എം.ജിയില്‍ നാടന്‍പാട്ടു മത്സരം
കോട്ടയം: ഓണത്തോട് അനുബന്ധിച്ച് എം.ജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ് സര്‍വീസസും സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സും ചേര്‍ന്നു നാടന്‍പാട്ടു മത്സരം സംഘടിപ്പിക്കുന്നു. മുക്കുറ്റിയെന്ന് പേരിട്ടിരിക്കുന്ന അഖില കേരളതലത്തില്‍ സംഘടിപ്പിക്കുന്ന മത്സരം 30,31 തീയതികളില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ കാവാലംതുരുത്തിലാണ് നടക്കുക.
30നു രാവിലെ പത്തിന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ മത്സരം ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ. വി.സി ഹാരിസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കര്‍ഷകരെ രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണി ആദരിക്കും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ് സര്‍വീസസ് ഡയറക്ടര്‍ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ, കോ- ഓര്‍ഡിനേറ്റര്‍ ഡോ. അജു നാരായണന്‍ എന്നിവര്‍ സംസാരിക്കും. 31 ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പി.വി.സി ഡോ. ഷീന ഷുക്കൂര്‍ വിജയികള്‍ക്ക് സമ്മാനം കൈമാറും.
നാട്ടറിവു ശേഖരണവും അവതരണവുമാണ് മത്സരത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് 15000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 10000 രൂപയും മുന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും നല്‍കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."