പ്രതിസ്ഥാനത്ത് ശിശുക്ഷേമ സമിതി
എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്ന അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിനെ അവരുടെ സമ്മതമില്ലാതെ ദത്തുനല്‍കിയതില്‍ മുഖ്യപ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ശിശുക്ഷേമ സമിതിയാണ്. സി.പി.എം പ്രാദേശിക നേതാവായ അനുപമയുടെ അച്ഛന്‍ എസ്. ജയചന്ദ്രന്റെ സ്വാധീനമാണ് സര്‍ക്കാരും സി.പി.എമ്മും ഈ ദുരഭിമാന കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കാന്‍ കാരണമായത്. അതിനൊപ്പം ശിശുക്ഷേമ സമിതിയും നിന്നുവെന്നതാണ് ഈ ദുരഭിമാന കുറ്റകൃത്യത്തെ കൂടുതല്‍ പ്രക്ഷുബ്ധമാക്കുന്നത്.
ഇടതുപക്ഷമെന്ന് പറയപ്പെടുന്ന ഒരു പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തത് സംഭവിക്കുമ്പോള്‍ അത്തരം വീഴ്ചകള്‍ക്ക് കുടപിടിക്കേണ്ടിവരികയാണ് സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക്. അതാണ് ശിശുക്ഷേമ സമിതിയില്‍ സംഭവിച്ചത്. പാര്‍ട്ടിയും ഭരണകൂടവും പൊലിസും എസ്. ജയചന്ദ്രന്റെ ദുരഭിമാന കുറ്റകൃത്യത്തിന് കൂട്ടുനിന്നപ്പോള്‍ ശിശുക്ഷേമ സമിതി പോലുള്ള സ്ഥാപനങ്ങള്‍ക്ക് പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കേണ്ടിവന്നു. തലപ്പത്ത് പ്രതിഷ്ഠിക്കപ്പെടുന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനപ്പുറം ശിശുക്ഷേമ താല്‍പര്യം സംരക്ഷിക്കപ്പെടുകയെന്നത് പ്രാധാന്യമുള്ള വിഷയമായിത്തീരുന്നില്ല. അതിനാലാണ് അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കാന്‍ എല്ലാ നിയമങ്ങളും ചട്ടങ്ങളും മറികടക്കാന്‍ ശിശുക്ഷേമ സമിതിയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ അതിന്റെ ജനറല്‍ സെക്രട്ടറി ജെ.എസ് ഷിജുഖാനും തയാറായത്.
കുഞ്ഞിനെ ആന്ധ്രാ ദമ്പതികള്‍ക്ക് ദത്തുനല്‍കിയതുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ കുടുംബ കോടതി കഴിഞ്ഞദിവസം വിധിപറയാനിരിക്കെയാണ് വനിതാ, ശിശുക്ഷേമ വികസന വകുപ്പ് അനുപമയ്ക്ക് വേണ്ടി കോടതിയെ സമീപിച്ചത്. അനുപമയുടെ പരാതിയില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ശിശുക്ഷേമ സമിതിയെ രൂക്ഷമായ ഭാഷയിലാണ് കുടുംബ കോടതി വിമര്‍ശിച്ചത്. എന്നിട്ടും സി.പി.എം നേതാവും സി.പി.എം ജില്ലാ സെക്രട്ടറിയുമായ ആനാവൂര്‍ നാഗപ്പന്‍ ശിശുക്ഷേമ സമിതിയെയും അതിന്റെ ജനറല്‍ സെക്രട്ടറി ഷിജുഖാനെയും ന്യായീകരിക്കുകയായിരുന്നു. മനുഷ്യപക്ഷത്ത് നില്‍ക്കേണ്ട ഇടതുപക്ഷമെന്ന ലേബലില്‍ അറിയപ്പെടുന്ന സി.പി.എം ദുരഭിമാന കുറ്റകൃത്യത്തിനൊപ്പം നില്‍ക്കുകയായിരുന്നു ഇവിടെ. കുഞ്ഞിനെ ഉപേക്ഷിച്ചു കിട്ടിയതാണോ സ്വീകരിച്ചതാണോ എന്ന് കോടതിയില്‍പോലും വ്യക്തമാക്കാന്‍ ശിശുക്ഷേമ സമിതിക്കായില്ല. ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയെന്ന ശിശുക്ഷേമ സമിതിയുടെ സത്യവാങ്മൂലം അഴകൊഴമ്പന്‍ നിലപാടാണ്. ഇതില്‍ വ്യക്തതവരുത്തണമെന്നാണ് കഴിഞ്ഞദിവസം കോടതി ആവശ്യപ്പെട്ടത്.
വൈകിയാണെങ്കിലും ദത്ത് വിവാദത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലിസിനും ശിശുക്ഷേമ സമിതി മതിയായ വിവരങ്ങള്‍ നല്‍കുന്നില്ല. നിയമ പരിരക്ഷ ചൂണ്ടിക്കാട്ടി പൊലിസിന്റെ ചോദ്യങ്ങളോട് നിസഹകരിക്കുകയാണ് ശിശുക്ഷേമ സമിതി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇതോടെ പൊലിസ് അന്വേഷണം ഏതാണ്ട് വഴിമുട്ടിയിരിക്കുകയാണ്. കുഞ്ഞ് എവിടെയാണെന്ന് സമിതിക്ക് അറിയില്ല. ദത്ത് നല്‍കിയിട്ടുണ്ടോയെന്ന ചോദ്യത്തിനും മറുപടിയില്ല. എന്നാല്‍, കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കള്‍ നേരിട്ടുവന്ന് ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചതാണെന്നും അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചതല്ലെന്നും എല്ലാറ്റിനും സഹായകമായ നിലപാട് സ്വീകരിച്ചത് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും സൂപ്രണ്ട് ഷീബയുമാണെന്നും ശിശുക്ഷേമ സമിതി ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം നല്‍കിയ പരാതിയില്‍ അക്കമിട്ടുപറയുന്നുണ്ട്. സംഭവം നടന്ന ദിവസങ്ങളിലെ നടപടികള്‍ പകര്‍ത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഒക്ടോബര്‍ 22ന് അമ്മത്തൊട്ടില്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ശിശുക്ഷേമ സമിതിയിലെ ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്. ഷിജുഖാന്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അനുപമയുടെ മാതാപിതാക്കളും പേരൂര്‍ക്കടയിലെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗവും ഒക്ടോബര്‍ 22ന് രാത്രിയാണ് ആണ്‍കുഞ്ഞിനെ ഷിജുഖാനെ ഏല്‍പ്പിച്ചതെന്നും ജീവനക്കാര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരാതിയില്‍ മുഖ്യമന്ത്രി എന്തെങ്കിലും അന്വേഷണത്തിനു ഉത്തരവിട്ടതായി ഇതുവരെ അറിവില്ല. ആണ്‍കുഞ്ഞിനെ മലാല എന്ന പേരില്‍ പെണ്‍കുഞ്ഞാക്കി മാറ്റിയായിരുന്നു രജിസ്റ്ററില്‍ പേര് ചേര്‍ത്തത്. വിവാദമായപ്പോള്‍ വീണ്ടും ആണ്‍കുഞ്ഞാക്കി തിരുത്തല്‍വരുത്തി. ഇതെല്ലാം തെളിവുസഹിതം ശിശുക്ഷേമ സമിതിയിലെ ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്. ജോലി നഷ്ടപ്പെടുമെന്ന ഭയമുള്ളതിനാല്‍ ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. പാര്‍ട്ടി തന്നെ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പൊലിസുമായി മാറുന്ന വിചിത്ര കാഴ്ചകളാണ് ഈ സംഭവങ്ങളിലൂടെ വെളിപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."