സി.എച്ച് ചരിത്രത്തിന് മറക്കാനാവാത്ത മഹാ വ്യക്തിത്വം: ഡോ. ശശി തരൂര്‍ എംപി
ദുബൈ: ഭരണാധികാരി, എഴുത്തുകാരന്‍, വാഗ്മി, വിദ്യാഭ്യാസ പരികര്‍ത്താവ്, സാമുദായിക സൗഹാര്‍ദത്തിന്റെ വക്താവ് എന്നീ നിലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച മഹാ വ്യക്തിത്വമായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്ന് ഡോ. ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. ഏറെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയാണ് അദ്ദേഹം മറഞ്ഞു പോയതെന്നും അതെല്ലാം കേരള ചരിത്രത്തിന് ഒരിക്കലും മറക്കാന്‍ പറ്റാത്ത അമൂല്യ നിധികളാണെന്നും ശശി തരൂര്‍ പറഞ്ഞു. ദുബൈകോഴിക്കോട് ജില്ലാ കെഎംസിസി ദേര ക്രൗണ്‍ പഌസ ഹോട്ടലില്‍ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടിയില്‍ സി.എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം ദുബൈ ഭരണ കുടുംബാംഗം ശൈഖാ ഷംസ ബിന്‍ത് റാഷിദ് അല്‍ മക്തൂമില്‍ നിന്നും സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈകോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറി കെ.പി മുഹമ്മദ് സ്വാഗതം പറഞ്ഞു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.പി മൊയ്തീന്‍ കോയ ഹാജി അധ്യക്ഷത വഹിച്ചു.
യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ് സ്ഥാപിച്ചത് സി.എച്ച് മുഹമ്മദ് കോയയാണ്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (കുസാറ്റ്) സ്ഥാപിച്ചതും സിഎച്ച് തന്നെ. വിദ്യാഭ്യാസ മേഖലയില്‍ വിപഌകരമായ പരിവര്‍ത്തനങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്. ഹൈ സ്‌കൂള്‍ വരെയുള്ള നിര്‍ബന്ധിത വിദ്യാഭ്യാസം സൗജന്യമാക്കിയത്, വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് കൗണ്‍സിലിലും സെനറ്റിലും സിന്‍ഡികേറ്റിലും സ്ഥാനങ്ങള്‍ നല്‍കിയത് തുടങ്ങി നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും നടപ്പാക്കിയത് അദ്ദേഹമായിരുന്നു. എനിക്ക് പ്രത്യേകമായി അദ്ദേഹത്തോടുള്ള താല്‍പര്യം, സാഹിത്യ മേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളാണ്. 9 പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീരികരിച്ചു. അതില്‍ ഏഴെണ്ണവും യാത്രാ വിവരണങ്ങളാണ്.
രാഷ്ട്രീയമായിരുന്നില്ല. ഒരു പുസ്തകം നിയമസഭ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ചുള്ളതാണ്. മുസ്‌ലിം ഭരണാധികാരികളുടെ കഥകളടങ്ങിയ മറ്റൊരു പുസ്തകമുണ്ട്. അതിനെ കുറിച്ച് എനിക്ക് നേരത്തെ അറിവുണ്ടായിരുന്നില്ല. അതില്‍ എനിക്ക് വളരെ താല്‍പര്യമുണ്ട്. ആ പുസ്തകം ഇംഗഌഷിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. കാലിക്കറ്റ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സ്ഥാപിച്ചത് സിഎച്ചായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍, വിശേഷിച്ചും സ്ത്രീകളുടെ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമായിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നോക്കിയാല്‍, വിദ്യാഭ്യാസ രംഗത്ത് ഒരു ജെന്‍ഡര്‍ ഗ്യാപ്പുണ്ട്. ഇന്ത്യയിലെ പുരുഷന്മാര്‍ സാക്ഷരരാണ്. എന്നാല്‍, സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 10 വര്‍ഷം മുന്‍പ് വരെ 23 ശതമാനമായിരുന്നു. കേരളത്തില്‍ ആ പ്രശ്‌നമില്ലാത്തതിന് ഒരാള്‍ക്ക് മാത്രമാണ് ക്രെഡിറ്റ് നല്‍കേണ്ടത്, സിഎച്ച് മുഹമ്മദ് കോയ സാഹിബിന്. ഇപ്പോള്‍ സ്ത്രീപുരുഷ സാക്ഷരതാ നിരക്ക് വ്യത്യാസമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്. മറ്റു സംസ്ഥാനങ്ങളില്‍ മുസ്‌ലിം, നോണ്‍ മുസ്‌ലിം സ്ത്രീ സാക്ഷരത നോക്കിയാല്‍, മുസ്‌ലിം സ്ത്രീകള്‍ വളരെ പിറകിലാണെന്ന് കാണാം. എന്നാല്‍, കേരളത്തില്‍ അത് സമമാണ്. ഉത്തരേന്ത്യയില്‍ മുസ്‌ലിം സ്ത്രീകള്‍ വീടിന് പുറത്ത് പോയി വിദ്യാഭ്യാസം നേടല്‍ അപൂര്‍വ സംഭവമാണ്. എന്നാല്‍, സിഎച്ചിന്റെ കാലം മുതല്‍ കേരളത്തില്‍ സ്ത്രീ വിദ്യാഭ്യാസം വിപഌാത്മകമായി മുന്നേറി. സ്വന്തം സമുദായത്തിന് ശക്തിയുണ്ടാവണമെന്ന് വാദിച്ചപ്പോഴും, ഇതര സമുദായങ്ങള്‍ക്കും ശക്തിയുണ്ടാവണമെന്ന് അദ്ദേഹം താല്‍പര്യപ്പെട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി അദ്ദേഹം ശക്തമായി നിലകൊണ്ടു, അത് പ്രവൃത്തിപഥത്തിലെത്തിച്ചു. പെണ്‍കുട്ടികള്‍ക്കുള്ള സിഎച്ച് മുഹമ്മദ് കോയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനെ കുറിച്ച് ഇപ്പോള്‍ ഓര്‍ത്തു പോവുകയാണ്.
സിഎച്ചിന്റെ പേരില്‍ കേരളത്തിലുടനീളം ഇന്ന് അഭിമാനകരമായ സ്ഥാപനമുണ്ട്. സിഎച്ച് മുഹമ്മദ് കോയ ചാരിറ്റബ്ള്‍ സെന്റര്‍ ആണത്. കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും പാവങ്ങള്‍ക്ക് അത്താണിയും സാന്ത്വനവുമായി സിഎച്ച് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം ആര്‍സിസിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി സിഎച്ച് സെന്റര്‍ ഇന്ന് പ്രശസ്തമായിരിക്കുന്നു. ഒരു നേതാവിനെ ഈ വിധത്തില്‍ സ്മരിക്കാനാകുന്നതും മഹത്തായ കാര്യം തന്നെയാണ്.
സിഎച്ചിനെ കുറിച്ച് മറ്റൊരു സുപ്രധാന കാര്യം പറയാനുള്ളത്, അദ്ദേഹം സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദത്തിന്റെ പാലം തീര്‍ത്ത വ്യക്തിത്വമായിരുന്നു എന്നതാണ്. ഈ പരിപാടി ഉദ്ഘാടനം ചെയ്ത മഹ്മൂദ് അല്‍ ബസ്തകി പറഞ്ഞത് പോലെ, മസ്ജിദിനടുത്ത് അമ്പലം നിര്‍മിച്ച ദുബൈ ഭരണാധികാരി മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളയാളാണ്. കേരളത്തില്‍ പാണക്കാട് ശിഹാബ് തങ്ങളും ആ കണ്ണിയിലെ അംഗമാണ്. സിഎച്ചും അതിനെ ഊര്‍ജിതപ്പെടുത്തിയ മഹനീയ വ്യക്തിയാണ്. അത് ഇസ്‌ലാമിന്റെ മഹിതമായ ആശയ പിന്‍ബലത്തില്‍ നിന്നുള്ള നല്ല പ്രവൃത്തി കൂടിയാണ്. മുഹമ്മദ് നബിയുടെ ജീവിത കാലത്ത് തന്നെ കേരളത്തില്‍ ഇസ്‌ലാമുണ്ട്. എന്നാല്‍, അതിനും മുന്‍പ് അറേബ്യന്‍ രാജ്യങ്ങളുമായി കേരളത്തിന് വാണിജ്യ ബന്ധമുണ്ട്. ആ ബന്ധത്തില്‍ നിന്നാണ് സഊദി അറേബ്യയിലെ പ്രവാചക തിരുമേനിയെ കുറിച്ച് ചേരമാന്‍ പെരുമാളിന് അറിവ് ലഭിച്ചത്. നബിയെ കാണാന്‍ ഉല്‍ക്കടമായ ആഗ്രഹമുണ്ടായ ചേരമാന്‍ പെരുമാള്‍, പ്രവാചകനെ കണ്ട് തിരിച്ചു വരുന്നതിനിടക്ക് അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചു മരിച്ചു. യാത്രക്കിടെ നാട്ടിലെ സമ്മാനമായി തെങ്ങിന്‍ തൈകള്‍ അദ്ദേഹം കരുതിയിരുന്നുവെന്നാണ് ഒമാനില്‍ തെങ്ങുകള്‍ ഇന്ന് കാണുന്നതിന്റെ സൂചനയായി മനസ്സിലാക്കേണ്ടത്. അപ്പോള്‍ പറഞ്ഞു വരുന്നത്, സ്വന്തം സമുദായം ശക്തിപ്പെടുമ്പോള്‍ മറ്റു സമുദായങ്ങളെ താഴ്ത്തരുതെന്ന ഇസ്‌ലാമിക സന്ദേശം കൂടിയാണ് സിഎച്ച് നടപ്പാക്കിയതെന്നാണ്. അത് സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. സാമുദായിക സൗഹാര്‍ദത്തിന്റെ ഉന്നതനായ വക്താവ് കൂടിയായിരുന്നല്ലോ സിഎച്ച്. അതുകൊണ്ടാണ്, അദ്ദേഹത്തിന്റെ പേരിലെ 'സിഎച്ച്എം' എന്നത് ക്രിസ്ത്യന്‍, ഹിന്ദ ു, മുസ്‌ലിം മൈത്രീ സംഗമ വാക്കായി വായിക്കാനാകുന്നത് എന്നത് ഈ സന്ദര്‍ഭത്തില്‍ പറയാനാഗ്രഹിക്കുന്നു. അതോടൊപ്പം, ആ മൈത്രിക്ക് കോട്ടം തട്ടിക്കാന്‍ ഇന്ന് നമ്മുടെ ഇന്ത്യാ മഹാ രാജ്യത്തും ചിലര്‍ കച്ച കെട്ടിയിറങ്ങുന്നത് കാണാന്‍ നാം വിധിക്കപ്പെട്ടിരിക്കുന്നുവെന്നും സങ്കടത്തോടെ പറയേണ്ടി വരുന്നു. മുസ്‌ലിംകളെ ഇന്ന് ആക്ഷേപിക്കാന്‍ വടക്കേ ഇന്ത്യയില്‍ ചിലര്‍ ശ്രമിക്കുന്നത് വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. ആളും അര്‍ത്ഥവും പബഌസിറ്റിയുമുള്ള ചിലര്‍ നടത്തുന്ന ഈ ദുഷ്ട വൃത്തി നിര്‍ഭാഗ്യകരമാണ്. ചില മാധ്യമങ്ങളും അതിനെ പിന്തുണക്കുന്നു. ഈയിടെ നടന്ന ഇന്ത്യാപാക്ക് ക്രിക്കറ്റില്‍ മുഹമ്മദ് ഷെമിയെന്ന കളിക്കാരനെ ആക്ഷേപിച്ചതും നാം കേട്ടു. മുസ്‌ലിമായതു കൊണ്ടാണ് ഷെമി പാക്കിസ്താനെ ജയിപ്പിച്ചത് എന്നെല്ലാമുള്ള വൃത്തികേടും വര്‍ഗീയതയും ഒരു നാണവുമില്ലാതെ വിളമ്പുകളാണിവര്‍. കോലി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആക്ഷേപമില്ല, മുഹമ്മദ് ഷെമിക്ക് മാത്രം അത് എന്നത് മുസ്‌ലിമായതു കൊണ്ടു മാത്രമാണ്. അത്തരം വര്‍ഗീയ നീക്കങ്ങളെ നാം ധൈര്യത്തോടെ എതിര്‍ക്കണം. ഒരു പാക്കിസ്താന്‍ നേതാവ് ഇത് ഇസ്‌ലാമിന്റെ വിജയമാണ് എന്ന് പറഞ്ഞാല്‍ അതിനെയും നാം എതിര്‍ക്കും. കാരണം, ഇത് മതത്തിന്റെ വിജയമല്ല, ക്രിക്കറ്റിന്റെ വിജയമാണ്. നന്നായി കളിച്ചതു കൊണ്ടാണ് വിജയം നേടാനായത് എന്നതാണ് സത്യം. എല്ലാറ്റിലും മതം കൊണ്ടു വന്ന് ഭിന്നിപ്പിക്കുന്ന രീതി ഇന്ന് എമ്പാടുമുണ്ട്. അത് ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ സംഭവിക്കും. എല്ലാ സമുദായങ്ങളും മനുഷ്യത്വമെന്ന ഒറ്റ സമൂഹമായി മുന്നോട്ടു പോകണം. സിഎച്ചില്‍ നിന്നും നാം പഠിക്കേണ്ട പാഠം അതാണ്. ആ മഹത്തായ പാരമ്പര്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് നാം മുന്നോട്ടു പോകുമെന്ന ദൃഢനിശ്ചയം സ്വീകരിക്കേണ്ട സന്ദിഗ്ധ സന്ദര്‍ഭമാണിതെന്നും ശശി തരൂര്‍ ഓര്‍മിപ്പിച്ചു.
ഹാഫിള് ഡോ. ഹസം ഹംസയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി ഡിപി വേള്‍ഡ് ഡിപി ട്രേഡ് സിഒഒ മഹ്മൂദ് അല്‍ബസ്തകി ഉദ്ഘാടനം ചെയ്തു. സിഎച്ചിന്റെ പുത്രനും മുസ്‌ലിം ലീഗ് നേതാവുമായ ഡോ. എം.കെ മുനീര്‍ എംഎല്‍എ, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സിഎച്ച് അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി, ഡബഌുഎംഒ ജന.സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍, റിയാസ് ചേലേരി, കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍, ഡോ. സുബൈര്‍ ഹുദവി എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും വാഗ്മിയുമായ ഷാഫി ചാലിയം സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഇസിഎച്ച് സാരഥി തമീം അബൂബക്കറിന് ശശി തരൂര്‍ സമ്മാനിച്ചു. റിയാസ് ചേലേരിയെ (സാബീല്‍ പാലസ്) എക്‌സലന്‍സ് അവാര്‍ഡ് നല്‍കിയും; എ.എ.കെ ഗ്രൂപ് എംഡി എ.എ.കെ മുസ്തഫ, എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ് എംഡി ജമാദ് ഉസ്മാന്‍, കെന്‍സ ഗ്രൂപ് എംഡി ഡോ. ശിഹാബ് ഷാ എന്നിവരെ ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയും; ഡോ. ഫാത്തിമത്തുല്‍ നസീഹ അഹമ്മദ് ബിച്ചിയെ വിദ്യാഭ്യാസ പ്രോല്‍സാഹന പുരസ്‌കാരം നല്‍കിയും ശശി തരൂര്‍ ആദരിച്ചു. ജില്ലാ കെഎംസിസിയുടെ വിദ്യാഭ്യാസ പദ്ധതിയായ എജുടച്ച് സ്‌കോളര്‍ഷിപ് ബ്രോഷര്‍ പ്രകാശനം എം.കെ മുനീര്‍ നിര്‍വഹിച്ചു. ഹംസ കാവില്‍ ചടങ്ങില്‍ നന്ദി പറഞ്ഞു. ജില്ലാ കെഎംസിസിയുടെ വിവിധ പദ്ധതികള്‍ കെ.പി മുഹമ്മദ് വിശദീകരിച്ചു.
ദുബൈ കെഎംസിസി നേതാക്കളായ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഇസ്മായില്‍ അരൂക്കുറ്റി, പി.കെ ഇസ്മായില്‍, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കര്‍, ഹസ്സന്‍ ചാലില്‍; ജില്ലാ നേതാക്കളായ ഹംസ പയ്യോളി, അബൂബക്കര്‍ മാസ്റ്റര്‍, തെക്കയില്‍ മുഹമ്മദ്, എം.പി അഷ്‌റഫ്, മുഹമ്മദ് മൂഴിക്കല്‍, വി.കെ.കെ റിയാസ്, മൂസ കൊയമ്പ്രം, അഹമ്മദ് ബിച്ചി, ഇസ്മായില്‍ ചെരിപ്പേരി, അഷ്‌റഫ് ചമ്പോളി, അബ്ദുല്‍ മജീദ് കൂനഞ്ചേരി, മുഹമ്മദ് ശരീഫ്, റാഷിദ് കിഴക്കയില്‍, അഷ്‌റഫ് പള്ളിക്കര, അബ്ദുല്ല വലിയാണ്ടി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആസിഫ് കാപ്പാട്, യൂസുഫ് കാരക്കാട് എന്നിവര്‍ ഇശല്‍ വിരുന്ന് അവതരിപ്പിച്ചു. ഖാദര്‍കുട്ടി നടുവണ്ണൂരും മേഘയും അവതാരകരായിരുന്നു. ഷബീര്‍ കീഴൂര്‍ ഏകോപനം നിര്‍വഹിച്ചു. അസീസ് സുല്‍ത്താന്‍, ഷഫീല്‍ കണ്ണൂര്‍, ജലീല്‍ മശ്ഹൂര്‍ തങ്ങള്‍, റയീസ് കോട്ടക്കല്‍, ജാഫര്‍ കൊയിലാണ്ടി, സാദിഖ് എരമംഗലം എന്നിവര്‍ പ്രൊഡക്ഷന്‍ ടീം അംഗങ്ങളായിരുന്നു. ജില്ലാ വളണ്ടിയര്‍ ടീമിന്റെ സേവനം ശ്ാളഘനീയമായിരുന്നു. ജില്ലാമണ്ഡലംമുനിസിപ്പല്‍പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന മികവുറ്റ പ്രവര്‍ത്തന ഫലമായി നൂറുകണക്കിനാളുകളാണ് അവധി ദിവസമല്ലാതിരുന്നിട്ടു കൂടി പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയത്.
ലോകം ചലിപ്പിക്കുന്നത് ഇന്ത്യക്കാര്‍: മഹ്മൂദ് അല്‍ ബസ്തകി
'സിഎച്ച് സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന മഹാ വ്യക്തിത്വം'
ദുബൈ: ലോകക്രമത്തില്‍ കോര്‍പറേറ്റ് കമ്പനികളുടെ വാണിജ്യപരവും വ്യാവസായികവുമായ ബുദ്ധികേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇന്ത്യക്കാരാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ലെന്ന് ഡിപി വേള്‍ഡ് സിഒഒ മഹ്മൂദ് അല്‍ ബസ്തകി. ദുബൈകോഴിക്കോട് ജില്ലാ കെഎംസിസി ആഭിമുഖ്യത്തില്‍ ദേര ക്രൗണ്‍ പഌസ ഹോട്ടലില്‍ സംഘടിപ്പിച്ച സിഎച്ച് അനുസ്മരണരാഷ്ട്ര സേവാ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക രാഷ്ട്ര നേതാക്കളോട് 'ഹൂ ഈസ് ദി ഇന്‍ ചാര്‍ജ് ഓഫ് ദി വേള്‍ഡ്' എന്ന ചോദ്യമുന്നയിച്ചാല്‍ ഓരോരുത്തരും ഓരോ രാജ്യങ്ങളെ ചൂണ്ടിക്കാട്ടി മറുപടി പറഞ്ഞെന്നിരിക്കും. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചാല്‍ ലോകത്തെ ഉന്നത കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യക്ക ാരാണെന്ന് അനായാസം പറയാനാകും. ഗൂഗ്ള്‍, മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങി നിരവധി വമ്പന്‍ കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യക്കാരാണെന്ന് പറയാനാകും. മാത്രമല്ല, അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളിലെ ഭരണ രംഗത്തും ഇന്ത്യന്‍ സാന്നിധ്യം പ്രകടമാണ്. ഇത്തരത്തില്‍ ലോകത്തെ ചലിപ്പിക്കുന്നത് തന്നെ ഇന്ത്യക്കാരാണെന്ന് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കും യുഎഇക്കുമിടയില്‍ നീണ്ട കാലത്തെ ബന്ധങ്ങളുണ്ട്. പ്രത്യേകിച്ചും, കേരളത്തിലെ ജനങ്ങളുമായി. ഇമാറാത്തികളെയും കേരളക്കാരെയും നോക്കൂ. കാണാന്‍ തന്നെ ഒരു പോലെയിരിക്കുന്നു. ദുബൈയുമായും ഇന്ത്യക്ക് അടുത്ത ബന്ധമുണ്ട്. ഒരു കാലത്ത് ഇവിടത്തെ കറന്‍സി ഇന്ത്യന്‍ രൂപയായിരുന്നു. യുഎഇ ജനങ്ങള്‍ കേരളീയ വിഭവങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നു. കീമ പൊറോട്ട പ്രസിദ്ധമാണ്. എരിവുള്ള ഭക്ഷണത്തിന് പേരു കേട്ടവരാണ് മലയാളികള്‍. എനിക്കൊരുപാട് മലയാളികള്‍ സുഹൃത്തുക്കളായുണ്ട്.
ഡിപി വേള്‍ഡിന് ഇന്ത്യയില്‍ നിരവധി പദ്ധതികളുണ്ട്. കൊച്ചിയിലും ചെന്നെയിലും മുംബൈയിലും ഡിപി വേള്‍ഡിന്റെ നിക്ഷേപങ്ങളുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ക്ക് പ്രത്യേക കെമിസ്ട്രിയുണ്ട്. ഇതിന് നൂറ്റാണ്ടുകള്‍ കൊണ്ടുണ്ടായ അടിസ്ഥാനമാണുള്ളത്. അതുകൊണ്ടു തന്നെയാണ് ദുബൈ ഭരണാധികാരി ഇവിടെ മസ്ജിദിനോട് ചേര്‍ന്ന് ക്ഷേത്രവും പണിതിട്ടുള്ളത്. ഇവിടെ മുസ്‌ലിംകളെ മാത്രമല്ല, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മറ്റു മതസ്ഥരെയും ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണുള്ളത്. ഇവിടെ വിവിധ മതങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും ശാന്തിയും സമാധാനവും ദര്‍ശിക്കാന്‍ കഴിയും. ഞാന്‍ ഓര്‍ക്കുന്നു, കുട്ടിയായിരുന്ന കാലത്ത് എന്റെ വീടിനടുത്ത് ഒരു ഇന്ത്യക്കാരി അവരുടെ വീട്ടില്‍ ചെറിയ സ്‌കൂള്‍ തുടങ്ങിയത്. അല്‍ ബസ്തകിയാ എന്ന ക്രീക്കിനോട് ചേര്‍ന്ന സ്ഥലമായിരുന്നു അത്. അവര്‍ തുടങ്ങി വെച്ച ആ കൊച്ചു സ്ഥാപനമാണ് പിന്നീട് വര്‍ക്കി ഗ്രൂപ്പായി വളര്‍ന്നത്.
ഇന്ത്യക്കാര്‍ ദുബൈ എന്ന നാടിനെ ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇതിലൂടെ ബന്ധങ്ങളുടെ സൗന്ദര്യത്തെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഡോ. ശശി തരൂരിനെ പോലുള്ള പ്രതിഭക്ക് അവാര്‍ഡ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ രചനകള്‍ കാലിക പ്രസക്തവും മഹത്തരവുമാണ്. എത്ര മനോഹരവും ചിന്തോദ്ദീകപവുമാണ് ആ ഭാഷ!
സിഎച്ച് മുഹമ്മദ് കോയ എന്ന പ്രതിഭാ സമ്പന്നനായ നേതാവിനെ സ്മരിക്കുന്ന സമ്മേളനമാണിത്. കേരളീയ സമൂഹത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന മഹാ വ്യക്തിത്വം. ആ നേതാവിനെ ഞാനും ഇവിടെ സ്‌നേഹപൂര്‍വം ഓര്‍ക്കുകയാണ്. നാളെ പരലോകത്ത് അള്ളാഹു അദ്ദേഹത്തിന് നല്ലൊരു ജീവിതം പ്രദാനം ചെയ്യട്ടെയെന്നും നമ്മെയും അദ്ദേഹത്തെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു ചേര്‍ക്കട്ടെയെന്നും ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം വികാര നിര്‍ഭരമായ ഉദ്ഘാടന പ്രസംഗം ഉപസംഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."