ഗുരുഗ്രാമില്‍ ശാന്തിയില്ല: ഇന്നും ജുമുഅയ്ക്കിടെ 'ജയ് ശ്രീറാം' വിളികളുമായി ആളുകളെത്തി, 30 പേര്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഭരണകൂടം അനുവദിച്ച സ്ഥലങ്ങളില്‍ ജുമുഅ നിസ്‌കാരം നടത്തുന്നതിനിടെ പ്രതിഷേധവുമായി ഹിന്ദുത്വം സംഘടനകള്‍ ഇന്നും രംഗത്തെത്തി. 'ജയ് ശ്രീറാം' അടക്കമുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് നിരവധി പേര്‍ നിസ്‌കാരസ്ഥലങ്ങളിലെത്തിയത്. കനത്ത പൊലിസ് ബന്ദവസിലായിരുന്ന സെക്ടര്‍ 12-എയില്‍ 30 പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
'എല്ലാം ശാന്തമാണിവിടെ. നിസ്‌കാരം മുടക്കാന്‍ ശ്രമിച്ചവരെ ഞങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചാഴ്ചകളായി അവരോട് സംസാരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. പക്ഷേ, അവര്‍ പൊടുന്നനെയുള്ള നീക്കമാണ് ഇന്നു നടത്തിയത്'- ഗുരുഗ്രാം എസ്.ഡി.എം അനിത ചൗധരി പറഞ്ഞു.
'37 നിര്‍ണിത സ്ഥലങ്ങളില്‍ ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിസ്‌കാരത്തിനായി മുഴുവന്‍ സുരക്ഷയും ഒരുക്കും'- അനിത ചൗധരി പറഞ്ഞു.
ഒരു സംഘം ആളുകള്‍ മുദ്രാവാക്യം വിളിച്ച് നിസ്‌കാരസ്ഥലത്ത് എത്തുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. 'ബന്ദ് കരോ, ബന്ദ് കരോ' (നിര്‍ത്തിവയ്ക്കൂ.. നിര്‍ത്തിവയ്ക്കൂ..) എന്ന മുദ്രാവാക്യം വിളിക്കുന്നതും കേള്‍ക്കാം.
കഴിഞ്ഞ കുറച്ചാഴ്ചകളായി വെള്ളിയാഴ്ചകളില്‍ ഗുരുഗ്രാമില്‍ ഇതാണ് സ്ഥിതി. ദിനേശ് ഭാരതി നയിക്കുന്ന ഭാരത് മാത വാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് തടസ്സം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് ക്ലാരിയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബര്‍ 15) ഭാരതിയും സംഘവും റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആളുകളേയും കൂട്ടിയാണ് നിസ്‌ക്കാരം നടക്കുന്ന സ്ഥലത്തെത്തിയത്. ലൗഡ് സ്പീക്കറുകളും പോസ്റ്ററുകളുമൊക്കെയായാണ് ഇവര്‍ എത്തിയത്. നിസ്‌ക്കാരം നടക്കുന്നതിനിടെ ഇവര്‍ മുദ്രാവാക്യം മുഴക്കുകയും ഒച്ചയിടുകയും ചെയ്തു- റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനെതിരെ പ്രതിഷേധം ശക്തമായ ശേഷം മാത്രമാണ് പൊലിസ് സുരക്ഷാ സന്നാഹമൊരുക്കിയതും ബാരിക്കേഡുകള്‍ സ്ഥാപിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് മാത്രമാണ് പ്രദേശത്തേക്ക് സ്ത്രീകളുള്‍പ്പെടെ ചേര്‍ന്ന് നടത്താന്‍ തീരുമാനിച്ച റാലി തടയാന്‍ കഴിഞ്ഞതെന്നും ക്ലാരിയോണ്‍ പറയുന്നു.
പൊതുസ്ഥലങ്ങളിലെ നിസ്‌കാരം നിരോധിക്കണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. പൊതുഇടങ്ങളില്‍ നിസ്‌കരിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. മുസ്ലിം ജനസംഖ്യയിലെ പ്രദേശത്ത് കുറ്റ കൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
'അവര്‍ പള്ളിയില്‍ പോയി നിസ്‌ക്കരിക്കട്ടെ'- സുനില്‍ യാദവ് എന്നയാള്‍ പറയുന്നു. പ്രാര്‍ഥന നിര്‍വ്വഹിച്ച ശേഷം അവര്‍ ഇവിടങ്ങളില്‍ കറങ്ങി നടക്കും. ഇവിടെ കളവ് വര്‍ധിക്കുന്നു. മാത്രമല്ല. കുട്ടികളെ സ്‌കൂളില്‍ നിന്നും മറ്റും കൊണ്ടുവരാന്‍ പോകുന്ന സ്ത്രീകള്‍ക്ക് ഇവരെ ഭയമാണ്. ആരാണ് ഇവര്‍. എവിടെ നിന്നാണ് ഇവര്‍ വരുന്നത്- ഇയാള്‍ ചോദിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പൊലിസ് നിഷേധിക്കുന്നു. യാതൊരു സുരക്ഷാ പ്രശ്നങ്ങളും ഇവിടെയില്ല. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണിതെന്നും അമന്‍ യാദവ് (അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍) പറയുന്നു.
2018ലാണ് ഇവിടെ നിസ്‌കരിക്കാന്‍ നിയമപരമായ അനുമതി ലഭിക്കുന്നത്. ഭാരതിയും സംഘവും നിസ്‌ക്കാരത്തിന് തടസ്സം സൃഷ്ടിച്ചതോടെ സ്ഥലത്തെ മുസ്ലിം സമുദായത്തിന്റെ പ്രതിനിധികള്‍ അനുമതി തേടുകയായിരുന്നു. പ്രദേശത്ത് ആവശ്യാനുസൃതം പള്ളികള്‍ ഇല്ലാത്തതിനാലാണ് ഇവര്‍ പൊതു സ്ഥലത്ത് ജുമുഅ സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."