'ഇനിയുള്ളത് ഔദ്യോഗിക കാറും വസതിയും'; സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതു തിരിച്ചുനല്‍കാമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനുള്ള പൊലിസ് സുരക്ഷ വെട്ടിച്ചുരുക്കിയതില്‍ പ്രതികരണവുമായി വി.ഡി സതീശന്‍.
പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ചെറുതാണെന്ന് തന്നേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താനാണ് സുരക്ഷ കുറച്ചതെങ്കില്‍ വിരോധമില്ലെന്നും ഇനിയുള്ളത് ഔദ്യോഗിക കാറും വസതിയുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതും തിരിച്ചുനല്‍കാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കാറും വസതിയും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ ഇതിലൊന്നും ഭ്രമിക്കുന്നയാളല്ല. ഇതൊന്നും എന്നെ സംബന്ധിച്ചൊരു വിഷയമല്ല. പക്ഷേ വര്‍ഷങ്ങളായി പ്രതിപക്ഷ നേതാവിന് കേരളത്തില്‍ ഒരു സ്റ്റാറ്റസുണ്ട്. അതിടിച്ചു താഴ്ത്താനാവും സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതുെകാണ്ടൊന്നും എന്റെ സ്ഥാനം താഴില്ല. മന്ത്രിമാരുടെയും സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും ചീഫ് വിപ്പിന്റെയും ഒക്കെ താഴെയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് തനിക്ക് ഇസഡ് കാറ്റഗറിയിലെ സുരക്ഷ ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചത്. അവര്‍ തന്നെ വന്ന് തനിക്കുള്ള സൗകര്യങ്ങളെല്ലാം വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് വിപുലമായ സുരക്ഷാ സൗകര്യങ്ങള്‍ വേണ്ടെന്ന് അവരോട് നേരത്തെ വ്യക്തമാക്കിയിരുന്നു. തണ്ടര്‍ബോള്‍ട്ടോ മറ്റു സേവനങ്ങളോ വലിയ എസ്‌കോര്‍ട്ടോ വേണ്ടെന്ന തീരുമാനം നേരത്തെ അറിയിച്ചതാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ തിരക്കേറിയതും സംഘര്‍ഷ സാധ്യതയുള്ളതുമായ പ്രദേശങ്ങളും സന്ദര്‍ശിക്കേണ്ടി വരാം എന്നതിനാല്‍ ഒരു പൈലറ്റ് വാഹനത്തിന്റെ സേവനം മാത്രം മതിയെന്നും വ്യക്തമാക്കിയിരുന്നു.- വി.ഡി സതീശന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."