HOME
DETAILS

പെഗാസസിന് പിന്നിലെ ഗൂഢശക്തികള്‍

  
backup
October 28 2021 | 20:10 PM

4564562134-211

എന്‍.പി ചെക്കുട്ടി


ഈ വര്‍ഷം ജൂലൈ 20ന് ആഗോളപ്രശസ്തമായ പതിനേഴു മാധ്യമസ്ഥാപനങ്ങളുടെ അന്താരാഷ്ട്ര സഖ്യമാണ് ഇസ്‌റാഈല്‍ കമ്പനി എന്‍.എസ്.ഒ വികസിപ്പിച്ചു ലോകത്തെ പല രാജ്യങ്ങളുടെയും ഔദ്യോഗിക രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വില്‍പന നടത്തിയ മാരകമായ കംപ്യൂട്ടര്‍ 'പിടിച്ചെടുക്കല്‍' സംവിധാനത്തെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ബ്രിട്ടനിലെ ഗാര്‍ഡിയന്‍, അമേരിക്കയിലെ വാഷിങ്ടണ്‍ പോസ്റ്റ്, ഇന്ത്യയിലെ ദി വയര്‍ അടക്കമുള്ള ഈ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടത് പെഗാസസ് എന്നറിയപ്പെടുന്ന ഈ ട്രോജന്‍ സോഫ്ട്‌വെയര്‍ ഒളിച്ചിരിക്കുന്ന സന്ദേശങ്ങള്‍ തുറക്കുന്ന വ്യക്തിയുടെ ഫോണിലും കംപ്യൂട്ടറിലും രഹസ്യമായി കടന്നുകൂടുന്നു എന്നും അതിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തിയെടുക്കുക മാത്രമല്ല, കാമറയും മറ്റും രഹസ്യമായി പ്രവര്‍ത്തിപ്പിച്ചു വ്യക്തിയുടെ മുഴുവന്‍ സ്വകാര്യങ്ങളും ചോര്‍ത്തുന്നു എന്നുമാണ്. എന്നാല്‍, വിവരങ്ങള്‍ ചോര്‍ത്തല്‍ മാത്രമല്ല പെഗാസസ് ചെയ്യുന്നത്; കംപ്യൂട്ടറിലും ഫോണിലും വ്യക്തി അറിയാതെ രേഖകള്‍ സൃഷ്ടിക്കാനും പുറത്തുനിന്നും അത്തരം സംഗതികള്‍ അതിനകത്തു സ്ഥാപിക്കാനും കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പടുത്തിയത്. അതായതു പെഗാസസ് ഒരു വിവരം ചോര്‍ത്തല്‍ സംവിധാനം മാത്രമല്ല, കൃത്രിമമായി രേഖകള്‍ സൃഷ്ടിക്കാനും ആവശ്യമുള്ളയിടങ്ങളില്‍ നിക്ഷേപിക്കാനും അതിനു കഴിവുണ്ട്. വ്യക്തിയെ ഗുരുതരമായ പ്രതിസന്ധിയില്‍ എത്തിക്കാവുന്ന വിധം അയാളുടെ ഫോണില്‍ ഒളിച്ചിരുന്ന് അതിനു പ്രവര്‍ത്തിക്കാന്‍ കഴിയും.


അതാണ് പെഗാസസ് കേസിനെ വ്യത്യസ്തമാക്കുന്നത്. സാധാരണനിലയില്‍ സര്‍ക്കാരുകള്‍ ബന്ധപ്പെട്ട നിയമസംവിധാനങ്ങളുടെ അറിവും സമ്മതവും അനുസരിച്ചു വ്യക്തികളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താറുണ്ട്. അതിനു നിയമപരമായ പിന്‍ബലവുമുണ്ട്. മിക്ക രാജ്യങ്ങളിലും കോടതിയുടെയോ നിയമാനുസൃത അധികാരികളുടെയോ മുന്‍കൂര്‍ അനുവാദത്തോടെ മാത്രമേ അത് ചെയ്യാനാവുകയുള്ളൂ. എന്നാല്‍ പെഗാസസ് അതിനപ്പുറം കടന്നു വ്യക്തിയുടെ ഫോണും കംപ്യൂട്ടറും പിടിച്ചെടുത്ത് അതിനെ വ്യക്തിക്കെതിരേ വ്യാജമായ തെളിവുകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്നു. ഇന്ത്യയിലെയും മറ്റു ജനാധിപത്യ രാജ്യങ്ങളിലെയും നിയമങ്ങള്‍ പ്രകാരം അത്തരം പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണ്; അത് ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കപ്പെടും.
അതാണ് ഇന്ത്യന്‍ സുപ്രിംകോടതി പെഗാസസ് വിഷയത്തില്‍ ശക്തമായ നടപടികളിലേക്കു പോകാനുള്ള യഥാര്‍ഥ കാരണം. നിയമവാഴ്ച ഉറപ്പാക്കല്‍ കോടതിയുടെ പ്രാഥമിക ചുമതലയാണ്. ജൂലൈ മുതല്‍ ഇതു സംബന്ധിച്ച പരാതികള്‍ കോടതിയുടെ മുന്നില്‍ വന്നിരുന്നു. ഇന്ത്യയില്‍ ഇങ്ങനെ ചോര്‍ത്തപ്പെടുകയും പെഗാസസിന്റെ 'നിയന്ത്രണത്തിലാവുകയും' ചെയ്ത നൂറുകണക്കിന് ഫോണുകളും കംപ്യൂട്ടറുകളും ഉണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയത്. ഗാര്‍ഡിയനും വാഷിങ്ടണ്‍ പോസ്റ്റും വയറും പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്താകെ 50,000 ഫോണുകള്‍ ഇങ്ങനെ പെഗാസസ് വലയത്തില്‍ കുടുങ്ങിയതില്‍ ചുരുങ്ങിയത് 180 എണ്ണമെങ്കിലും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടേതാണ്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, റോയിട്ടേഴ്‌സ്, ഇക്കണോമിസ്റ്റ് , അസോസിയേറ്റഡ് പ്രസ്, അല്‍ ജസീറ, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ലെ മോണ്ടെ, എ.എഫ്.പി എന്നിങ്ങനെ ലോകത്തെ പ്രമുഖ മാധ്യമങ്ങളിലെ സമുന്നത പ്രവര്‍ത്തകരെയും എഡിറ്റര്‍മാരെയും അത് ലക്ഷ്യമിട്ടുണ്ട്. അവരില്‍ പലരും പല ഏകാധിപത്യ സര്‍ക്കാരുകളുടെയും ഭരണാധികാരികളുടെയും നോട്ടപ്പുള്ളികളുമായിരുന്നു. ചിലരെങ്കിലും അതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. കൊലയ്ക്കു സഹായകമായ വിവരങ്ങള്‍ അക്രമികള്‍ക്ക് ലഭിച്ചത് ഫോണുകള്‍ ചോര്‍ത്തിയത് വഴിയാകാമെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ 38 മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ഇത്തരത്തില്‍ ചോര്‍ത്തപ്പെടുക മാത്രമല്ല, അവയെ പെഗാസസ് വഴി ചില രഹസ്യശക്തികള്‍ നിയന്ത്രിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ കണ്ടെത്തി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളായി മാറിയിരുന്ന ദി വയര്‍ പത്രാധിപര്‍ സിദ്ധാര്‍ത്ഥ വരദരാജനും അറിയപ്പെടുന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ സഞ്ജയ് ഗുഹ താക്കൂര്‍ത്തയുമടക്കമുള്ളവരാണ് അതിലുള്ളത്. രാഹുല്‍ ഗാന്ധിയടക്കം പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും അടക്കം ആയിരക്കണക്കിനാളുകളെയാണ് ഇന്ത്യയില്‍ ഈ ചാരസംവിധാനം വഴി ലക്ഷ്യമിട്ടത്.


ആരാണ് ഈ ചാരസംവിധാനം ഉപയോഗപ്പെടുത്തുന്നത്? ഇസ്‌റാഈല്‍ കമ്പനി എന്‍.എസ്.ഒ തങ്ങളുടെ വെബ്‌സൈറ്റില്‍ ചൂണ്ടിക്കാണിക്കുന്നത് പെഗാസസ് 'ദേശീയസുരക്ഷാ' ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഏജന്‍സികള്‍ക്ക് മാത്രമേ നല്‍കപ്പെടുന്നുള്ളൂ എന്നാണ്. സ്വകാര്യവ്യക്തികള്‍ക്കോ സംവിധാനങ്ങള്‍ക്കോ അത് ലഭ്യമല്ല. അത് ഉപയോഗിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളാണ്. അതായത് പൊലിസ്, മിലിറ്ററി രഹസ്യാന്വേഷണ സംവിധാനങ്ങളാണ് പ്രധാനമായും അതിന്റെ ഉപഭോക്താക്കള്‍.


ചുരുങ്ങിയത് പത്തുരാജ്യങ്ങള്‍ക്കു ഈ സോഫ്ട്‌വെയര്‍ ഇസ്‌റാഈല്‍ നല്‍കിയിട്ടുണ്ട് എന്നാണ് ഇതുവരെയുള്ള അന്വേഷണങ്ങളില്‍ കാണാന്‍ കഴിയുന്നത്. അവയില്‍ ഇന്ത്യ, അസര്‍ബൈജാന്‍, സഊദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, മൊറോക്കോ, റുവാണ്ട, ഹങ്കറി, മെക്‌സിക്കോ, ഖസാക്കിസ്ഥാന്‍, ബഹ്‌റൈന്‍ എന്നിവയുള്‍പ്പെടുന്നു. ഈ രാജ്യങ്ങളുടെ ഒരു പ്രധാന സവിശേഷത, ഇന്ത്യയൊഴികെ മറ്റുള്ള രാജ്യങ്ങള്‍ ജനാധിപത്യ ഭരണക്രമത്തെ ബഹുമാനിക്കുകയോ പിന്തുടരുകയോ ചെയ്യുന്നവയല്ല എന്നതാണ്. പലതും രാജഭരണങ്ങളാണ്. ചിലതു പട്ടാളഭരണകൂടങ്ങളാണ്. ഹങ്കറിയെയും മെക്‌സിക്കോയെയും പോലുള്ള ചിലത് ജനാധിപത്യക്രമം എന്ന് പേരിനു പറയാമെങ്കിലും അമിതാധികാര പ്രവണതകള്‍ കാണിക്കുന്ന ഭരണകൂടങ്ങളാണ് അവിടെയുള്ളത്. ഇന്ത്യയെ സംബന്ധിച്ച് അത്തരമൊരു കൂട്ടുകെട്ടില്‍ ചെന്നുചാടുകയെന്നു പറഞ്ഞാല്‍ സത്യത്തില്‍ നാണക്കേടാണ്. കാരണം ഇന്ത്യയെ സംബന്ധിച്ച് മറ്റെന്തെല്ലാം കുറ്റംപറഞ്ഞാലും അതിന്റെ ജനാധിപത്യ ഭരണത്തെക്കുറിച്ചും പാര്‍ലമെന്ററി സംവിധാനത്തെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചും ലോകമെങ്ങും ബഹുമാനം നിലനിന്നിരുന്നു. പാശ്ചാത്യ ജനാധിപത്യരീതിയിലുള്ള നിയമസംവിധാനവും ജനാധിപത്യ ക്രമവുമുള്ള രാജ്യം എന്ന നിലയില്‍ ഇന്ത്യ ബഹുമാനിക്കപ്പെട്ടിരുന്നു.


എന്നാല്‍, അതാണ് പെഗാസസ് ആരോപണത്തില്‍ തകര്‍ന്നുവീണിരിക്കുന്നത്. ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടിരിക്കുന്നു എന്നും സര്‍ക്കാര്‍ പിന്തുണയുള്ള പൊലിസ്,മിലിറ്ററി സംവിധാനങ്ങള്‍ക്കു പൗരന്മാരുടെ ജീവിതത്തില്‍ എന്നും എവിടെയും എപ്പോഴും കടന്നുകയറാമെന്നും വേണ്ടിവന്നാല്‍ അവര്‍ക്കെതിരേ വ്യാജതെളിവുകള്‍ സൃഷ്ടിച്ചു അവരെ ഹിംസിക്കാമെന്നുമാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം രഹസ്യസംവിധാനങ്ങളെ ഡീപ് സ്റ്റേറ്റ് എന്ന പേരിലാണ് ഇംഗ്ലീഷില്‍ വിവരിക്കുന്നത്. ഭരണകൂടത്തിനപ്പുറമുള്ള, മറഞ്ഞിരിക്കുന്ന ഒരു മാരകശക്തിയാണത്. സാധാരണനിലയില്‍ ഒരു പൗരനെ തടവിലിടാനും വധിക്കാനുമുള്ള ഭരണകൂടത്തിന്റെ അവകാശങ്ങള്‍ നടപ്പില്‍ വരുത്തുന്നത് വ്യവസ്ഥാപിതമായ രീതിയിലാണ്. നിയമവും കോടതിയും വിചാരണയും അതിന്റെ ഭാഗമാണ്. എന്നാല്‍ ഏകാധിപത്യ ഭരണങ്ങളില്‍ അതല്ല സ്ഥിതി. അവിടെ പൗരനെ പിടിച്ചുകൊണ്ടുപോകാനും 'അപ്രത്യക്ഷനാക്കാനും' ഭരണകൂടത്തിന് ശേഷിയുണ്ട്. സോവിയറ്റ് യൂനിയനിലെ ഗുലാഗ് സംവിധാനവും ലാറ്റിന്‍ അമേരിക്കയിലെ ഇരുട്ടില്‍വരുന്ന ശക്തികളും ഹിറ്റ്‌ലറുടെ ജര്‍മനിയിലെ നാസി സംഘങ്ങളും അത്തരം ശക്തി പ്രയോഗിച്ചവരാണ്. സ്റ്റാലിന്റെ റഷ്യയിലും മാവോയുടെ ചൈനയിലും പിനോഷെയുടെ ചിലിയിലും പോള്‍പോട്ടിന്റെ കംബോഡിയയിലും അതൊരു ഭയാനകമായ യാഥാര്‍ഥ്യമായിരുന്നു. ലോകമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ് അവയെല്ലാം.


ഇന്ത്യ അത്തരത്തിലുള്ള ഒരു ഇരുണ്ട കാലത്തിലേക്കു നീങ്ങുകയാണോ? അത്തരം സ്ഥിതിഗതികള്‍ ഇപ്പോള്‍ത്തന്നെ കശ്മിരിലും പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമുണ്ട് എന്നത് നിഷേധിക്കപ്പെടാനാവാത്ത യാഥാര്‍ഥ്യമാണ്. സൈനിക പ്രത്യേകാവകാശ നിയമം മുതല്‍ ഇപ്പോള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന യു.എ.പി.എ അടക്കമുള്ള പല നിയമങ്ങളും സര്‍ക്കാരുകള്‍ക്കും അതിന്റെ ഏജന്‍സികള്‍ക്കും അമിതമായ അധികാരങ്ങള്‍ ഇപ്പോള്‍ത്തന്നെ നല്‍കുന്നുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കോടതികള്‍ മാത്രമാണ് പൗരന് ഒരേയൊരു രക്ഷ. പക്ഷേ കോടതികളില്‍നിന്ന് നീതി കിട്ടുകയെന്നത് ഇന്നത്തെ ഇന്ത്യയില്‍ എളുപ്പമുള്ള കാര്യമല്ല. പതിറ്റാണ്ടുകള്‍ കാത്തിരുന്നാലും കേസുകള്‍ വിചാരണ പൂര്‍ത്തിയാകാതെ ഇഴയുന്നു. വിചാരണത്തടവുകാരുടെ ജീവിതം ജയിലുകളില്‍ ഒടുങ്ങുന്നു.
അതാണ് ഇപ്പോള്‍ സുപ്രിംകോടതി ഈ കേസില്‍ എടുക്കുന്ന ശക്തമായ നടപടികളെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം. പൗരസമൂഹത്തിന്റെ നിലനില്‍പിനു തന്നെ ഭീഷണിയാകുന്നവിധം സര്‍ക്കാര്‍ സംവിധാനങ്ങള്‍ അമിതമായ അധികാരങ്ങള്‍ തട്ടിയെടുക്കുകയാണ്; അവയ്‌ക്കെതിരേ നിയമപരിരക്ഷ പോലും അസാധ്യമാകുന്ന അവസ്ഥയും നിലനില്‍ക്കുന്നു. അതിനിടയില്‍ തീര്‍ത്തും നിയമവിരുദ്ധമായ ഇടപെടല്‍ നടത്താനും അതിനെ കോടതികളുടെയും മാധ്യമങ്ങളുടെയും നിരീക്ഷണത്തില്‍നിന്നു മറച്ചുവയ്ക്കാനുമുള്ള ശേഷിയും അവര്‍ നേടുന്നു. നിയമവിരുദ്ധ ചെയ്തികളെ 'ദേശസുരക്ഷാ ഭീഷണി' എന്ന ഉമ്മാക്കി കാണിച്ചു സംരക്ഷിക്കാനാണ് സുപ്രിം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രയും കാലം ശ്രമിച്ചത്. നിയമവാഴ്ചയുടെ എല്ലാവിധ മര്യാദകളെയും അതിലംഘിക്കുന്ന നിലയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയി എന്ന് സുപ്രികോടതിയ്ക്കു തന്നെ ബോധ്യമായി എന്നാണ് വിഷയത്തില്‍ പ്രത്യേക അന്വേഷണം ഉത്തരവിട്ടുകൊണ്ട് കഴിഞ്ഞ ദിവസം കോടതി നല്‍കിയ ഉത്തരവില്‍നിന്ന് വ്യക്തമാകുന്നത്.


രണ്ടുമാസത്തിനകം അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് കോടതി നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഒരു ബെഞ്ച് നേരിട്ടു മേല്‍നോട്ടം വഹിക്കുന്ന അന്വേഷണത്തില്‍ വിദഗ്ധസമിതി അംഗങ്ങളായി നിയോഗിക്കാന്‍ കോടതി കണ്ടെത്തിയ പലരും അതിനു വിസമ്മതിച്ചു എന്നും ചിലര്‍ ഒഴികഴിവുകള്‍ പറഞ്ഞു ഒഴിഞ്ഞുമാറി എന്നും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തുകൊണ്ടാണ് രാജ്യത്തെ സംബന്ധിച്ച സുപ്രധാനമായ ഒരു അന്വേഷണത്തില്‍ ഭാഗഭാക്കാകാനുള്ള സുപ്രിംകോടതിയുടെ അഭ്യര്‍ഥനപോലും അവര്‍ തിരസ്‌കരിച്ചത്? താടിയുള്ളപ്പനെ അവര്‍ക്കു പേടിയാണ് എന്ന് മാത്രമേ അതില്‍നിന്ന് ഊഹിക്കാന്‍ സാധിക്കുകയുള്ളൂ. അതാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയെങ്കില്‍ എന്താണ് ഈ രാജ്യത്തിന്റെ ഭാവിയെന്ന് ആരും ആശങ്കപ്പെട്ടുപോകും.
എന്നാല്‍, ദേശസുരക്ഷയുടെ പേരില്‍ പൗരന്മാരുടെ ജീവിതംകൊണ്ട് പന്താടാനുള്ള താല്‍പര്യം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനോ അതിനെ നയിക്കുന്ന രാഷ്ട്രീയകക്ഷിക്കോ മാത്രമാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. പെഗാസസ് കേസില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെ കശക്കിയ അതേദിവസം തന്നെ കേരള നിയമസഭയില്‍ പ്രതിപക്ഷഅംഗം കെ.കെ രമ ഒരു ചോദ്യമുന്നയിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു എത്രപേര്‍ക്കെതിരേ യു.എ.പി.എ നിയമപ്രകാരം കേസെടുത്തു, അവരുടെ പേരുവിവരങ്ങളും കേസുകളുടെ വിശദാംശങ്ങളും; നിലവില്‍ യു.എ.പി.എ പ്രകാരം സംസ്ഥാനത്തെ വിചാരണത്തടവുകാരുടെ എണ്ണം, കേസുകളുടെ വിവരങ്ങള്‍; ഓരോരുത്തരും ഇതിനകം അനുഭവിച്ച ജയില്‍വാസം സംബന്ധിച്ച വിവരങ്ങള്‍ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്: 'ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഉള്‍പ്പെടുന്നതും പ്രത്യേക കോടതികളുടെ പരിഗണനയിലിരിക്കുന്നതുമായ പ്രതികളുടെ വിവരങ്ങള്‍ നല്‍കാന്‍ നിവൃത്തിയില്ല'. മൂന്നു ചോദ്യങ്ങള്‍ക്ക് ഒരേയൊരു ഉത്തരം. താടിയുള്ള അപ്പനും മുണ്ടുടുത്ത മോദിയും ഒരേപോലെ ചിന്തിക്കുന്നു; ഒരേപോലെ ഭരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  6 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  7 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  7 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  8 hours ago