മുല്ലപ്പെരിയാറില്‍ സുപ്രിംകോടതി 'ജലനിരപ്പ് 139.50 അടിയില്‍ കൂടരുത്'
നവംബര്‍ 11 വരെ ജലനിരപ്പ് മാറ്റേണ്ടതില്ലെന്ന മേല്‍നോട്ട സമിതി നിര്‍ദേശത്തിന് അംഗീകാരം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.50 അടിയില്‍ കൂടരുതെന്ന് സുപ്രിംകോടതി. ജലനിരപ്പ് മാറ്റേണ്ടതില്ലെന്ന മേല്‍നോട്ട സമിതിയുടെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിക്കൊണ്ടാണ് ഉത്തരവ്. ഇതംഗീകരിക്കാന്‍ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വ് പ്രകാരം 139.50 അടിയാണ് നിലവിലെ പരമാവധി ജലനിരപ്പ്. നവംബര്‍ 11ന് വീണ്ടും കേസ് പരിഗണിക്കുന്നതുവരെ ഇത് നിലനിര്‍ത്തും. ഓരോ മണിക്കൂറിലും ജലനിരപ്പ് വിലയിരുത്തി മാറ്റം വരുത്താമെന്നും കോടതി അറിയിച്ചു.
നിലവിലെ റൂള്‍ കര്‍വ് മാനദണ്ഡം അംഗീകരിക്കാന്‍ കഴിയില്ലെന്നും അത് തമിഴ്‌നാടിന്റെ താല്‍പര്യം അനുസരിച്ചുണ്ടാക്കിയതാണെന്നും കേരളം കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേരളത്തോട് ബെഞ്ച് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി വിശദമായ വാദം കേള്‍ക്കും.
മുല്ലപ്പെരിയാര്‍
ഇന്ന് തുറക്കും
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് രാവിലെ ഏഴ് മണിക്ക് തുറക്കും. സെക്കന്‍ഡില്‍ 28,000 ലിറ്റര്‍ വെള്ളം തുറന്നുവിടുമെന്നാണ് അനൗദ്യോഗിക വിവരം. ഇന്നലെ രാത്രി 8ന് 138.20 അടിയാണ് ജലനിരപ്പ്. സെക്കന്‍ഡില്‍ 3,108 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത് 2,300 ഘനയടിയാണ്.
തുറക്കുന്ന ഷട്ടറുകളുടെ എണ്ണമോ വെള്ളത്തിന്റെ അളവോ ഔദ്യോഗികമായി തമിഴ്‌നാട് പുറത്തുവിട്ടിട്ടില്ല. സ്പില്‍വേ ഷട്ടര്‍ സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭാഗിക വിലക്കുണ്ട്. വനം വകുപ്പ് തടസം നില്‍ക്കുന്നതായാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."