ലേഖിംപൂര്‍ ; സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കാന്‍ യു.പി സര്‍ക്കാരിന് നിര്‍ദേശം
ന്യൂഡല്‍ഹി: ലേഖിംപൂര്‍ കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കാന്‍ യു.പി സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. സാക്ഷികളുടെ വീട്ടില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കുകയും ഹോംഗാര്‍ഡുകളെ നിയമിക്കുകയും ചെയ്യാം.
സാക്ഷികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴിരേഖപ്പെടുത്തുന്ന നടപടി അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനും ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സൂര്യാകാന്ത്, ഹിമാ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ഇതിനായി മജിസ്‌ട്രേറ്റ് ലഭ്യമല്ലെങ്കില്‍ ജില്ലാ ജഡ്ജി മറ്റൊരു മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തണം. കൂടുതല്‍ സാക്ഷികളെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനും യു.പി സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
കേസിലെ എല്ലാ പ്രതികളെയും പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ ഒരാളെ ഒഴിവാക്കിയത് എന്തിനെന്ന് കോടതി ചോദിച്ചു. കേസില്‍ 68 സാക്ഷികളുണ്ടെന്നും 164ാം വകുപ്പുപ്രകാരം 30 പേരുടെ മൊഴി രേഖപ്പെടുത്തിയതായും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചു. ഇതില്‍ 23 പേര്‍ ദൃക്‌സാക്ഷികളാണെന്നും സാല്‍വേ പറഞ്ഞു.
തുടര്‍ന്ന് നൂറുകണക്കിന് കര്‍ഷകര്‍ നടത്തിയ റാലിയില്‍ നടന്ന സംഭവത്തില്‍ 23 ദൃക്‌സാക്ഷികള്‍ മാത്രമേയുള്ളൂവെന്ന് സുപ്രിംകോടതി ചോദിച്ചു. ദൃക്‌സാക്ഷികളെ കണ്ടെത്താന്‍ പരസ്യം നല്‍കിയിരുന്നുവെന്നും നിരവധി വിഡിയോ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നുമായിരുന്നു സാല്‍വെയുടെ മറുപടി. എന്നാല്‍, ഈ മറുപടിയില്‍ ബെഞ്ച് തൃപ്തരായില്ല. സ്ഥലത്ത് 4,000 മുതല്‍ 5,000 വരെ ആളുകളുണ്ടായിരുന്നു. അതില്‍ ഭൂരിഭാഗവും പ്രദേശത്തുകാരുമായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് അവര്‍ പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ നിന്ന് ദൃക്‌സാക്ഷികളെ കണ്ടെത്തുന്നത് ഇത്ര വലിയ പ്രയാസമുള്ള കാര്യമാണോയെന്ന് ജസ്റ്റിസ് സൂര്യകാന്ത് തിരിച്ചു ചോദിച്ചു.
സംഘര്‍ഷത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ ശ്യാംസുന്ദറും മാധ്യമപ്രവര്‍ത്തകന്‍ രമണ്‍ കശ്യപും കൊല്ലപ്പെട്ടത് സംബന്ധിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം എട്ടിന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."