്കേണ്ടതില്ലെന്ന സമീപവാസികളില്‍ ചിലരുടെ നിവേദനം കണക്കിലെടുത്ത് പൊളിക്കാതിരിക്കാനുള്ള പോംവഴി പഞ്ചായത്ത് അധികൃതര്‍ തേടുന്നതിനിടെയാണ് ടി.വി രാജന്‍ തടയണ പൊളിക്കാന്‍ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
സമുദ്രനിരപ്പില്‍ നിന്നും 3,000 അടി ഉയരത്തില്‍ നിയമം ലംഘിച്ച് നിര്‍മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹരജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കലക്ടര്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചുമാസമായിട്ടും കലക്ടര്‍ അനധികൃത തടയണകള്‍ക്കും നിര്‍മാണങ്ങള്‍ക്കുമെതിരേ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ രാജന്‍ കലക്ടര്‍ക്കെതിരേ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 2018ല്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിയുടെ ഭാഗമാണ് പി.വി.ആര്‍ നാച്വറോ റിസോര്‍ട്ട്.
സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയാണ് തടയണകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."