കെട്ടിട നിര്‍മാണ തടസങ്ങള്‍ ഒഴിവാക്കണം: റോഷി അഗസ്റ്റിന്‍
ചെറുതോണി : ജില്ലാ ആസ്ഥാനമായ ചെറുതോണിയിലെ കെട്ടിട നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് കാണിച്ച് പൊളിച്ചുമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും നിര്‍മ്മാണ തടസ്സം നീക്കുന്നതിനായി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ ഘട്ടങ്ങളിലും ശേഷവും നൂറ് കണക്കിന് കെട്ടിടങ്ങള്‍ ജില്ലാ ആസ്ഥാനത്തും സമീപ പ്രദേശത്തും നിര്‍മ്മിച്ചിരുന്നു.
പദ്ധതി പൂര്‍ത്തിയായതിന് ശേഷമാണ് വൈദ്യുത വകുപ്പ് നിര്‍മാണ നിരോധിതമേഖല നിശ്ചയിച്ചത്. ഇത് ചെറുതോണി ടൗണിന്റെ വികസനത്തിന് തടസ്സമാകുന്ന വിധത്തിലാണ്. അര നൂറ്റാണ്ടിലേറെക്കാലമായി ഒരു കാലത്തും ഈ മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ലാത്ത സാഹചര്യമാണുള്ളത്.
ഇത്തരം മേഖലയിലെ നിര്‍മാണമാണ് പൊളിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളത്. റോഡിന്റെ ഒരു വശത്ത് നിര്‍മാണത്തിന് അനുമതി നിലനില്‍ക്കുകയും മറുവശത്ത് നിര്‍മാണത്തിന് തടസം നേരിടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ജില്ലാ ആസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വ്യാപാരികളും സംഘടനകളും കര്‍ഷകരും നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."