എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരായ അക്രമം; പ്രതിപക്ഷം വാക്കൗട്ട് നടത്തി 'എസ്.എഫ്.ഐ അതിക്രമവും' സഭയില്‍; മൗനത്തില്‍ തന്നെ മുഖ്യമന്ത്രി
തിരുവനന്തപുരം: എം.ജി സര്‍വകലാശാലയില്‍ എ.ഐ.എസ്.എഫ് വനിതാ നേതാവിന് എതിരേയുള്ള എസ്.എഫ്.ഐ അക്രമം സബ്മിഷനായി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായ ദലിത് പെണ്‍കുട്ടി ആക്രമിക്കപ്പെടുകയും ലൈംഗികാതിക്രമത്തിനും ജാതി അധിക്ഷേപത്തിനും ഇരയായത് ലജ്ജാകരമായ സാഹചര്യമാണെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയോട് വിദ്യാര്‍ഥി സംഘടനയുടെ നേതാക്കള്‍ ചെയ്ത ക്രൂരകൃത്യം പുറത്തുപറയാന്‍ കൊള്ളാത്തതാണെന്നും ഇവരാണോ നാളെയുടെ നേതാക്കളായി വളരുന്നതെന്നും സതീശന്‍ ചോദിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നവര്‍ എത്ര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് മുഖ്യമന്ത്രി അന്വേഷിക്കണം. ഗുണ്ടാസംഘമായി ഇവര്‍ വളരുകയാണ്. മന്ത്രിയുടെ സ്റ്റാഫംഗവും അക്രമി സംഘത്തിലുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ എഫ്.ഐ.ആറില്‍ ഇയാളുടെ മാത്രം പേരില്ല. മറ്റെല്ലാവരും പ്രതികളാണ്. മന്ത്രിയുടെ സ്റ്റാഫില്‍പ്പെട്ടയാള്‍ക്കെതിരേ കേസെടുക്കില്ലേ? അയാള്‍ ഇപ്പോഴും നിങ്ങളുടെ സ്റ്റാഫില്‍ ഉണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും നിങ്ങളുടെ മകളെ പോലൊരു പെണ്‍കുട്ടിക്ക് എതിരേയാണ് അതിക്രമമെന്നത് മിണ്ടാതിരിക്കുന്ന സി.പി.ഐ മന്ത്രിമാരുടെ മനസിലുണ്ടാകണമെന്നും സതീശന്‍ പറഞ്ഞു.
അതേസമയം, സബ്മിഷിന് മറുപടി പറയേണ്ട മുഖ്യമന്ത്രി മൗനം പാലിച്ചു. പകരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദുവാണ് മറുപടി നല്‍കിയത്. സംഭവത്തില്‍ നാലു കേസുകള്‍ കോട്ടയം ഗാന്ധിനഗര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരുന്നതായി മന്ത്രി പറഞ്ഞു. കേരളത്തിലെ കലാലയ കാംപസുകള്‍ സ്വതന്ത്രമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കാംപസുകളെല്ലാം ജാതിപരമായ വിവേചനം, ലിംഗവിവേചനം, റാഗിങ് എന്നിവയില്‍ നിന്നും മുക്തമാണെന്നും മന്ത്രി പറഞ്ഞു. ഇതിനുവിരുദ്ധമായി ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ സ്ഥാപനമേധാവികള്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഈ സംഭവവുമായി ബന്ധപ്പെട്ട ഒരാള്‍പോലും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ സ്റ്റാഫില്‍ അംഗമായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
അക്രമണത്തെക്കുറിച്ച് ഒരക്ഷരം പോലും മന്ത്രി മറുപടിയില്‍ പരാമര്‍ശിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സബ്മിഷനുമായി ബന്ധപ്പെട്ട് ഒന്നും പറയാന്‍ മന്ത്രി തയാറായില്ലെന്ന് പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പോക്കിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. എന്തും പറയാമെന്ന സ്ഥിതിയാണ്. അങ്ങനെയെങ്കില്‍ എന്തിനാണ് പ്രതിപക്ഷം നിയമസഭയില്‍ വരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."