വഖ്ഫ് നിയമനങ്ങള്‍ പി.എസ്.സിക്ക്; ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: വഖ്ഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ വ്യവസ്ഥ ചെയ്യുന്ന 2021ലെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (വഖ്ഫ് ബോര്‍ഡിന്റെ കീഴിലുള്ള സര്‍വീസുകള്‍ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. വഖ്ഫ് ബോര്‍ഡ് നിയമനങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് തടസവാദം ഉന്നയിച്ച എന്‍.ഷംസുദ്ദീന്‍ വഖഫ് സ്വത്തുക്കള്‍ക്ക് മതപരമായ പദവികളുണ്ടെന്നും അത് സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ബില്‍ മൗലികാവകാശങ്ങളുടെ ലംഘനമാകുമെന്നും നിയമപ്രശ്‌നങ്ങളുണ്ടായാല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വാദം സ്പീക്കര്‍ തള്ളി. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നിയമം ധൃതി പിടിച്ച് കൊണ്ടുവന്നതാണെന്ന് നിരാകരണ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കെ.പി.എ മജീദ് പറഞ്ഞു. ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചെങ്കിലും എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കീഴിലാക്കി.എന്നാല്‍ വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ എതിര്‍പ്പുയര്‍ന്നിട്ടും സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടു പോവുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഖ്ഫ് ബോര്‍ഡില്‍ ആകെ 125 ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. അതില്‍ ഇരുപതോളം പേര്‍ മാത്രമാണ് സ്ഥിരംജീവനക്കാര്‍. നിയമനം പി.എസ്.സിക്കു വിടുമ്പോള്‍ ശേഷിക്കുന്ന താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിതി എന്താകുമെന്ന് അദ്ദേഹം ചോദിച്ചു. ബില്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കേന്ദ്രത്തിന്റെ ഇടപെടലിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവരുന്നതെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ മറുപടി നല്‍കി. വഖഫ് ബോര്‍ഡിലെ നിയമനം പി.എസ്.സിയ്ക്ക് വിടുമ്പോള്‍ മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ നിയമനം ലഭിക്കൂവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."