സി.എ.എ വിരുദ്ധ സമരം: പിഴ അടയ്ക്കാന്‍ 20 രൂപ ചലഞ്ചുമായി യൂത്ത് ലീഗ്
കോഴിക്കോട്: സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരായ കേസുകളിലെ പിഴ അടയ്ക്കുന്നതിന് നവംബര്‍ ഏഴിന് 20 രൂപ ചലഞ്ചിലൂടെ ഫണ്ട് കണ്ടെത്താന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് 15 മാസത്തേക്ക് സസ്‌പെന്റ് ചെയ്യപ്പെട്ട എറണാകുളം കോതമംഗലം കൊടമുണ്ട എസ്.എസ്.എം.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ പല്ലാരിമംഗലം അബ്ദുല്‍കരീം സി.എ.എ വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഇരട്ടത്താപ്പിന്റെ ഇരയാണെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കരീമിന്റെ കേസിനും യൂത്ത്‌ലീഗ് സഹായം നല്‍കും. ഇന്ധനവിലവര്‍ധനവിനെതിരേ നവംബര്‍ ഒന്നിന് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.
യു.പി.എ സര്‍ക്കാരിന്റെയും യു.ഡി.എഫ് സര്‍ക്കാരിന്റെയും കാലത്തെ നികുതിയും മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും കാലത്തെ നികുതിയും താരതമ്യപ്പെടുത്തുന്ന ലിസ്റ്റ് വിതരണം ചെയ്യും. 1921ലെ മലബാര്‍ സമരത്തെ ആസ്പദമാക്കി നവംബര്‍ 19, 20, 21 തീയതികളില്‍ കോഴിക്കോട്ട് പുസ്തകമേള സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സെമിനാറുകളും ഉണ്ടാകും. സംസ്ഥാന കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ക്യാംപ് ഡിസംബര്‍ 3,4,5 തീയതികളില്‍ നടക്കും. വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ക്കായി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം നടപ്പിലാക്കും. യൂത്ത്‌ലീഗ് ഭാരവാഹികളെ തിരഞ്ഞെടുത്തതില്‍ തര്‍ക്കമില്ലെന്ന് ഫിറോസ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അടുത്ത അംഗത്വ കാംപയിനോടെ താഴെത്തട്ട് മുതല്‍ 20 ശതമാനം വനിതാസംവരണം നടപ്പാക്കും. ഇതിനായി സംഘടനാ ഭരണഘടനയില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ പി. ഇസ്മായീല്‍ വയനാടും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."